കൊച്ചി : ഹൈലൈറ്റ് ഗ്രൂപ്പിന്റെ പ്രീമിയം മൾട്ടിപ്ലക്സ് ബ്രാൻഡായ പലാക്സി സിനിമാസിന് തുടർച്ചയായ രണ്ടാം വർഷവും ദേശീയതല അംഗീകാരം. സിനിമാ എക്സിബിഷൻ രംഗത്തെ പ്രമുഖ പുരസ്കാരമായ ഐമാക്സ് ബിഗ് സിനി അവാർഡ്സ് 2026-ൽ “ബെസ്റ്റ് സിനിമാ തിയേറ്റർ – ടയർ 2 സിറ്റി” പുരസ്കാരം പലാക്സി സിനിമാസ് സ്വന്തമാക്കി. 2025-ൽ പലാക്സി സിനിമാസ് കോഴിക്കോടിന് ലഭിച്ച പുരസ്കാരം, ഇത്തവണ പലാക്സി സിനിമാസ് തൃശൂരിനാണ് ലഭിച്ചത്. ചെന്നൈ ട്രേഡ് സെന്ററിൽ നടന്ന ഒൻപതാമത് ബിഗ് സിനി എക്സ്പോ 2026 വേദിയിലായിരുന്നു പുരസ്കാര വിതരണം. പുരസ്കാര നേട്ടത്തിനൊപ്പം 2030-ഓടെ 250 സ്ക്രീനുകൾ നിർമ്മിക്കാൻ ലക്ഷ്യമിടുന്ന ‘മിഷൻ 250’ പദ്ധതിക്കും കമ്പനി തുടക്കമിട്ടു. ഈ പദ്ധതിയിലൂടെ ആധുനിക പ്രൊജക്ഷൻ-സൗണ്ട് സാങ്കേതികവിദ്യ, ലോകോത്തര ആംബിയൻസ്, ഫുഡ് & ബെവറേജ് സേവനങ്ങൾ എന്നിവയോടെ കേരളത്തിലെ ടയർ 2, 3 നഗരങ്ങളിലേക്കും പ്രീമിയം സിനിമാ തിയേറ്റർ അനുഭവം വ്യാപിപ്പിക്കുമെന്ന് ഹൈലൈറ്റ് മാൾസ് & റീട്ടെയ്ൽ സിഇഒ മുഹമ്മദ് ഫവാസ് വ്യക്തമാക്കി.

