Society Today
Breaking News

തിരുവനന്തപുരം: മേയ് 19 വരെ എ ഐ ക്യാമറകള്‍ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് പിഴയീടാക്കില്ലെന്ന് ഗതാഗത മന്ത്രി ആന്റണിരാജു പറഞ്ഞു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറ ഉള്‍പ്പെടുന്ന ഡിജിറ്റല്‍ എന്‍ഫോഴ്‌സ്‌മെന്റ് പദ്ധതിയുടെയും പിവിസി പെറ്റ്ജി കാര്‍ഡ് ഡ്രൈവിംഗ് ലൈസന്‍സുകളുടെയും ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ കാലയളവ് ബോധവത്ക്കരണ മുന്നറിയിപ്പ് മാസമായി ആചരിക്കും. ഈ സമയം നിയമം ലംഘിക്കുന്നവരുടെ മൊബൈലില്‍ ഇതേക്കുറിച്ച് സന്ദേശമെത്തും. നിയമലംഘനത്തിന്റെ പിഴ എത്രയാണെന്ന അറിയിപ്പുമുണ്ടാവും. ഇപ്പോള്‍ എ. ഐ ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ നിന്ന് മറ്റൊരിടത്തേക്ക് ആവശ്യമെങ്കില്‍ വേഗത്തില്‍ മാറ്റി സ്ഥാപിക്കാന്‍ കഴിയും.ഡ്രൈവിംഗ് ലൈസന്‍സ് കാര്‍ഡുകള്‍ സ്മാര്‍ട്ട് ആകുന്നതുപോലെ ആര്‍ സി ബുക്കുകളും സ്മാര്‍ട്ട് കാര്‍ഡുകളാക്കുമെന്ന് മന്ത്രി പറഞ്ഞു.

മേയ് മുതല്‍ ഇത് നടപ്പാകും. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. റോഡുകള്‍ മെച്ചപ്പെടുന്ന സാഹചര്യത്തില്‍ വാഹനങ്ങളുടെ നിലവില്‍ നിശ്ചയിച്ചിട്ടുള്ള വേഗത ഉയര്‍ത്തുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിക്കും. ഇപ്പോള്‍ കൈവശമുള്ള ലൈസന്‍സുകള്‍ സ്മാര്‍ട്ട് കാര്‍ഡുകളാക്കി മാറ്റാം. ഇതിനായി ഒരു വര്‍ഷത്തിനുള്ളില്‍ അപേക്ഷിക്കുന്നവര്‍ 200 രൂപയും പോസ്റ്റല്‍ ചാര്‍ജും അടച്ചാല്‍ മതി. അതിനു ശേഷം ഡ്യൂപ്ലിക്കേറ്റ് കാര്‍ഡ് എടുക്കുന്നതിനുള്ള 1200 രൂപയും പോസ്റ്റല്‍ ചാര്‍ജും അടയ്‌ക്കേണ്ടി വരും.ഇരുചക്ര വാഹനങ്ങളില്‍ രണ്ടിലധികം പേര്‍ യാത്ര ചെയ്യരുതെന്നത് കേന്ദ്ര നിയമമാണ്. ഇതില്‍ മാറ്റം വരുത്താനുള്ള അധികാരം സംസ്ഥാനത്തിനില്ല. അമിത വേഗത കണ്ടെത്താനുള്ള നാലു മൊബൈല്‍ യൂണിറ്റുകളും നിരത്തിലെത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കേന്ദ്രം നിശ്ചയിച്ചിരിക്കുന്ന പിഴ തുകയേക്കാള്‍ കുറവാണ് സംസ്ഥാനം ഈടാക്കുന്നത്.കേരളത്തില്‍ 2007 ല്‍ 40 ലക്ഷം വാഹനം ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ 1.67 കോടി വാഹനങ്ങളുണ്ട്. ഒരു വര്‍ഷം ശരാശരി 40,000 വാഹനാപകടങ്ങള്‍ ഉണ്ടാകുന്നു. ഇതില്‍ 4000 മരണം സംഭവിക്കുന്നുണ്ട്. 58 ശതമാനവും ഇരുചക്ര വാഹന യാത്രികരാണ്. 25 ശതമാനം കാല്‍നടയാത്രക്കാരാണ്. ഹെല്‍മെറ്റും സീറ്റ്‌ബെല്‍റ്റും ധരിക്കാത്തതിനാലാണ് മരണത്തില്‍ പകുതിയും സംഭവിക്കുന്നതെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നതെന്ന് മന്ത്രി പറഞ്ഞു
 

Top