8-May-2023 -
By. news desk
കൊച്ചി: താനൂരിനടുത്തുള്ള ഒട്ടുമ്പ്രത്ത് നിന്ന് 40 വിനോദസഞ്ചാരികളുമായി ബോട്ട് മറിഞ്ഞ് 22 പേര്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ തിരിച്ചിലിനായി നാവിക സേനയുടെ സഹായം.സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യപ്രകാരം തിരച്ചിലിന്റെ ഭാഗമായി കൊച്ചിയിലെ സതേണ്‍ നേവല്‍ കമാന്‍ഡില്‍ നിന്ന് എയര്‍ ക്രൂ ഡൈവര്‍ ഉള്ള നാവിക ഹെലികോപ്റ്റര്‍ സംഭവസ്ഥലത്ത് പ്രാഥമിക വ്യോമ നിരീക്ഷണം നടത്തി. പ്രദേശത്ത് തിരച്ചില്‍ നടത്തുന്ന എന്‍ഡിആര്‍എഫുമായും പ്രാദേശിക ഡൈവിംഗ് ടീമുമായും നാവിക സംഘം ആശയ വിനിമയം നടത്തി സ്ഥിതിഗതിഗതികള്‍ വിലയിരുത്തി. നിലവിലുള്ള തിരച്ചില്‍ പ്രവര്‍ത്തനങ്ങളില്‍ സിവില്‍ അഡ്മിനിസ്‌ട്രേഷനെ സഹായിക്കാന്‍ നാവികസേനയുടെ ഒന്നിലധികം ഹെലികോപ്റ്ററുകളും നാവിക സേന സജ്ജമാക്കി.കൂടാതെ 15 മുങ്ങല്‍ വിദഗ്ധര്‍ അടങ്ങുന്ന മൂന്ന് നാവിക ഡൈവിംഗ് ടീമുകളും ആവശ്യമായ എല്ലാ ഡൈവിംഗ് സെറ്റുകളും ഗിയറുകളും ഉപകരണങ്ങളുമായി കൊച്ചിയില്‍ നി്ന്നും അപകട സ്ഥലത്തെത്തി.
ഒട്ടുംപുറം തൂവല്‍തീരത്ത് ഞായറാഴ്ച വൈകിട്ട് ഏഴിനും 7.45 നു ഇടയിലാണ് വിനോദ സഞ്ചാരികളെയുമായി പോയ ബോട്ട് മുങ്ങിയത്.അവധിക്കാലം ആഘോഷിക്കാനെത്തിയ 40 ലധികം ആളുകള്‍ ബോട്ടിലുണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്.യാത്രക്കാരുമായി തീരം വിട്ട ബോട്ട് മുന്നൂറ് മീറ്ററോളം സഞ്ചരിച്ചപ്പോഴാണ് അപകടത്തില്‍പ്പെട്ടത്. ആദ്യം ഒന്നു ചരിഞ്ഞ ബോട്ട് പിന്നീട് തലകീഴായി മറിയുകയായിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. കൈക്കുഞ്ഞുങ്ങള്‍ അടക്കം മുങ്ങിതാണു. ഏറെ ദുഷ്‌കരമായിരുന്നു ആദ്യഘട്ട രക്ഷാപ്രവര്‍ത്തനം. ചതുപ്പും, വെളിച്ചക്കുറവും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി. കെട്ടിവലിച്ചും ജെസിബി ഉപയോഗിച്ചും ഏറെ പണിപ്പെട്ടാണ് ബോട്ട് കരയ്ക്കടുപ്പിച്ചത്. രക്ഷപ്പെടുത്തിയവരെ തിരൂരങ്ങാടി, താനൂര്‍, തിരൂര്‍ എന്നിവിടങ്ങളിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു, ചിലരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.അപകടത്തില്‍ രക്ഷപെട്ട പത്തോളം പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. ഇതില്‍ കുട്ടികള്‍ അടക്കം ഏഴു പേരുടെ നിലഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.ബോട്ടുട നാസറിനെതിരെ നരഹത്യകേസ് ചുമത്തി പോലിസ് കേസെടുത്തിട്ടുണ്ട്. ഇയാള്‍ ഒളിവിലാണെന്നാണ് ലഭിക്കുന്ന വിവരം.ഇയാളുടെ കാര്‍ എറണാകുളത്ത് വാഹന പരിശോധനയ്ക്കിടയില്‍ പോലിസ് പിടികൂടി.കാറിലുണ്ടായിരുന്ന നാസറിന്റെ ബന്ധുക്കളടക്കം നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തുവെന്നാണ് വിവരം.മരിച്ചവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ 10 ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ചു.സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
#malappuram thanoor boat accident #thanoorr baot accident #thanoor boat accident #thanoor boat accident 22 persons died