17-May-2023 -
By. news desk
കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ മുഴുവന്‍ വകുപ്പുകളും പ്രവാസികള്‍ക്കായി പ്രത്യേകം ഓണ്‍ലൈന്‍ സേവനങ്ങള്‍ നല്‍കണമെന്ന് നിര്‍ദേശിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്റെ ആദ്യ ഘട്ടമെന്ന നിലയിലാണ് പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ബന്ധപ്പെടുന്ന റവന്യൂ വകുപ്പില്‍ പ്രവാസി സെല്ലും പ്രവാസിമിത്രം പോര്‍ട്ടലും ആരംഭിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.റവന്യു വകുപ്പ് ആരംഭിച്ച പ്രവാസി സെല്‍, പ്രവാസിമിത്രം പോര്‍ട്ടല്‍ എന്നിവയുടെ ഉദ്ഘാടനം നിയമസഭാ മന്ദിരത്തിലെ ആര്‍ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാനത്തിന്റെ സര്‍വതോന്മുഖമായ പുരോഗതിയില്‍ സുപ്രധാന പങ്ക് വഹിക്കുന്നവരാണ് പ്രവാസികള്‍. എന്നാല്‍ സര്‍ക്കാര്‍ സേവനങ്ങള്‍ സമയബന്ധിതമായി പ്രവാസികള്‍ക്ക് ലഭ്യമാകുന്നില്ല എന്ന പരാതി എല്ലാ കാലത്തും ഉയര്‍ന്നുവരാറുണ്ട്. വര്‍ഷത്തില്‍ ചെറിയ സമയം മാത്രം നാട്ടില്‍ വരുന്ന പ്രവാസികള്‍ക്ക് പെട്ടെന്ന് തന്നെ ജോലിസ്ഥലത്തേക്ക് മടങ്ങേണ്ടി വരുന്നതിനാല്‍ സമയബന്ധിതമായി സേവനങ്ങള്‍ ലഭ്യമായിരുന്നില്ല. ഇത് കഴിഞ്ഞ ലോക കേരളസഭയില്‍ ഉന്നയിക്കപ്പെട്ടിരുന്നു. ഇക്കാര്യം പരിഹരിക്കാമെന്ന് അന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. ആ വാഗ്ദാനമാണ് ഒരു വര്‍ഷം തികയുന്നതിന് മുമ്പ് തന്നെ സംസ്ഥാന സര്‍ക്കാര്‍ പാലിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ലോകത്തിന്റെ ഏതു കോണിലിരുന്നും ഇനി റവന്യൂ, സര്‍വേ വകുപ്പുകളുമായി ബന്ധപ്പെട്ട സേവനങ്ങള്‍ പ്രവാസികള്‍ക്ക് ഓണ്‍ലൈനായി ലഭ്യമാകും. പ്രവാസികളുടെ അപേക്ഷ/പരാതിയുടെ സ്റ്റാറ്റസ് അറിയാന്‍ പ്രവാസിമിത്രം പോര്‍ട്ടലും സജ്ജീകരിച്ചിട്ടുണ്ട്. ഓരോ ജില്ലയിലും ജില്ലാ പ്രവാസി സെല്‍ ഓഫീസറായി ഡെപ്യൂട്ടി കളക്ടറേയും സ്‌റ്റേറ്റ് നോഡല്‍ ഓഫീസറായി ലാന്‍ഡ് റവന്യൂ അസിസ്റ്റന്റ് കമ്മീഷണറെയും നിയമിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.പ്രവാസി സെല്‍, പ്രവാസിമിത്രം പോര്‍ട്ടല്‍ എന്നിവയെക്കുറിച്ച് നോര്‍ക്കയും പ്രവാസി സംഘടനകളും പ്രവാസികള്‍ക്കിടയില്‍ ശക്തമായ ബോധവല്‍ക്കരണം നടത്തണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പ്രവാസി ക്ഷേമത്തിനും പുനരധിവാസത്തിനുമായി ഒട്ടേറെ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനം നടത്തിവരുന്നത്. കഴിഞ്ഞ് ഏഴുവര്‍ഷം ഇതിന് ഉത്തമ ഉദാഹരണമാണ്.നേരത്തെ പ്രവാസികള്‍ക്കായി 13 സര്‍ക്കാര്‍ പദ്ധതികള്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ 22 ആയി ഉയര്‍ന്നു. നോര്‍ക്ക വകുപ്പിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 147.51 കോടി രൂപയാണ് അനുവദിച്ചത്. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ 22,000 കുടുംബങ്ങള്‍ക്ക് സാന്ത്വനം പദ്ധതിവഴി 133 കോടി രൂപയുടെ ധനസഹായം വിതരണം ചെയ്തു.നോര്‍ക്ക പുനരധിവാസ പദ്ധതിയിലൂടെ 84.49 കോടി രൂപ സബ്‌സിഡിയായി ഈ കാലയളവില്‍ നല്‍കി. കോവിഡ് മൂലം തൊഴില്‍ നഷ്ടപ്പെട്ടു തിരികെയെത്തിയ, സ്വയംതൊഴില്‍ ചെയ്യാന്‍ സന്നദ്ധരായ പ്രവാസികള്‍ക്കായി ആരംഭിച്ച 'പ്രവാസി ഭദ്രതാ' പദ്ധതി മികച്ച രീതിയില്‍ മുന്നോട്ടു പോവുകയാണ്. പദ്ധതിയില്‍ 5010 സംരംഭങ്ങള്‍ ഇതിനകം ആരംഭിച്ചു. കഴിഞ്ഞ സാമ്പത്തികവര്‍ഷം 90 കോടി രൂപ സബ്‌സിഡി വായ്പയായി പദ്ധതി മുഖേന നല്‍കിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
പരിപാടിയില്‍ റവന്യൂ മന്ത്രി കെ രാജന്‍ അധ്യക്ഷത വഹിച്ചു. റവന്യൂ, സര്‍വേ വകുപ്പുകളിലെ വിവിധ വിഷയങ്ങള്‍ സംബന്ധിച്ച് തങ്ങളുടെ അപേക്ഷകളുടെ നിലവിലെ സ്ഥിതി യഥാസമയം പ്രവാസികളെ അറിയിക്കാന്‍ ലക്ഷ്യമിട്ട് തുടങ്ങിയ പദ്ധതിയാണ് പ്രവാസിമിത്രം പോര്‍ട്ടലെന്ന് മന്ത്രി വിശദീകരിച്ചു. പോര്‍ട്ടല്‍ മുഖാന്തരം ലഭിക്കുന്ന പരാതികള്‍ ജില്ലാതലത്തിലും സംസ്ഥാനതലത്തിലും അവലോകനം ചെയ്യുന്നതിനായി രൂപീകരിച്ചിട്ടുള്ളതാണ് പ്രവാസി സെല്‍ സംവിധാനം. മൂന്ന് തലങ്ങളില്‍ പ്രവാസി സെല്‍ സംവിധാനം സര്‍ക്കാര്‍ മോണിറ്റര്‍ ചെയ്യും. ജില്ലാ തലത്തിലുള്ള പ്രവാസി സെല്‍, മോണിട്ടര്‍ ചെയ്യാനായി സംസ്ഥാനതലത്തില്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന സെല്‍, ഇതിന് പുറമെ റവന്യു മന്ത്രിയുടെ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന സെല്‍ എന്നിങ്ങനെയാണ് മൂന്ന് ഘട്ടങ്ങളില്‍ അവലോകനങ്ങള്‍ നടക്കുക.
തങ്ങള്‍ നല്‍കിയ പരാതി/ അപേക്ഷയുടെ നിലവിലെ അവസ്ഥ പ്രവാസിമിത്രം പോര്‍ട്ടലിലൂടെ അന്വേഷിച്ചാല്‍ ദിവസങ്ങള്‍ക്കകം മറുപടി ലഭിക്കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട് എന്ന് മന്ത്രി രാജന്‍ കൂട്ടിച്ചേര്‍ത്തു.പ്രവാസികള്‍ക്കായുള്ള റവന്യു വകുപ്പിന്റെ രണ്ട് പദ്ധതികളും മാതൃകാപരമെന്ന് പരിപാടിയില്‍ വിശിഷ്ടാതിഥിയായ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ വിശേഷിപ്പിച്ചു. മന്ത്രിമാരായ വി ശിവന്‍കുട്ടി, ആന്റണി രാജു, ജി.ആര്‍ അനില്‍, മേയര്‍ ആര്യ രാജേന്ദ്രന്‍, പ്രവാസി ഫെഡറേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ഇ.ടി ടൈംസണ്‍ മാസ്റ്റര്‍ എം.എല്‍.എ, തോമസ് കെ തോമസ് എം.എല്‍.എ, ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ്, നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍, വ്യവസായി ജെ.കെ മേനോന്‍, ലോക കേരളസഭ ഡയറക്ടര്‍ കെ വാസുകി, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ടി.വി അനുപമ, ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.