Society Today
Breaking News

തിരുവനന്തപുരം:സംസ്ഥാനത്ത്  മാലിന്യം തള്ളല്‍ സ്‌പോട്ടുകളായി തിരിച്ചറിഞ്ഞ 5567 കേന്ദ്രങ്ങളില്‍. 84.89 ശതമാനം മാലിന്യവും നീക്കം ചെയ്തു കഴിഞ്ഞുതായി  തദ്ദേശസ്വയംഭരണ മന്ത്രി എം.ബി രാജേഷ്. ബാക്കിയുള്ളവ ഉടന്‍ നീക്കം ചെയ്യും.പകര്‍ച്ചപ്പനി പ്രതിരോധത്തിന്റെ പശ്ചാത്തലത്തില്‍ തദ്ദേശസ്വയംഭരണ, ആരോഗ്യ, പൊതുവിദ്യാഭ്യാസ വകുപ്പുകളുടെ മന്ത്രിമാരുടെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത സംയുക്ത യോഗത്തിന് ശേഷം ആരോഗ്യമന്ത്രി വീണാ ജോര്‍ജിനൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.മാലിന്യ നിര്‍മാര്‍ജ്ജനത്തില്‍ ജനങ്ങളുടെ സഹകരണം അനിവാര്യമാണ്. മാലിന്യം തള്ളല്‍ കേന്ദ്രങ്ങളില്‍ നിന്ന് അവ നീക്കം ചെയ്ത ശേഷവും വീണ്ടും അവിടെ മാലിന്യം തള്ളുന്ന സംഭവങ്ങളുണ്ട്. ഇത്  ഗൗരവമുള്ള പ്രശ്‌നമാണ്. കോഴിക്കോട് ജില്ലയിലെ താമരശ്ശേരി ചുരത്തില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ മൂന്നു തവണയാണ് ഇങ്ങനെ വൃത്തിയാക്കേണ്ടി വന്നത്.മാലിന്യം തള്ളുന്നത് തടയാനും വാഹനങ്ങള്‍ പിടിച്ചെടുക്കാനും പിഴ ഈടാക്കാനുമുള്ള എന്‍ഫോഴ്‌സ്‌മെന്റ് നടപടികള്‍ ശക്തിപ്പെടുത്തിയതായി തദ്ദേശ സ്വയംഭരണ മന്ത്രി അറിയിച്ചു.

ഓരോ ജില്ലയിലും രണ്ട് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകള്‍ വീതം ഏപ്രില്‍ മുതല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനുപുറമേ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ വിജിലന്‍സ് സ്‌ക്വാഡും സജീവമാണ്. മാലിന്യം തള്ളുന്ന സ്‌പോട്ടുകള്‍ കണ്ടെത്തി അവ വകുപ്പിന്റെ പോര്‍ട്ടലില്‍ രേഖപ്പെടുത്തേണ്ടതുണ്ട്. അവിടെനിന്നും മാലിന്യം നീക്കം ചെയ്താലും അക്കാര്യം പോര്‍ട്ടല്‍ വഴി അറിയിക്കണം.മഴക്കാലത്തിനു മുന്നോടിയായി മാലിന്യം നീക്കം ചെയ്യുന്നതിന്റെ ഭാഗമായി നേരത്തെതന്നെ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രചാരണ പരിപാടികള്‍ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ 5592 വാര്‍ഡുകള്‍ സീറോ വേസ്റ്റ് വാര്‍ഡുകളായി പ്രഖ്യാപിച്ചു. 99.14 ശതമാനം വാര്‍ഡുകള്‍ വെളിയിട വിസര്‍ജ്ജന മുക്ത (ഒ.ഡി.എഫ്) പദവി കൈവരിച്ചു.മെയ് മാസം മാത്രം 5355 മെട്രിക് ടണ്‍ മാലിന്യമാണ് ക്ലീന്‍ കേരള കമ്പനി വഴി മാത്രം നീക്കം ചെയ്തത്. ഇത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 43 ശതമാനം കൂടുതലാണ്.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 63 ശതമാനം കൂടുതല്‍ പ്ലാസ്റ്റിക് മാലിന്യവും നീക്കം ചെയ്തിട്ടുണ്ട്.തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായിരുന്നു എന്ന് തെളിയിഞ്ഞതായും  പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നിരന്തരം നടത്തുമെന്നും മന്ത്രി രാജേഷ് വ്യക്തമാക്കി.തെരുവുനായ്ക്കളെ വന്ധ്യംകരണം ചെയ്യാനുള്ള എ.ബി.സി കേന്ദ്രങ്ങള്‍ കൂടുതലായി തുടങ്ങാന്‍ കഴിയാത്തത് കര്‍ശനമായ കേന്ദ്ര ചട്ടങ്ങള്‍  മൂലമാണെന്ന് മന്ത്രി വ്യക്തമാക്കി.  2,000 ത്തോളം നായകളെ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ ഉണ്ടെങ്കില്‍ മാത്രമേ എ.ബി.സി കേന്ദ്രത്തിന് അംഗീകാരം നല്‍കാവൂ എന്നതാണ് ഇത്തരത്തില്‍ ഒരു ചട്ടം.  ഇത്തരം ചട്ടങ്ങള്‍ പാലിച്ച് എ.ബി.സി കേന്ദ്രം തുടങ്ങല്‍ വിഷമകരമാണ്. നിയമത്തിന്റെ പരിമിതിക്കുള്ളില്‍ നിന്നേ സര്‍ക്കാറിന് ഈ വിഷയത്തില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളൂ. എ.ബി.സി കേന്ദ്രം തുടങ്ങാനുള്ള കേന്ദ്ര ചട്ടങ്ങള്‍  നിയമപരമായി ചോദ്യം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതായി മന്ത്രി എം.ബി രാജേഷ് അറിയിച്ചു.
 

Top