8-August-2023 -
By. Entertainment Desk
കൊച്ചി:മലയാള സിനിമാ ലോകത്ത് ഹാസ്യത്തിന്റെ പുതിയ ജാലകം തുറന്ന സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന സിദീഖ് (69) വിടവാങ്ങി.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയായിരുന്നു അന്ത്യം.കരള്‍ രോഗബാധയും ന്യുമോണിയയും നിമിത്തം സിദ്ദീഖ് ഏതാനും നാളുകളായി ചി്കില്‍സയിലായിരുന്നു.ഇതിനിടയില്‍ കഴിഞ്ഞ ദിവസം ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്നെ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന സിദ്ദീഖിന്റെ നില കൂടുതല്‍ വഷളായതോടെ അദ്ദേഹത്തെ എഗ്മോ സപ്പോര്‍ട്ടിലാക്കിയിരുന്നു.രോഗത്തെ അതിജീവിച്ച് മടങ്ങിവരുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും രാത്രി ഒമ്പതോടെ അദ്ദേഹം വിടപറഞ്ഞു.
ബുധനാഴ്ച രാവിലെ 9 മുതല്‍ 11.30 വരെ കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലും തുടര്‍ന്ന് കാക്കനാട് പള്ളിക്കരയിലുള്ള സ്വവസതിയിലും പൊതുദര്‍ശനത്തിന് ശേഷം വൈകിട്ട് ആറിന് എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ ഔേദ്യാഗിക ബഹുമതികളോടെ കബറടക്കം നടത്തും. ആബേലച്ചന്റെ കൊച്ചിന്‍ കലാഭവനിലൂടെ മിമിക്രി ലോകത്ത് നിന്നും സിനിമയിലെത്തിയ സിദ്ധീഖും ലാലും 1983 ല്‍ സംവിധായകന്‍ ഫാസിലിന്റെ സഹായിയായിട്ടായിരുന്നു സിനിമാ ലോകത്തേയ്ക്ക് പ്രവേശിച്ചത്.1989ല്‍ റാംജി റാവു സ്പീക്കിങ് എന്ന ചിത്രത്തിലൂടെ സിദ്ധീഖ്-ലാല്‍ കൂട്ടുകെട്ട് സംവിധാന രംഗത്തേക്ക് പ്രവേശിച്ചു.വന്‍ വിജയമായിരുന്ന ചിത്രം ഹാസ്യത്തിന്റെ പുതിയ ലോകം പ്രേക്ഷകന് സമ്മാനിക്കുകയായിരുന്നു.പിന്നീട് അങ്ങോട്ട് ഹിറ്റുകളുടെ പരമ്പര തന്നെയായിരുന്നു ഇരുവരുടെയും കൂട്ടുകെട്ടില്‍ പിറന്നത്.
ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ് ഫാദര്‍, വിയറ്റ്‌നാം കോളനി, കാബൂളിവാല എന്നിങ്ങനെ വന്‍ ഹിറ്റു ചിത്രങ്ങള്‍ ഇരുവരും ചേര്‍ന്ന് ഒരുക്കി.പിന്നീട് ലാല്‍ അഭിനയ രംഗത്ത് സജീവമായതോടെ സിദ്ധീഖ് മാത്രമായി സംവിധാനം.തുടര്‍ന്ന് ഹിറ്റ്‌ലര്‍, ഫ്രണ്ട്‌സ്, ക്രോണിക് ബാച്ച്‌ലര്‍, ബോഡി ഗാര്‍ഡ്, കാവലന്‍, ലേഡീസ് ആന്‍ഡ് ജെന്റില്‍മെന്‍, ഭാസ്‌കര്‍ ദ് റാസ്‌കല്‍, ഫുക്രി, ബിഗ് ബ്രദര്‍ തുടങ്ങിയ ചിത്രങ്ങള്‍ സിദ്ദീഖ് ഒറ്റയ്ക്ക് സംവിധാനം ചെയ്തു.എല്ലാം വന്‍ ഹിറ്റുകളുമായി മാറി.ബോഡി ഗാര്‍ഡ് മലയാളം,ഹ കൂടാതെ,ഹിന്ദി, തമിഴ് ഭാഷകളിലും ഇറക്കി.മോഹന്‍ലാല്‍ നായകനായ ബിഗ് ബ്രദര്‍ ആയിരുന്നു ഒടുവില്‍ ചെയ്ത മലയാള ചിത്രം. ഹിറ്റ്‌ലര്‍,ഭാസ്‌കര്‍ ദ് റാസ്‌കല്‍ എന്നീ ചിത്രങ്ങളില്‍ മമ്മൂട്ടിയായിരുന്നു നായകന്‍.മമ്മൂട്ടിയെ നായനാക്കി വീണ്ടും ചിത്രം ചെയ്യാനുള്ള തയ്യാറെടുപ്പിലിരിക്കെയാണ് മരണം സിദ്ധീഖിനെ തട്ടിയെടുത്തത്.വിവിധ ടിവി പരിപാടികളുടെ അവതാരകനുമായിരുന്ന സിദ്ധീഖിന് 1991ല്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു.ഭാര്യ: സജിത. മക്കള്‍: സൗമ്യ, സാറ, സുകൂണ്‍.