8-December-2023 -
By. news desk
കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ (73) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രമേഹ രോഗത്തിന് ചികിത്സയില്‍ കഴിയവെ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്നായിരുന്നു അന്ത്യം. ഭൗതികദേഹം ശനിയാഴ്ച രാവിലെ ഏഴുമണിയോടെ ഹെലികോപ്റ്ററില്‍ തിരുവനന്തപു
രത്തേക്ക് കൊണ്ടുപോകും. തുടര്‍ന്ന് ഇടപ്പഴിഞ്ഞി വിവേകാനന്ദനഗറിലെ മകന്റെ വസതിയിലും സിപിഐ ആസ്ഥാനമായ പട്ടം പിഎസ് സ്മാരകത്തിലും പൊതുദര്‍ശനത്തിന് വയ്ക്കും. ശേഷം വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടുപോകും.
സിപിഐ ജില്ലാ കമ്മിറ്റി ഓഫിസില്‍ പൊതുദര്‍ശനത്തിനു ശേഷം കാനത്തുള്ള വസതിയില്‍ എത്തിക്കും. ഞായറാഴ്ച രാവിലെ 11 നാണ് സംസ്‌കാരം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്നലെ വൈകിട്ട് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു കാനം രാജേന്ദ്രന്‍ അന്തരിച്ചത്.1950 നവംബര്‍ 10ന് കോട്ടയം ജില്ലയിലെ കൂട്ടിക്കലില്‍ വി.കെ.പരമേശ്വരന്‍ നായരുടേയും ടി.കെ. ചെല്ലമ്മയുടേയും മകനായാണ് ജനനം. വാഴൂര്‍ എസ്‌വിആര്‍ എന്‍എസ്എസ് സ്‌കൂള്‍, കോട്ടയം ബസേലിയോസ് കോളജ്, മോസ്‌കോ ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവിടങ്ങളിലായിരുന്നു പഠനം. ഭാര്യ: വനജ. മക്കള്‍: സന്ദീപ്, സ്മിത. മരുമക്കള്‍ താരാ സന്ദീപ്, വി സര്‍വേശ്വരന്‍.