Society Today
Breaking News

വയനാട്: വയനാട് ചുരമല. മുണ്ടക്കൈ എന്നിവടങ്ങളില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 2.40 ഓടെ ഉണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 350 കടന്നതായി അനൗദ്യോഗിക വിവരം.29ലധികം കുട്ടികള്‍ ദുരന്തത്തില്‍ മരിച്ചതായും പറയുന്നു.146 മൃതദേങ്ങള്‍ തിരിച്ചറിഞ്ഞു. തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ പൊതുശ്മശാനത്തില്‍ സംസ്‌ക്കരിക്കും.206 ലധികം പേരെ ഇനിയും കണ്ടെത്താനുണ്ട്.മുണ്ടക്കൈ, പുഞ്ചിരിമട്ടം കേന്ദ്രീകരിച്ചാണ് കൂടുതല്‍ തിരച്ചില്‍ നടക്കുന്നത്.നടന്‍ മോഹന്‍ലാല്‍ മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ എത്തി. ആര്‍മി ക്യാമ്പില്‍ എത്തിയ ശേഷമാണ് ലെഫ്റ്റനന്റ് കേണല്‍ കൂടിയായ മോഹന്‍ലാല്‍ ദുരിതബാധിത പ്രദേശങ്ങളിലേക്ക് എത്തിയത്.

തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കും
 
മേപ്പാടി പ്രകൃതി ദുരന്തത്തില്‍ മരിച്ചവരില്‍ തിരിച്ചറിയാന്‍ സാധിക്കാത്ത ഭൗതികശരീരങ്ങള്‍ ജില്ലയിലെ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കും. കല്‍പ്പറ്റ നഗരസഭ, വൈത്തിരി, മുട്ടില്‍, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്, എടവക, മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തുകളിലാണ് സംസ്‌കാരത്തിനുള്ള സൗകര്യം ഒരുക്കിയത്. തിരിച്ചറിയാന്‍ കഴിയാത്ത 74 മൃതശരീരങ്ങളാണ് മേപ്പാടി ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ സൂക്ഷിച്ചിട്ടുള്ളത്.  മൃതദേഹങ്ങള്‍ ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്ക് കൈമാറി നടപടികള്‍ പൂര്‍ത്തിയാക്കും. മൃതശരീരങ്ങളുടെ സൂക്ഷിപ്പ്, കൈമാറ്റം, സംസ്‌ക്കാരം എന്നിവക്ക് രജിസ്‌ട്രേഷന്‍ വകുപ്പ് ഐ.ജി ശ്രീധന്യ സുരേഷിനെ നോഡല്‍ ഓഫീസറായി ചുമതലപ്പെടുത്തിയിട്ടുണ്ട്.


ജില്ലയില്‍ 91 ദുരിതാശ്വാസ ക്യാമ്പുകള്‍ 
2981 കുടുംബങ്ങളിലെ 9977 പേര്‍ ക്യാമ്പുകളില്‍

ജില്ലയില്‍ കാലവര്‍ഷക്കെടുതിയുടെ ഭാഗമായി 91 ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചു. 2981 കുടുംബങ്ങളിലെ 9977 പേരെ വിവിധ ക്യാമ്പുകളിലായി മാറ്റിതാമസിപ്പിച്ചിട്ടുണ്ട്. ചൂരല്‍മല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആരംഭിച്ച 10 ക്യാമ്പുകളും  ദുരന്ത മേഖലയില്‍ നിന്നും ഒഴിപ്പിച്ചവരെ താമസിപ്പിച്ച 7 ക്യാമ്പുകളും ഉള്‍പ്പെടെയാണിത്. ക്യാമ്പുകളില്‍ 3675 പുരുഷന്‍മാരും 4040 സ്ത്രീകളും 2262 കുട്ടികളുമാണ് ഉള്ളത്.  മേപ്പാടി ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കോട്ടനാട് ഗവ സ്‌കൂള്‍, മേപ്പാടി സെന്റ് ജോസഫ്  യു.പി സ്‌കൂള്‍, നെല്ലിമുണ്ട അമ്പലം ഹാള്‍, കാപ്പുംക്കൊല്ലി ആരോമ ഇന്‍, മേപ്പാടി മൗണ്ട് ടാബോര്‍ സ്‌കൂള്‍, മേപ്പാടി സെന്റ് ജോസഫ് ഗേള്‍സ് ഹൈസ്‌കൂള്‍, തൃക്കൈപ്പറ്റ ഗവ ഹൈസ്‌കൂള്‍, തൃക്കൈപ്പറ്റ സെന്റ് തോമസ് പള്ളി, മേപ്പാടി ജി.എല്‍.പി സ്‌കൂള്‍, റിപ്പണ്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, റിപ്പണ്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍(പുതിയ കെട്ടിടം), അരപ്പറ്റ സി.എം.എസ് ഹൈസ്‌കൂള്‍, ചുണ്ടേല്‍ ആര്‍.സി.എല്‍.പി സ്‌കൂള്‍, കല്‍പ്പറ്റ എസ്.ഡി.എം.എല്‍.പി സ്‌കൂള്‍, കല്‍പ്പറ്റ ഡിപോള്‍ സ്‌കൂള്‍, മുട്ടില്‍ ഡബ്ല്യൂ.എം.ഒ കോളെജ് എന്നിവടങ്ങളിലെ 17 ക്യാമ്പുകളിലാണ് മേപ്പാടി പ്രകൃതി ദുരന്ത മേഖലയില്‍ നിന്നും മാറ്റിയ ആളുകളെ  താമസിപ്പിക്കുന്നത്.


 

Top