8-March-2023 -
By. news desk
കൊച്ചി: എറണാകുളം ജില്ലാ കളക്ടറായി എന്‍.എസ്.കെ ഉമേഷ് ചുമതലയേറ്റു. രാവിലെ 9.45 ന് കളക്ടറേറ്റിലെത്തിയ പുതിയ ജില്ലാ കളക്ടറെ എഡിഎം എസ്. ഷാജഹാന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് എല്ലാവരുടെയും കൂട്ടായ പരിശ്രമം ആവശ്യമാണെന്ന് ചുമതലയേറ്റ ശേഷം കളക്ടര്‍ പറഞ്ഞു. ബ്രഹ്മപുരത്ത് മുന്‍കളക്ടര്‍ ഡോ. രേണു രാജ് തുടങ്ങിവച്ച പ്രവര്‍ത്തനങ്ങള്‍ തുടരും.
ബ്രഹ്മപുരത്തെ പ്രശ്‌നങ്ങള്‍ മനസിലാക്കി മാലിന്യനിര്‍മ്മാര്‍ജനവുമായി ബന്ധപ്പെട്ട് ദീര്‍ഘകാല പരിഹാരത്തിനായി ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ടീം എറണാകുളമായി ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും കോര്‍പ്പറേഷന്റെയും പൊതുനജനങ്ങളുടെയും സഹകരണത്തോടെ പ്രശ്‌നം പരിഹരിക്കുമെന്നും കളക്ടര്‍ പറഞ്ഞു.എറണാകുളം കളക്ടറായിരുന്ന ഡോ.രേണുരാജിനെ കഴിഞ്ഞ ദിവസമാണ് വയനാട് കലക്ടറായി മാറ്റിയത്.രേണു രാജിനു പകരമാണ് പുതിയ കളക്ടറായി എന്‍.എസ്.കെ ഉമേഷിനെ സര്‍ക്കാര്‍ നിയമിച്ചത്.
പുതിയ കലക്ടറായി ചുമതലയേല്‍ക്കുന്ന എന്‍.എസ്.കെ ഉമേഷിന്റെ പ്രധാന വെല്ലുവിളിയും ബ്രഹ്മപുരം തീപിടുത്തം തന്നെയായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.തീ അണയ്ക്കാന്‍ സാധിച്ചെങ്കിലും ആറു ദിവസം പിന്നിട്ടിട്ടും പ്ലാസ്റ്റിക അടക്കമുള്ള മാലിന്യം കത്തിയതിനെ തുടര്‍ന്നുണ്ടായ വിഷപ്പുക ഇനിയും ശമിച്ചിട്ടില്ല.ഇത് ഗുരുതര ആരോഗ്യപ്രശ്‌നത്തിന് വഴിവെയുക്കുമെന്നാണ് ആരോഗ്യ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്.