13-March-2023 -
By. news desk
കൊച്ചി: ഇന്ത്യയുടെ സമുദ്രമത്സ്യമേഖലയില്‍ നിന്നുള്ള കാര്‍ബണ്‍ നിര്‍ഗമനം ആഗോളതലത്തിലുള്ളതിനേക്കാള്‍ വളരെ കുറവാണെന്ന് പഠനം. കടലില്‍ നിന്നും ഒരു ടണ്‍ മീന്‍ ഉല്‍പാദിപ്പിക്കുന്നതിന് 1.32 ടണ്‍ കാര്‍ബണ്‍ ഡയോക്‌സൈഡാണ് ഇന്ത്യ പുറത്തുവിടുന്നതെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ). ആഗോളതലത്തില്‍ ഇത് രണ്ട് ടണ്ണില്‍ കൂടുതലാണ്. മീന്‍പിടുത്തത്തിനായുള്ള മുന്നൊരുക്കം മുതല്‍ മത്സ്യം വിപണിയിലെത്തുന്നത് വരെയുള്ള പ്രവൃത്തികളിലൂടെ അന്തരീക്ഷത്തിലെത്തുന്ന കാര്‍ബണ്‍ വാതകങ്ങളുടെ കണക്കാണിത്.കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട് സിഎംഎഫ്ആര്‍ഐ നടത്തുന്ന നിര്‍ണായക പഠനമാണിത്. ആഗോള തലത്തിലുള്ളതിനേക്കാള്‍ 16.3 ശതമാനം കുറവാണ് ദേശീയതലത്തില്‍ ഇന്ത്യയിലെ യന്ത്രവല്‍കൃത മത്സ്യബന്ധനത്തില്‍ നിന്നുള്ള കാര്‍ബണ്‍ നിര്‍ഗമനമെന്ന് സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ എ ഗോപാലകൃഷ്ണന്‍ പറഞ്ഞു.
കാലാവസ്ഥാവ്യതിയാനത്തിന്റെ കെടുതികള്‍ കുറയ്ക്കുന്നതിനായി ദേശീയ കാര്‍ഷിക ഗവേഷണ കേന്ദ്രം (ഐസിഎആര്‍) നടപ്പിലാക്കുന്ന വിവിധ ഗവേഷണ സ്ഥാപനങ്ങള്‍ പങ്കാളികളായ നാഷണല്‍ ഇന്നൊവേഷന്‍സ് ഇന്‍ ക്ലൈമറ്റ് റെസിലിയന്റ് അഗ്രികള്‍ച്ചര്‍ (നിക്ര) ഗവേഷണ പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായി സിഎംഎഫ്ആര്‍ഐയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് സിഎംഎഫ്ആര്‍ഐ ഈ കണക്കുകള്‍ അവതരിപ്പിച്ചത്.രാജ്യത്തെ എല്ലാ തീരദേശസംസ്ഥാനങ്ങളിലെയും തിരഞ്ഞെടുത്ത മത്സ്യബന്ധന കേന്ദ്രങ്ങളില്‍ സമുദ്രമത്സ്യോല്‍പാദനത്തിന്റെ ഭാഗമായി വര്‍ത്തിക്കുന്ന എല്ലാ മേഖലകളെയും ഉള്‍പ്പെടുത്തിയാണ് സിഎംഎഫ്ആര്‍ഐ പഠനം നടത്തിയത് .കൃഷി, മൃഗസംരക്ഷണം, ഫിഷറീസ് തുടങ്ങിയ മേഖലകളില്‍ കാലാവസ്ഥാവ്യതിയാനത്തിന്റെ കെടുതികള്‍ കുറയ്ക്കുന്നതിനും ബദല്‍മാര്‍ഗങ്ങള്‍ ആരായുന്നതിനുമായാണ് നിക്ര ഗവേഷണ പദ്ധതിക്ക് ഐസിഎആര്‍ തുടക്കമിട്ടത്. ഇതില്‍ മത്സ്യമേഖലയുമായി ബന്ധപ്പെട്ട സിഎംഎഫ്ആര്‍ഐ ഉള്‍പ്പെടെയുള്ള അഞ്ച്് ഗവേഷണ സ്ഥാപനങ്ങളും രണ്ട് സര്‍വകലാശാലകളും നടത്തുന്ന പഠനത്തിന്റെ അവലോകന യോഗമാണ് സിഎംഎഫ്ആര്‍ഐയില്‍ നടന്നത്.ചുഴലിക്കാറ്റിന്റെ തീവ്രതയിലുള്ള വര്‍ധനവ്, സമുദ്രനിരപ്പ് ഉയരല്‍, സമുദ്രോപരിതല ഊഷ്മാവിന്റെ വര്‍ധനവ് തുടങ്ങിയ പ്രതിഭാസങ്ങള്‍ സമുദ്ര ആവാസവ്യവസ്ഥയില്‍ കാര്യമായ മാറ്റങ്ങളുണ്ടാക്കുന്നുണ്ടെന്ന് സിഎംഎഫ്ആര്‍ഐയുടെ പഠനപ്രവര്‍ത്തനങ്ങള്‍ അവതരിപ്പിച്ച ഡോ ഗ്രിന്‍സന്‍ ജോര്‍ജ് പറഞ്ഞു.
പല മത്സ്യങ്ങളും കുറയാനും പുതിയ ചിലയിനങ്ങള്‍ വന്‍ തോതില്‍ കൂടുന്നതിനും ഇത് കാരണമായിട്ടുണ്ട്.തീരദേശ കെടുതികള്‍ചുഴലിക്കാറ്റ് സാധ്യത, പ്രളയ സാധ്യത, കടല്‍തീരങ്ങളിലുണ്ടാകുന്ന മാറ്റം, ഉഷ്ണ തരംഗം, സമുദ്രനിരപ്പ് ഉയരല്‍ എന്നിവ തീരദേശമേഖലയില്‍ കാലവസ്ഥാവ്യതിയാനത്തിന്റെ പ്രധാന വിപത്തുകളായി സിഎംഎഫ്ആര്‍ഐ കണ്ടെത്തിയിട്ടുണ്ട്. ഇവ ഉള്‍പ്പെടെ ഇന്ത്യയിലെ എല്ലാ തീരദേശജില്ലകളിലെയും കാലാവസ്ഥാകെടുതികള്‍ കൃത്യമായി അടയാളപ്പെടുത്തുന്ന സമഗ്ര ഭൂപടം തയ്യാറാക്കിവരികയാണ്. കാലാവസ്ഥാവ്യതിയാനത്തിന്റെ ഭാഗമായി മത്സ്യ വിപണന ശൃംഖലയില്‍ വന്ന മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍ സീഫുഡ് വിപണനവുമായി ബന്ധപ്പെട്ട് നയപരമായ ഉപദേശം നല്‍കുന്നതിനും പുതിയ മത്സ്യയിനങ്ങളെകുറിച്ച് ഉപഭോക്താക്കളെ ബോധവല്‍കരിക്കുന്നതിനും സിഎംഎഫ്ആര്‍ഐക്ക് പദ്ധതിയുണ്ട്. ഐസിഎആര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ എസ് കെ ചൗധരി അധ്യക്ഷത വഹിച്ചു. ചൂട് വര്‍ധിക്കുന്നതും ഉഷ്ണതരംഗവും ഭൂഗര്‍ഭജലലഭ്യതയെ ബാധിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അമിതമായി ഭൂഗര്‍ഭജലത്തെ ആശ്രയിക്കുന്നത് മണ്ണില്‍ ഉപ്പിന്റെ സാന്നിധ്യം കൂടാന്‍ കാരണമാകുന്നു. കാര്‍ഷിക വൃത്തി പോലെയുള്ള ഭക്ഷ്യോല്‍പാദന മേഖലയെ ഇത് ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.നിക്ര ഗവേഷണ പദ്ധതി നടപ്പിലാക്കുന്ന രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ഗവേഷണ സ്ഥാപനങ്ങളിലെയും സര്‍വകലാശാലകളിലെയും ശാസ്ത്രജ്ഞര്‍ പഠനത്തിലെ കണ്ടെത്തലുകള്‍ അവതരിപ്പിച്ചു.നിക്ര വിദഗ്ധ സമിത അധ്യക്ഷന്‍ ഡോ ബി വെങ്കടേശ്വരുലു, അംഗം ഡോ കെ കെ വാസ്, ഡോ വി കെ സിംഗ്, ഡോ എം പ്രഭാകര്‍ എന്നിവര്‍ സംസാരിച്ചു.