Society Today
Breaking News

കൊച്ചി: ഇന്ത്യയ്ക്ക് സമ്പന്നമായ ഒരു സമുദ്ര പാരമ്പര്യമുണ്ടെന്നും ഇന്ത്യയുടെ തന്ത്രപരവും സൈനികവും സാമ്പത്തികവും വാണിജ്യപരവുമായ താല്‍പര്യങ്ങളില്‍ സമുദ്രശക്തി നിര്‍ണായകമാണെന്നും രാഷ്ട്രപതി ദ്രൗപദി മുര്‍മു.ഐ.എന്‍.എസ് ദ്രോണാചാര്യയ്ക്ക് പ്രസിഡന്റ്‌സ് കളര്‍ സമ്മാനിച്ചുകൊണ്ട് കൊച്ചി നാവിക ആസ്ഥാനത്ത് ചേര്‍ന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.നീണ്ട തീരപ്രദേശവും ദ്വീപ് സമൂഹങ്ങളും ഗണ്യമായ കടല്‍യാത്രികരുമുള്ള അഞ്ചാമത്തെ വലിയ ആഗോള സമ്പദ്‌വ്യവസ്ഥയായ ഇന്ത്യ പോലൊരു രാജ്യത്തെ സംബന്ധിച്ചിടത്തോളം ശക്തവും ആധുനികവുമായ നാവികസേനയ്ക്ക് അത്യധികം പ്രാധാന്യമുണ്ട്. കഴിഞ്ഞ 75 വര്‍ഷമായി, യുദ്ധസജ്ജവും ബഹുമുഖവും വൈദഗ്ദ്ധ്യമുള്ളതുമായ നാവികസേന നമ്മുടെ എതിരാളികളെ ചെറുക്കുകയും സമുദ്ര താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയും സാമൂഹികസാമ്പത്തിക വളര്‍ച്ച സുഗമമാക്കുന്നതിന് സമാധാനാന്തരീക്ഷം സൃഷ്ടിക്കാന്‍ സാഹചര്യമൊരുക്കുകയും ചെയ്തു. നമ്മുടെ സമുദ്രാതിര്‍ത്തികള്‍ സംരക്ഷിക്കുന്നതിലും നമ്മുടെ വ്യാപാര പാതകള്‍ സുരക്ഷിതമാക്കുന്നതിലും ദുരന്തസമയത്ത് സഹായം എത്തിക്കുന്നതിലും ഇന്ത്യന്‍ നാവികസേന പ്രകടമാക്കുന്ന പ്രതിബദ്ധതയില്‍ രാജ്യം അഭിമാനിക്കുന്നുവെന്നും രാഷ്ട്രപതി വ്യക്തമാക്കി.

ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലുടനീളം ദൗത്യസജ്ജവും പ്രതികരണ സജ്ജവുമായ ഒരു സേന എന്ന നിലയില്‍ ഇന്ത്യന്‍ നാവികസേന ഗണ്യമായ ശേഷി കാലക്രമേണ വികസിപ്പിച്ചെടുത്തിട്ടുണ്ട്. കൂടാതെ നമ്മുടെ സമുദ്ര അയല്‍പക്കത്തെ ആകസ്മിക സംഭവങ്ങളോടുള്ള 'ദ്രുത പ്രതികരണത്തിനും' നമ്മുടെ സമുദ്ര താത്പര്യങ്ങള്‍ സംരക്ഷിക്കാനും രാജ്യം നാവികസേനയെ ഉറ്റുനോക്കുന്നു. 'ശുഭ്രവസ്ത്രധാരികളായ നമ്മുടെ സ്ത്രീ പുരുഷന്മാര്‍' ഏറ്റവും പുതിയ സാങ്കേതിക മുന്നേറ്റങ്ങളും സമുദ്രമേഖലയിലെ പ്രവര്‍ത്തന ചലനാത്മകതയും മനസ്സിലാക്കി സ്വയം നവീകരിക്കേണ്ടതുണ്ടെന്നും രാഷ്ട്രപതി വ്യക്തമാക്കി.ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ഐഎന്‍എസ് വിക്രാന്ത് എന്ന ആധുനിക വിമാനവാഹിനിക്കപ്പല്‍ ആത്മനിര്‍ഭര ഭാരതത്തിന്റെ ഉജ്ജ്വല ഉദാഹരണമാണ്. തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരു വിമാനവാഹിനിക്കപ്പല്‍ നിര്‍മ്മിക്കാന്‍ ശേഷിയുള്ള ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ.

മുഴുവന്‍ നാവിക സേനാംഗങ്ങളെയും കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡിനെയും ഐഎ്ന്‍എസ് വിക്രാന്ത് യാഥാര്‍ത്ഥ്യമാക്കുന്നതില്‍ സഹകരിച്ച എല്ലാവരെയും അഭിനന്ദിക്കുന്നുവെന്നും രാഷ്ട്രപതി വ്യക്തമാക്കി.യുദ്ധത്തിലും സമാധാനത്തിലും രാജ്യത്തിന് നല്‍കിയ അസാധാരണ സേവനത്തിനുള്ള അംഗീകാരമായിട്ടാണ് ഐഎന്‍എസ് ദ്രോണാചാര്യയ്ക്ക് പ്രസിഡന്റ്‌സ് കളര്‍ അവാര്‍ഡ് സമ്മാനിച്ചത്.ഇതിനോടനുബന്ധിച്ച് തപാല്‍ വകുപ്പ് പുറത്തിറക്കുന്ന സ്‌പെഷ്യല്‍ കവര്‍ പ്രകാശനവും രാഷ്ട്രപതി ദ്രൗപദി മുര്‍മു നിര്‍വ്വഹിച്ചു.കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍,മുഖ്യമന്ത്രി പിണറായി വിജയന്‍,നാവികസേന മേധാവി ആര്‍ ഹരികുമാര്‍,സതേണ്‍ നേവല്‍ കമാന്‍ഡന്റ് വൈസ് അഡ്മിറല്‍ എം.പി ഹംപി ഹോളി തുടങ്ങിയവര്‍ പങ്കെടുത്തു.ഐഎന്‍എസ് വിക്രാന്ത് സന്ദര്‍ശിച്ച രാഷ്ട്രപതി കപ്പലിലെ ഉദ്യോഗസ്ഥരുമായും നാവികരുമായും ആശയവിനിമയം നടത്തി.നാവിക ആസ്ഥാനത്തെ ചടങ്ങുകള്‍ക്കു ശേഷം  രാഷ്ട്രപത്രി കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തേയക്ക് പോയി.

Top