Society Today
Breaking News

കൊച്ചി: കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ ക്രൂരമായി ആക്രമിച്ച സംഭവത്തിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യാന്‍ തയ്യാറാകത്ത പോലിസിന്റെ  അനാസ്ഥയ്‌ക്കെതിരെ സമരമുഖം തുറന്ന് ഇന്‍ഡ്യന്‍ മെഡിക്കല്‍ അസ്സോസിയേഷന്‍(ഐ.എം.എ). ഐ.എം.എയുടെ നേതൃത്വത്തില്‍ സംസ്ഥാന തലത്തില്‍ നടത്തിയ മെഡിക്കല്‍ സമരത്തിന്റ ഭാഗമായി ഐ.എം.എ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍  ആയിരത്തിലധികം വരുന്ന ഡോക്ടര്‍മാര്‍ പ്ലക്കാര്‍ഡുകളും മുദ്രാവാക്യം വിളികളുമായി എറണാകുളം കളക്ടറേറ്റിനു മുന്നില്‍ നടത്തിയ  ധര്‍ണ്ണയും  പ്രകടനവും അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെയുള്ള പ്രതിഷേധത്തിന്റെ കൊടുങ്കാറ്റായി മാറി.കെ.ജി.എം.ഒ.എ,  ഐ.ഡി.എ,  കെ.ജി.ഐ.എം.ഒ.എ,  കെ.ജി.എം.സി.ടി.എ, കെ.ജി.എസ്.ഡി.എ   അടക്കം 32 ഓളം സംഘടനകളും  ഐ.എം.എയുടെ നേതൃത്വത്തില്‍ നടന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചെത്തിയിരുന്നു.ഡോക്ടര്‍മാരടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആശുപത്രികള്‍ക്കും നേരെ  ഇനിയും ആക്രമണം തുടര്‍ന്നാല്‍ കൈയ്യും കെട്ടി നോക്കി നില്‍ക്കാന്‍ കഴിയില്ലെന്നും ശക്തമായ സമരപരിപാടികളുമായി ഐ.എം.എയുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ തെരുവില്‍ ഇറങ്ങുമെന്നും ധര്‍ണ ഉദഘാടനം ചെയ്തുകൊണ്ട്  ഐം.എം.എ മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ ഡോ.എ.വി ബാബുവും ഡോ.ഏബ്രഹാം വര്‍ഗ്ഗീസും വ്യക്തമാക്കി.

ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും  നേരെ കഴിഞ്ഞ കുറെ നാളുകളായി ആക്രമണ പരമ്പരകളാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നതെന്ന് ഡോ.എ.വി ബാബു പറഞ്ഞു. ഇതിനെതിരെ നടപടിയെടുക്കേണ്ട   പോലിസും സര്‍ക്കാരും കാഴ്ചക്കാരായി മാറുന്നു.ആശുപത്രികള്‍ക്കും ഡോക്ടര്‍മാരടക്കമുളള ആരോഗ്യപ്രവര്‍ത്തകര്‍ക്കും നേരെ നടക്കുന്ന ആക്രമണത്തിനെതിരെ ശക്തമായ നടപടി വേണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടും ഇത് നടപ്പിലാക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല.ആക്രമണം നടത്തുന്ന പ്രതികളെ യഥാസമയം പിടികൂടാതെ പോലിസ് ഒത്തുകളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.നീതി കിട്ടാതായതോടെ ജീവിക്കാന്‍ വേണ്ടിയാണ് തങ്ങള്‍ തെരുവില്‍ ഇറങ്ങാന്‍ നിര്‍ബന്ധിതരായതെന്ന് ഡോ.ഏബ്രഹാം വര്‍ഗ്ഗീസ് പറഞ്ഞു.ഇനിയും ആക്രമണത്തിനു വിധേയരാകാന്‍ ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും തയ്യാറല്ല.ആശുപത്രികള്‍ സുരക്ഷിത മേഖലയായി പ്രഖ്യാപിക്കുന്ന നിയമം അടിയന്തരമായി നടപ്പിലാക്കണം.നിയമങ്ങള്‍ കാറ്റില്‍പ്പറത്തി യാതൊരു മടിയും കൂടാതെ ഡോക്ടര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരെയും ആക്രമിക്കുകയെന്നത്  അംഗീകരിക്കാന്‍ കഴിയില്ലെന്നും ഡോ.ഏബ്രഹാം വര്‍ഗ്ഗീസ് പറഞ്ഞു.

ഐ.എം.എ എത്തിക്‌സ് കമ്മിറ്റി സംസ്ഥാന ചെയര്‍മാന്‍ ഡോ.എം.എന്‍ മേനോന്‍,സംസ്ഥാന ട്രഷര്‍ ഡോ.ഷിമി പൗലോസ്,കെജിഎംസിടിഎ പ്രസിഡന്റ് ഡോ.ഫൈസല്‍ അലി,സെക്രട്ടറി ഡോ.ഹരിപ്രസാദ്,ഇന്ത്യന്‍ ഡെന്റല്‍ അസ്സോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്(ഇലക്റ്റ്)ഡോ.ടെറി തോമസ് എടത്തൊട്ടി, മുന്‍ പ്രസിഡന്റ് ഡോ.സിജു.എ പൗലോസ്,കൗണ്‍സില്‍ ഫോര്‍ ഡെന്റല്‍ ഹെല്‍ത്ത് ചെയര്‍മാന്‍ ഡോ.സെബി വര്‍ഗ്ഗീസ്,കെ.ജി.എം.ഒ.എ സംസ്ഥാന സെക്രട്ടറി ഡോ.പി.കെ സുനില്‍,ജില്ലാ പ്രസിഡന്റ് ഡോ.എബി വിന്‍സെന്റ്,ജില്ലാ സെക്രട്ടറി മിനു കൃഷ്ണന്‍,കെ.ജി.ഐ.എം.ഒ. മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ ഡോ. ജോയി ജോസഫ്,ഡോ.ജുനൈദ് റഹ്മാന്‍,ഐ.എം.എ സയന്റിഫിക്ക് അഡൈ്വസര്‍ ഡോ.രാജീവ് ജയദേവന്‍,കൊച്ചിന്‍ ഐ.എം.എ  പ്രസിഡന്റ് ഡോ.എസ് ശ്രീനിവാസ കമ്മത്ത്, സെക്രട്ടറി ഡോ.ജോര്‍ജ്ജ് തുകലന്‍,ട്രഷറര്‍ ഡോ.കാര്‍ത്തിക് ബാലചന്ദ്രന്‍, വൈസ് പ്രസിഡന്റ് ഡോ.അനിതാ തിലകന്‍,ഐ.എം.എ ജില്ലാ ചെയര്‍മാന്‍ ഡോ.സാബു പോള്‍,ജില്ലാ കണ്‍വീനര്‍ ഡോ.എം.എം ഹനീഷ്,,കൊച്ചിന്‍ ഐ.എം.എ  മുന്‍  പ്രസിഡന്റ്ുമാരായ ഡോ.ടി.വി രവി,ഡോ.എം വേണുഗോപാല്‍, ഡോ.മരിയ വര്‍ഗ്ഗീസ്,ഡോ.വി ഡി പ്രദീപ് കുമാര്‍.ഡോ.ടി.ആര്‍ ജോണ്‍,ഡബ്ല്യു.ഡി.ഡബ്ല്യു സംസ്ഥാന സെക്രട്ടറി ഡോ.ദീപാ അഗസ്റ്റിന്‍,ഫോക്‌സിയുടെ പ്രതിനിധി ഡോ.സ്മിതി ജോര്‍ജ്ജ് തുടങ്ങിയവര്‍ സംസാരിച്ചു.ഐ.എം.എ എറണാകുളം ജില്ലാ കമ്മിറ്റിയുടെ കീഴിലുള്ള 10 ബ്രാഞ്ചകുള്‍,ഇന്‍ഡ്യന്‍ ഡെന്റല്‍ അസോസിയേഷന്‍ എറണാകുളം ജില്ലയിലെ ആറു ബ്രാഞ്ചുകള്‍ എന്നിവടങ്ങളില്‍ നിന്നുള്ള ഭാരവാഹികള്‍ അടക്കമുള്ള മുഴുവന്‍  ഡോക്ടര്‍മാരും സമരത്തില്‍ അണിനിരന്നു.

Top