18-March-2023 -
By. news desk
കോട്ടയം: സിറോ മലബാര്‍ സഭ മുതിര്‍ന്ന ബിഷപ്പും ചങ്ങനാശേരി അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പുമായ മാര്‍ ജോസഫ് പൗവത്തില്‍ കാലം ചെയ്തു. 92 വയസ്സായിരുന്നു.ആര്‍ച്ച് ബിഷപ് ഇമെരിറ്റസായ അദ്ദേഹം ചങ്ങനാശേരി ആര്‍ച്ച് ബിഷപ്സ് ഹൗസില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം.കബറടക്കം ബുധനാഴ്ച രാവിലെ 10നു ചങ്ങനാശേരി വലിയ പള്ളിയില്‍ നടക്കും. 'സഭയുടെ കിരീടം' എന്നായിരുന്നു മാര്‍ ജോസഫ് പൗവ്വത്തിലിനെ ബനഡിക്ട് മാര്‍പാപ്പ വിശേഷിപ്പിച്ചത്.സഭാവിജ്ഞാനത്തില് ഉറച്ച നിലപാടിലും ശ്രദ്ദേയനായിരുന്നു മാര്‍ ജോസഫ് പൗവ്വത്തിലിന്റെ കാലത്തായിരുന്നു
സിറോ മലബാര്‍ സഭയുടെ ആരാധനാക്രമം പുനരുദ്ധരിക്കാനുമുള്ള ശ്രമങ്ങള്‍ നടന്നതും വിദ്യാഭ്യാസ വിഷയങ്ങളില്‍ മൂര്‍ച്ചയേറിയ നിലപാടുകള്‍ കേരളത്തില്‍ മുഴങ്ങിയതും.കര്‍ഷകര്‍ക്കായി നിലകൊണ്ടു. പീരുമേട്, കുട്ടനാട്, മലനാട് വികസന സമിതികള്‍ക്ക് രൂപം നല്കി. യുവാക്കള്‍ക്കായി രൂപീകരിച്ച യുവദീപ്തി പിന്നീട് കെസിവൈഎം ആയി വളര്‍ന്നു. ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ ദീര്‍ഘകാല സുഹൃത്തായിരുന്ന അദ്ദേഹം അഞ്ചു മാര്‍പാപ്പമാര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. സിറോ മലബാര്‍ സഭയില്‍ മാര്‍പാപ്പ അഭിഷേകം ചെയ്ത ആദ്യ ബിഷപ്പാണ്.
1930 ഓഗസ്റ്റ് 14നു കുറുമ്പനാടം പൗവ്വത്തില്‍ കുടുംബത്തില്‍ ജനിച്ച മാര്‍ ജോസഫ് പൗവ്വത്തില്‍ 1962 ഒക്ടോബര്‍ 3 നാണ് പൗരോഹിത്യം സ്വീകരിച്ചത്. 1972 ജനുവരി 29 ല്‍ ചങ്ങനാശേരി അതിരൂപതയുടെ സഹായ മെത്രാനായി അദ്ദേഹത്തെ പ്രഖ്യാപിച്ചു. 1972 ഫെബ്രുവരി 13നു വത്തിക്കാനിലായിരുന്നു സ്ഥാനാഭിഷേകം. 1977ല്‍ കാഞ്ഞിരപ്പള്ളി രൂപതയുടെ ആദ്യ മെത്രാനായി. 1985 മുതല്‍ 2007 വരെ ചങ്ങനാശേരി അതിരൂപത ആര്‍ച്ച്ബിഷപ്പായി സേവനം ചെയ്തു. 2007ല്‍ ആര്‍ച്ച് ബിഷപ് സ്ഥാനത്തുനിന്ന് വിരമിച്ചു.ഇന്ത്യന്‍ കത്തോലിക്കാ മെത്രാന് സമിതിയുടെയും (സിബിസിഐ) കേരള കത്തോലിക്കാ മെത്രാന് സമിതിയുടെയും (കെസിബിസി) അധ്യക്ഷന്‍, ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ഫോര്‍ എജ്യുക്കേഷന്‍ ചെയര്മാന് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.1962 മുതല്‍ ഒരു ദശാബ്ദക്കാലം ചങ്ങനാശേരി എസ്ബി കോളജില്‍ അധ്യാപകനായും പ്രവര്‍ത്തിച്ചു.