ഐ.സി.എല്‍ ഒന്നിച്ചോണം പൊന്നോണം2026 മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കൊച്ചി : ഇരിങ്ങാലക്കുട കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ ഐ.സി.എല്‍ ഫിന്‍കോര്‍പ്പിന്റെ നേതൃത്വത്തോടെ ഇരിങ്ങാലക്കുട പൗരാവലി സംഘടിപ്പിക്കുന്ന ഓണാഘോഷം ആഗസ്റ്റ് 23-ന് വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി വി.ഡി.സതീശന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ഐ.സി.എല്‍ ഫിന്‍കോര്‍പ്പ് സിഎംഡി അഡ്വ. കെ.ജി.അനില്‍ കുമാര്‍ അധ്യക്ഷത വഹിക്കും.യുവജനക്ഷേമ വകുപ്പ് മന്ത്രി ഒ.ജെ.ജനീഷ് മുഖ്യാതിഥിയാകും. ഐ.സി.എല്‍ ഓള്‍ടൈം ഡയറക്ടറും സി.ഇ.ഒയുമായ ഉമ അനില്‍കുമാര്‍, ബിഷപ്പ് പോളി കണ്ണൂക്കാടന്‍, മുന്‍ മന്ത്രി ആര്‍.ബുന്ദു, തൃശ്ശൂര്‍ ജില്ലയിലെ വിവിധ നിയോജകണ്ഡലങ്ങളിലെ എം.എല്‍.എമാര്‍, ഇരിങ്ങാലക്കുട മുനിസിപ്പല്‍ ചെയര്‍മാന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

കൂടല്‍മാണിക്യം ക്ഷേത്രത്തിന് സമീപത്തുനിന്നും ആരംഭിച്ച് ഠാണാവ് വഴി മുനിസിപ്പല്‍ മൈതാനിയില്‍ സമാപിക്കുന്ന വിധം സാംസ്‌കാരിക ഘോഷയാത്രയും ഓണാഘോഷത്തിന്റെ ഭാഗമായി നടക്കും. പുലിക്കളി, കുമ്മാട്ടിക്കളി, ഫ്‌ളാഷ് മോബ്, തിരുവാതിരക്കളി, ടാബ്ലോ, ഓണവുമായിബന്ധപ്പെട്ട ഫാന്‍സി ഡ്രസ്സ് തുടങ്ങി നിരവധി കലാരൂപങ്ങളും വാദ്യഘോഷങ്ങളും ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടും. കൂടാതെ ചലചിത്ര രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തില്‍ ബിഗ് സ്‌ക്രീന്‍ അവാര്‍ഡ് സന്ധ്യ, ചലചിത്ര താരം ആശ ശരത്തിന്റെ നേതൃത്വത്തില്‍ കലാ മേളയും സംഘടിപ്പിച്ചിട്ടുണ്ടെന്ന് കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ, ഐ.സി.എല്‍ ഫിന്‍കോര്‍പ്പ് സിഎംഡി അഡ്വ. കെ.ജി.അനില്‍ കുമാര്‍, സി.ഇ.ഒ ഉമ അനില്‍ കുമാര്‍, സിഎഫ്ഒ മാധവന്‍കുട്ടി തെക്കേടത്ത്, കമ്പനി സെക്രട്ടറി ടി.വി.വൈശാഖ് എന്നിവര്‍ അറിയിച്ചു. മുപ്പതിനായിരത്തില്‍ അധികം ആളുകള്‍ പങ്കെടുക്കുമെന്നും പ്രവേശനം പാസുമൂലം നിയന്ത്രിച്ചിട്ടുണ്ടെന്നും സംഘാടകര്‍ അറിയിച്ചു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു