കൊച്ചി : ജനപ്രിയ എസ്.യു.വിയായ ഹെക്ടറിന്റെ കൂടുതൽ ആകർഷകമായ ‘ഹെക്ടർ ബ്ലാക്ക്സ്റ്റോം’ (Hector Blackstorm), ‘ഹെക്ടർ സ്നോസ്റ്റോം’ (Hector Snowstorm) എന്നീ ലിമിറ്റഡ് എഡിഷൻ മോഡലുകൾ ജെ.എസ്.ഡബ്ല്യു എം.ജി മോട്ടോർ ഇന്ത്യ വിപണിയിൽ പുറത്തിറക്കി. വേറിട്ട ഡിസൈനിലും ആധുനിക സാങ്കേതികവിദ്യകളോടും കൂടിയാണ് ഈ പ്രത്യേക പതിപ്പുകൾ നിർമ്മിച്ചിരിക്കുന്നത്. ബ്ലാക്ക്സ്റ്റോം മോഡൽ പൂർണ്ണമായും കറുപ്പ് നിറത്തിലും, സ്നോസ്റ്റോം മോഡൽ കറുത്ത മേൽക്കൂരയോടുകൂടിയ വെളുത്ത ഡ്യുവൽ ടോൺ നിറത്തിലുമാണ് ലഭ്യമാകുന്നത്. പുതിയ ഹെക്സ് ഗ്രിൽ, ഡാർക്ക് അലോയ് വീലുകൾ, ചുവന്ന ബ്രേക്ക് കാലിപ്പർ, പ്രീമിയം ബ്ലാക്ക് ഇന്റീരിയർ എന്നിവ വാഹനത്തിന്റെ പ്രധാന സവിശേഷതകളാണ്.
1.5 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനിലും സി.വി.ടി (CVT) ഗിയർബോക്സിലുമാണ് 5-സീറ്റർ ക്രമീകരണമുള്ള ഇരു മോഡലുകളും എത്തുന്നത്. 14 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്ക്രീൻ, ഐ-സ്വൈപ്പ് ആംഗ്യ നിയന്ത്രണ സംവിധാനം, ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 70-ലധികം കണക്റ്റഡ് ഫീച്ചറുകൾ എന്നിവ ക്യാബിനിലുണ്ട്. ഡീലർഷിപ്പുകളിലൂടെ സൗജന്യമായി ലഭിക്കുന്ന സ്റ്റോം പാക്കേജും 3 വർഷത്തെ വാറണ്ടിയും വാഹനത്തിനൊപ്പം ലഭ്യമാകും. രണ്ട് ലിമിറ്റഡ് എഡിഷൻ എസ്യുവികൾക്കും 19,99,800 രൂപയാണ് എക്സ്-ഷോറൂം വില.

