സംസ്ഥാനത്ത് പ്രതിമാസം മുപ്പതിനായിരം രൂപയ്ക്ക് താഴെ ശമ്പളത്തില്‍ ജോലി ചെയ്യുന്ന നിരവധി ഡോക്ടര്‍മാരുണ്ടെന്ന് പഠനം കണ്ടെത്തി.
കൊച്ചി: സംസ്ഥാനത്തെ ഡോക്ടര്‍മാരുടെ കുറഞ്ഞ പ്രതിമാസ ശമ്പളം 80,000 രൂപ ആക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) സംസ്ഥാന പ്രസിഡന്റ് ഡോ. എം.എന്‍. മേനോന്‍, സംസ്ഥാന സെക്രട്ടറി ഡോ. റോയ് ആര്‍. ചന്ദ്രന്‍ എന്നിവര്‍ ആവശ്യപ്പെട്ടു. കൊച്ചി ഐ.എം.എ ഹൗസില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗംത്തിനു ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇവര്‍. ആഴ്ചയില്‍ 48 മണിക്കൂര്‍ ജോലി ചെയ്യുന്ന എം.ബി.ബി.എസ്. ഡോക്ടര്‍മാര്‍ പ്രതിമാസം ഏറ്റവും കുറഞ്ഞത് 80,000 രൂപ ശമ്പളത്തിന് തികച്ചും അര്‍ഹരാണ്. ലോകത്തിലെ ഏറ്റവും കഠിനവും ദൈര്‍ഘ്യമേറിയതുമായ പഠന കോഴ്‌സുകളില്‍ ഒന്നാണ് എം.ബി.ബി.എസ്. അനവധി വര്‍ഷങ്ങളുടെ കഠിനാധ്വാനവും പരിശീലനവും, അതീവ ഉത്തരവാദിത്വവും നിറഞ്ഞ ഈ മേഖലയിലെ ഡോക്ടര്‍മാര്‍ക്ക് അവരുടെ സേവനത്തിനും സമര്‍പ്പണത്തിനും യോജിച്ച മാന്യമായ ശമ്പളവും അംഗീകാരവും ലഭിക്കേണ്ടതാണ്. എന്നാല്‍ കേരളത്തിലെ സ്ഥിതി വളരെ ആശങ്കജനകമാണ്. കേരളത്തിലെ ജൂനിയര്‍ ഡോക്ടര്‍മാരുടെ തൊഴിലില്ലായ്മയും, തുച്ഛമായ ശമ്പളവും പരിഹരിക്കപ്പെടണമെന്നും ഇവര്‍ വ്യക്തമാക്കി. പലയിടത്തും കൃത്യമായി ശമ്പളം ലഭിക്കുന്നുമില്ല. ഡോക്ടര്‍മാര്‍ക്ക് മിനിമം വേജസ് വേണമെന്ന വര്‍ഷങ്ങളായിട്ടുള്ള ആവശ്യം പഠിക്കുവാനുമായി കഴിഞ്ഞ സംസ്ഥാനസമിതി നിശ്ചയിച്ച കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആശ്ചര്യജനകമായ വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. സംസ്ഥാനത്ത് പ്രതിമാസം മുപ്പതിനായിരം രൂപയ്ക്ക് താഴെ ശമ്പളത്തില്‍ ജോലി ചെയ്യുന്ന നിരവധി ഡോക്ടര്‍മാരുണ്ടെന്ന് പഠനം കണ്ടെത്തി. ഏതാണ്ട് 82% ഡോക്ടര്‍മാര്‍ക്കും മാന്യമായ ശമ്പളം ലഭിക്കുന്നില്ല. തൊഴിലില്ലായ്മയും തുച്ഛമായ ശമ്പളവും മൂലം 70% ഡോക്ടര്‍മാരും കേരളം വിട്ട് മറ്റ് സംസ്ഥാനങ്ങളിലേക്കും മറ്റ് രാജ്യങ്ങളിലേക്കും ജോലി തേടി പോകാന്‍ ആഗ്രഹിക്കുന്നു. ഏതാണ്ട് 81% ജൂനിയര്‍ ഡോക്ടര്‍മാരും നിര്‍ബന്ധിത ബോണ്ട് സര്‍വീസില്‍പ്പെട്ടവരാണ്. സ്‌പെഷ്യലിസ്റ്റുകള്‍ക്കും സൂപ്പര്‍ സ്‌പെഷ്യലിസ്റ്റുകള്‍ക്കുപോലും ന്യായമായ ശമ്പളം കേരളത്തില്‍ ലഭിക്കുന്നില്ല. ശമ്പളം, സ്‌റ്റൈപെന്റ് മുതലായവ കൃത്യമായ സമയത്ത് വിതരണം ചെയ്യപ്പെടുന്നില്ലെന്നും ഇവര്‍ വ്യക്തമാക്കി. വിദേശ വിദ്യാഭ്യാസം നടത്തി കേരളത്തില്‍ എത്തിയ ഡോക്ടര്‍മാരുടെ സ്ഥിതിയാണ് ഏറ്റവും ദയനീയം. സ്‌റ്റൈപെന്റ് പോലും ലഭിക്കാത്തവരാണ് ഈ വിഭാഗക്കാര്‍. ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കി പുറത്തിറങ്ങിയാലും ഇവരെ രണ്ടാം തട്ടുകാരായി കാണുകയും ശമ്പത്തില്‍ വിവേചനം കാട്ടുകയുമാണെന്നും ഐ.എം. എ ഭാരവാഹികള്‍ വ്യക്തമാക്കി. അധിക ജോലിക്ക് കൂടുതല്‍ ശമ്പളം നല്‍കുകയും കൃത്യമായ സമയത്ത് തന്നെ ശമ്പളം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും തൊഴിലിടത്തിലെ സുരക്ഷ ഉറപ്പാക്കാന്‍ നടപടികള്‍ ഉണ്ടാവുകയും വേണം. വര്‍ഷം തോറും 7,500 ഓളം ഡോക്ടര്‍മാരാണ് പഠനം പൂര്‍ത്തിയായി പുറത്തിറങ്ങുന്നത്. കേരളത്തില്‍ ഇപ്പോഴും 1960 സ്റ്റാഫ് പാറ്റേണ്‍ മാതൃകയിലാണ് സര്‍ക്കാര്‍ മേഖലയില്‍ ഡോക്ടര്‍മാരെയും ആരോഗ്യ പ്രവര്‍ത്തരെയും നിയമിക്കുന്നത്. ഇത് പരിഷ്‌ക്കരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുകയാണെന്നും ഇവര്‍ വ്യക്തമാക്കി. ഡോക്ടര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരെയും കൂടുതല്‍ നിയമിച്ച് കേരളത്തിലെ പ്രാഥമിക ആരോഗ്യമേഖല കൂടുതല്‍ മെച്ചപ്പെടുത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. മസ്തിഷ്‌ക്ക മരണം സ്ഥിരീകരിച്ച വ്യക്തികളുടെ അവയവദാനം കൂടുതല്‍ പ്രോല്‍സാഹിപ്പിക്കപ്പെടണം. ഇതിനായി നിലവിലുള്ള നിയമത്തിലെ കാര്‍ക്കശ്യം ലഘൂകരിക്കണം. അത് സാധ്യമായാല്‍ കൂടുതല്‍ പേര്‍ക്ക് ജീവിതത്തിലേക്ക് മടങ്ങിവരാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ഒപ്പം അവയവദാന രംഗത്തെ മാഫിയകളെ ഇല്ലായ്മ ചെയ്യാനും വഴിതെളിക്കുമെന്നും ഇവര്‍ വ്യക്തമാക്കി. സംസ്ഥാന ട്രഷറര്‍ ഡോ. കെ.പി ഷറഫുദ്ദീന്‍, മുന്‍ പ്രസിഡന്റ് ഡോ. സുള്‍ഫി നൂഹ്, ഐ.എം.എ കൊച്ചി വൈസ് പ്രസിഡന്റ് ഡോ. ജോര്‍ജ്ജ് തുകലന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

