കൊച്ചി: ജപ്പാനിൽ സമാപിച്ച 2026 ഏഷ്യൻ ഗെയിംസിൽ 27 മെഡലുകൾ നേടി ചരിത്ര വിജയം കൈവരിച്ച സായുധ സേനയിലെ കായികതാരങ്ങളെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ ആദരിച്ചു. 6 സ്വർണം, 11 വെള്ളി, 10 വെങ്കലം എന്നിവയുൾപ്പെടെ 27 മെഡലുകളാണ് സർവീസസ് വിഭാഗത്തിലെ താരങ്ങൾ ഇന്ത്യക്കായി നേടിയത്. ഏഷ്യൻ ഗെയിംസിൽ ഇന്ത്യ നേടിയ ആകെ 85 മെഡലുകളിൽ (21 സ്വർണം, 27 വെള്ളി, 37 വെങ്കലം) 32 ശതമാനവും സർവീസസ് കായികതാരങ്ങളുടെ സംഭാവനയാണ്. ചടങ്ങിൽ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, കരസേനാ മേധാവി ജനറൽ ധീരജ് സേത്ത് തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.
മൂന്ന് സേനാവിഭാഗങ്ങളിൽ നിന്നായി 92 താരങ്ങളാണ് 19 കായിക ഇനങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചത്. വനിതകളുടെ ഇൻഡിവിജ്വൽ ട്രാപ്പ് ഷൂട്ടിംഗിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതയായ നായിബ് സുബേദാർ നീരു ധണ്ഡാ (2 സ്വർണം, 1 വെള്ളി), ഒരൊറ്റ ഏഷ്യൻ ഗെയിംസിൽ മൂന്ന് വ്യക്തിഗത മെഡലുകൾ നേടുന്ന ആദ്യ പുരുഷ അത്ലറ്റായ നായിബ് സുബേദാർ ഗുൽവീർ സിംഗ് എന്നിവരുടെ പ്രകടനം ഏറെ ശ്രദ്ധേയമായി. പുരുഷന്മാരുടെ മാരത്തണിൽ 2:11:37 സെക്കൻഡിൽ ദേശീയ റെക്കോർഡോടെ വെള്ളി നേടിയ ഹവിൽദാർ സാവൻ ബർവാൾ 44 വർഷത്തെ കാത്തിരിപ്പിനാണ് വിരാമമിട്ടത്. പുരുഷന്മാരുടെ ഹൈജമ്പിൽ 56 വർഷത്തിന് ശേഷം നായിബ് സുബേദാർ സർവേഷ് കുഷാരെ ഇന്ത്യക്കായി മെഡൽ നേടി. മിഷൻ ഒളിമ്പിക് വിംഗിന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ച പ്രതിരോധ മന്ത്രി, 2028 ലോസ് ഏഞ്ചലസ് ഒളിമ്പിക്സ് ലക്ഷ്യമിട്ട് മുന്നേറാൻ താരങ്ങൾക്ക് ആഹ്വാനം നൽകി.

