കേരളത്തിന്റെ ഹരിത വികസനത്തില്‍ ഒരു വിപ്ലവപരമായ മാറ്റത്തിനായി 1135 കോടി രൂപയുടെ നിക്ഷേപദ്ധതികളാണ് ഇൻകെലിന്റെ വാഗ്ദാനം. അതിന്റെ ഭാഗമാണ് പുനരുപയോഗ ഊര്‍ജ്ജ മേഖലയിലെ 200 കോടി രൂപയുടെ പദ്ധതി
കൊച്ചി: പുനരുപയോഗ ഊര്‍ജ്ജ മേഖലയില്‍ 200 കോടി രൂപയുടെ പദ്ധതിയുമായി ഇന്‍കല്‍. ഇടപ്പള്ളി ലുലു മാരിയറ്റ് ഹോട്ടലില്‍ നടന്ന കമ്പനി ബോര്‍ഡ് മീറ്റിങ്ങിനു ശേഷം വാര്‍ത്ത സമ്മേളനത്തില്‍ കമ്പനി ചെയര്മാന് കൂടിയായ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പദ്ധതി പ്രഖ്യാപനം നടത്തി. പൊതു സ്വകാര്യ പങ്കാളിത്തത്തോടെയുള്ള സംരംഭമായ ഇന്‍കല്‍ 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 123.87 കോടി രൂപയുടെ റെക്കോഡ് വിറ്റുവരവാണ് കൈവരിച്ചതെന്ന് മന്ത്രി പറഞ്ഞു. 23.53 കോടി രൂപ അറ്റാദായം ഉണ്ടാക്കാനും കമ്പനിക്ക് സാധിച്ചു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വിറ്റുവരവിലും അറ്റാദായത്തിലും ഗണ്യമായ വര്‍ദ്ധന ഉണ്ടായി. തുടര്‍ച്ചയായ നാലാം വര്‍ഷവും കമ്പനി ലാഭത്തില്‍ ആയതിനാല്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തെ പോലെ മൂന്നാം വര്‍ഷവും ഡിവിഡന്റ് നല്‍കുന്നത് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.

ഐ ജി റ്റി പി എല്‍, ഹൈലൈറ്റ് ഗ്രൂപ്പ് തുടങ്ങിയ വ്യവസായ വാണിജ്യ ഗ്രൂപ്പുകളുമായി ചേര്‍ന്നാണ് ഇന്‍കല്‍ ഈ പദ്ധതി വിഭാഗം ചെയ്യുന്നത്. ഇന്‍കലിന്റെ ഉടമസ്ഥതയിലുള്ള മലപ്പുറം ഗ്രീന്‍സ് വ്യവസായ പാര്‍ക്കില്‍ 75 ഏക്കറില്‍ 23.2 മെഗാ വാട്ട് സോളാര്‍ വൈദ്യുതി പദ്ധതിക്കാണ് ആദ്യഘട്ടത്തില്‍ തുടക്കമാകുന്നത്. മറ്റു പ്രമുഖ വ്യവസായ ഗ്രൂപ്പുകളുമായുള്ള ഗ്രൂപ്പ് ക്യാപിറ്റല്‍ മോഡല്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് കാസര്‍കോട്, പാലക്കാട് ജില്ലകളിലും ഭൂമി വാങ്ങി പദ്ധതി വിപുലീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിന്റെ ഹരിത വികസനത്തില്‍ വിപ്ലവം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പുനരുപയോഗ ഊര്‍ജ്ജ പദ്ധതികള്‍, ലോജിസ്റ്റിക് , റോഡ്, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ മേഖലകളിലായി 1135 കോടി രൂപയുടെ നിക്ഷേപദ്ധതികളാണ് ഇന്‍വെസ്റ്റ് കേരളയില്‍ ഇന്‍കല്‍ വാഗ്ദാനം ചെയ്തത്. ഇതിന്റെ തുടര്‍ച്ചയാണ് പുനരുപയോഗ ഊര്‍ജ്ജ മേഖലയിലെ പുതിയ പദ്ധതി. ഗ്രൂപ്പ് ക്യാപ്റ്റീവ് മോഡലിലുള്ള ഇത്തരം ഒരു പദ്ധതി കേരളത്തില്‍ തന്നെ ആദ്യമായാണ്.ഇന്‍കല്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ കെ ഇളങ്കോവന്, സ്വതന്ത്ര ഡയറക്ടര്‍മാരായ ജേക്കബ് കോവൂര്‍ നൈനാന്, അഡ്വ ഗീതാ കുമാരി, ബിസിനസ് ഡെവലപ്മെന്റ് സീനിയര്‍ ഡിജിഎം ബഷീര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

