അലുമെക്‌സ് ഇന്ത്യ 2025 പ്രദര്‍ശനം സെപ്റ്റംബര്‍ 10 മുതല്‍ 13 വരെ ന്യൂഡല്‍ഹിയില്‍

അലുമിനിയം മൂല്യ ശൃംഖലയിലുടനീളമുള്ള 200ലധികം പ്രദര്‍ശകരും 12,000 ബിസിനസ്സ് സന്ദര്‍ശകരും പ്രദര്‍ശനത്തിനെത്തും
കൊച്ചി: കേരളത്തിലെ അലുമിനിയം എക്‌സ്ട്രൂഷന്‍ മേഖലയ്ക്കുള്ള ആഗോള അവസരങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍  അലൂമിനിയം എക്‌സ്ട്രൂഷന്‍ മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (അലെമൈ)യുടെ നേതൃത്വത്തില്‍  സെപ്റ്റംബര്‍ 10 മുതല്‍ 13 വരെ ന്യൂഡല്‍ഹിയില്‍  അലുമെക്‌സ് ഇന്ത്യ 2025 പ്രദര്‍ശനം സംഘടിപ്പിക്കുമെന്ന് അലുമിനിയം എക്‌സ്ട്രൂഷന്‍ മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (അലെമൈ) പ്രസിഡന്റ് ജിതേന്ദ്ര ചോപ്ര വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അലുമിനിയം മൂല്യ ശൃംഖലയിലുടനീളമുള്ള 200ലധികം പ്രദര്‍ശകരും 12,000 ബിസിനസ്സ് സന്ദര്‍ശകരും പ്രദര്‍ശനത്തിനെത്തും. അലുമെക്‌സ് ഇന്ത്യ 2025 ല്‍, സാങ്കേതിക പ്രാദേശികവല്‍ക്കരണം, ഗ്രീന്‍ എക്‌സ്ട്രൂഷന്‍ രീതികള്‍, എംഎസ്എംഇകള്‍ക്കുള്ള സര്‍ക്കാര്‍ പിന്തുണ, ഉയര്‍ന്നുവരുന്ന ആഗോള പ്രവണതകള്‍ എന്നിവയെക്കുറിച്ച്  സെഷനുകള്‍ ഉണ്ടായിരിക്കും. ഹിന്‍ഡാല്‍കോ, വേദാന്ത, ഖനി മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ജെഎന്‍എആര്‍ഡിഡിസി, പ്രതിരോധ ആവശ്യങ്ങള്‍ക്കായി എക്‌സ്ട്രൂഷന്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന, പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ യന്ത്ര ഇന്ത്യ ലിമിറ്റഡ്, എംഎസ്എംഇ മന്ത്രാലയത്തിന്‍ കീഴിലുള്ള ഇഇപിസിഇന്ത്യ എന്നിവ അലുമെക്‌സ് ഇന്ത്യ 2025 നെ പിന്തുണയ്ക്കുന്നുണ്ട് .

ഇന്ത്യയിലെ ഏറ്റവും മികച്ചതും സുപ്രധാനവുമായ ചില അലുമിനിയം എക്‌സ്ട്രൂഷന്‍ യൂണിറ്റുകളുടെ ആസ്ഥാനമായ കേരളം, രാജ്യത്തെ അലുമിനിയം മേഖലയില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്ന ഒരു സ്ഥലമാണ്. കേരളത്തില്‍, അടിസ്ഥാന സൗകര്യ വികസനം, നഗരവല്‍ക്കരണം, വ്യവസായവല്‍ക്കരണം എന്നിവ കാരണം അലുമിനിയം എക്‌സ്ട്രൂഷനുകളുടെ ആവശ്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ വിമാനത്താവളങ്ങള്‍, റെയില്‍വേകള്‍, ഹൈവേകള്‍, സ്മാര്‍ട്ട് സിറ്റികള്‍, മറ്റ് അടിസ്ഥാന സൗകര്യ പദ്ധതികള്‍ എന്നിവയുടെ നിര്‍മ്മാണം ഭാരം കുറഞ്ഞതും, ഈടുനില്‍ക്കുന്നതും, തുരുമ്പു പിടിക്കല്‍ പ്രതിരോധശേഷിയുള്ളതുമായ ഗുണങ്ങള്‍ കാരണം കൂടുതലായും അലുമിനിയം ഉപയോഗിക്കുന്നതിനു കാരണമായി.എന്നിരുന്നാലും, കേരളത്തിന് ശക്തമായ വ്യാവസായിക അടിത്തറ, മികച്ച കണക്റ്റിവിറ്റി, വൈദഗ്ധ്യമുള്ള തൊഴില്‍ ശക്തി എന്നിവ ഉണ്ടായിരുന്നിട്ടും, സംസ്ഥാനത്തെ അലുമിനിയം എക്‌സ്ട്രൂഷന്‍ നിര്‍മ്മാതാക്കള്‍ പലതരം വെല്ലുവിളികള്‍ നേരിടുന്നു. സ്വന്തമായി ബോക്‌സൈറ്റ് ശേഖരമുള്ള ലോകത്തിലെ മൂന്നാമത്തെ വലിയ അലുമിനിയം ഉത്പാദക രാജ്യമാണ് ഇന്ത്യയെങ്കിലും, ഇവിടെ അസംസ്‌കൃത വസ്തുക്കളുടെ വില തീര്‍ത്തും അസ്ഥിരമാണ്. പാരിസ്ഥിതിക അനുമതികള്‍ നേടുന്നതിലെ കാലതാമസം, ഉയര്‍ന്ന ഉല്‍പാദനച്ചെലവ്, ഉയര്‍ന്ന ഗതാഗത ചെലവുകള്‍ എന്നിവ മത്സരക്ഷമത ഇല്ലാതാക്കുകയും ഈ മേഖലയിലെ ശേഷി വികസനത്തെ നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നു.
കൂടാതെ, വ്യവസായത്തിന്റെ നട്ടെല്ലായ ആഭ്യന്തര എംഎസ്എംഇകള്‍, സ്വതന്ത്ര വ്യാപാര കരാര്‍ (എഫ്ടിഎ) ഇളവുകള്‍, ചൈനയില്‍ നിന്നും വിയറ്റ്‌നാം, മലേഷ്യ, ഇന്തോനേഷ്യ, കംബോഡിയ തുടങ്ങിയ ആസിയാന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള കുറഞ്ഞ വിലയ്ക്കുള്ള  ഇറക്കുമതി എന്നിവയുടെ സമ്മര്‍ദ്ദത്തില്‍ ബുദ്ധിമുട്ടുകയാണ് ഇന്ത്യ. അതോടൊപ്പം യുഎസ് താരിഫ് പ്രശ്‌നങ്ങള്‍ ആഭ്യന്തര നിര്‍മ്മാതാക്കളുടെ സ്ഥിതി കൂടുതല്‍ വഷളാക്കിയിട്ടുണ്ട്. കേരളത്തിന് ഒരു പ്രധാന അലുമിനിയം എക്‌സ്ട്രൂഷന്‍ ഹബ്ബാകാനുള്ള കഴിവുണ്ട്, എന്നാല്‍ സര്‍ക്കാര്‍ പിന്തുണയും സീറോ ഡ്യൂട്ടി ഇറക്കുമതികള്‍ക്കെതിരായ സുരക്ഷാ നടപടികളും ഇല്ലാത്തതിനാല്‍ നിര്‍മ്മാതാക്കള്‍ അവരുടെ ഉല്‍പ്പാദനപ്രവര്‍ത്തനങ്ങള്‍ നിലനിര്‍ത്താന്‍ പാടുപെടുകയാണ്. ലാഭകരവും ആഗോളതലത്തില്‍ മത്സരക്ഷമതയുള്ളതുമായി തുടരണമെങ്കില്‍ അസംസ്‌കൃത വസ്തുക്കളുടെ വില, അംഗീകാരങ്ങള്‍, ലോജിസ്റ്റിക്‌സ് വെല്ലുവിളികള്‍ എന്നിവ പരിഹരിക്കുന്നതിന് ഈ മേഖലയ്ക്ക് അടിയന്തര ശ്രദ്ധ ആവശ്യമാണെന്നും ജിതേന്ദ്ര ചോപ്ര പറഞ്ഞു.ഇന്ത്യയില്‍ ആകമാനമുള്ള സ്ഥാപിത അലുമിനിയം എക്‌സ്ട്രൂഷന്‍ ശേഷി പ്രതിവര്‍ഷം 3 ദശലക്ഷം ടണ്‍ ആണ്, എന്നാല്‍ ഉത്പാദനം ഏകദേശം 1.2 ദശലക്ഷം ടണ്‍ മാത്രമാണ്, അതിനാല്‍ ബാക്കി 1.8 ദശലക്ഷം ടണ്‍ ഇറക്കുമതി ചെയ്യേണ്ട അവസ്ഥയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു