എം.എസ്.എം.ഇകള്‍ക്കുളള വായ്പയില്‍ വലിയ മുന്നേറ്റം കൈവരിക്കാന്‍ ബാങ്കിന് സാധിച്ചിട്ടുണ്ട്. 1,06,000 എംഎസ്എംഇകള്‍ക്കാണ് ഇതുവരെ വായ്പ നല്‍കിയത്.
കൊച്ചി: സാധാരണക്കാരുടെ സ്വപ്നങ്ങളുമായി ചേര്‍ന്നു നില്ക്കുന്ന ബാങ്കായി കേരള ബാങ്ക് അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്ന് കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍, കേരള ബാങ്ക് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ ജോര്‍ട്ടി എം.ചാക്കോ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആധുനിക രീതിയിലുള്ള എല്ലാ സൗകര്യങ്ങളും കേരള ബാങ്ക് ഒരുക്കി നല്‍കുന്നുണ്ട്. വായ്പ നല്കുന്നതില് വലിയ മുന്നേറ്റമാണ് കേരള ബാങ്ക് കൈവരിച്ചിരിക്കുന്നത്. 52,000 കോടി രൂപയാണ് വായ്പയായി നല്‍കിയത്. ഇതില്‍ 27 ശതമാനം കാര്‍ഷിക വായ്പയാണ്. ഏകദേശം 14,000 കോടി രൂപ വരും. യഥാര്‍ഥ കര്‍ഷകന്റെ വായ്പ ഒരു കാരണവശാലും കേരള ബാങ്ക് തടയില്ല. കര്‍ഷകന്റെ ബാങ്ക് കേരള ബാങ്ക് എന്നതാണ് നമ്മുടെ മുദ്രാവാക്യമെന്നും ഇവര്‍ പറഞ്ഞു. എം.എസ്.എം.ഇകള്‍ക്കുളള വായ്പയില്‍ വലിയ മുന്നേറ്റം കൈവരിക്കാന്‍ ബാങ്കിന് സാധിച്ചിട്ടുണ്ട്. 1,06,000 എംഎസ്എംഇകള്‍ക്കാണ് ഇതുവരെ വായ്പ നല്‍കിയത്. സര്‍ക്കാരിന്റെ കണക്കനുസരിച്ച് രണ്ട് തൊഴിലവസരങ്ങളാണ് ഒരു എംഎസ്എംഇ സൃഷ്ടിക്കുന്നത്.
പഞ്ചായത്തുകള്‍ തോറും പ്രോജക്ടുകള്‍ വരണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. ഒരോ പഞ്ചായത്തിലും ഒരോ വാര്‍ഡിലും അവിടെയുള്ളവര്‍ക്ക് തന്നെ ഉപകാരമപ്രദമാകുന്ന ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കണം. മേക്ക് ഇന്‍ ഇന്ത്യ എന്ന പോലെ മേക്ക് ഇന്‍ കേരള എന്ന നിലപാടിലേക്ക് വരേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. സ്വയം പര്യാപ്തമായ പഞ്ചായത്തുകളാണ് ലക്ഷ്യം വെയ്ക്കേണ്ടത്. കൃത്യമായ ലക്ഷ്യത്തോടെയും ഉദ്ദേശത്തോടെയുമുള്ള സംരംഭങ്ങള്‍ക്ക് കേരള ബാങ്ക് വായ്പ നല്‍കുമെന്നും ഇവര്‍ പറഞ്ഞു. സ്വര്ണ്ണപണയത്തിനും കുറഞ്ഞ പലിശനിരക്കാണ് കേരള ബാങ്ക് ഈടാക്കുന്നത്. ഒമ്പതേകാല് ശതമാനം പലിശ മാത്രമാണ് സ്വര്‍ണ്ണ പണയത്തിന് ഈടാക്കുന്നത്. 2024 ആഗസ്റ്റ് മുതല്‍ 2025 വരെ ആഗസ്റ്റ് വരെയുള്ള കാലയളവില്‍ 7831 കോടിയുടെ ബിസിനസ് വളര്‍ച്ചയാണ് ബാങ്ക് കൈവരിച്ചിരിക്കുന്നത്. നിക്ഷേപകര്‍ക്ക് ഏറ്റവും കൂടുതല്‍ നിരക്കില്‍ പലിശ നല്‍കുകയെന്നതാണ് സഹകരണ മേഖലയുടെ നയം. കേരള ബാങ്ക് ഇത് കൃത്യമായി പാലിക്കുന്നുണ്ട്. സ്ഥിര നിക്ഷേപത്തിന് 7.60 ശതമാനം പലിശയാണ് കേരള ബാങ്ക് നല്‍കുന്നത്. മിക്ക ബാങ്കുകളും സാധാരണക്കാര്‍ക്ക് ഒരോരോ കാരണം പറഞ്ഞ് വായ്പ നിഷേധിക്കുമ്പോള്‍ അവര്‍ക്ക് പരമാവധി വായ്പ നല്‍കാനുള്ള ശ്രമങ്ങളാണ് കേരള ബാങ്ക് നടത്തുന്നതെന്നും ഇരുവരും പറഞ്ഞു.

