മട്ടാഞ്ചേരിയിലേക്ക് കൂടി വാട്ടര്‍ മെട്രോ എത്തുന്നത് പശ്ചിമ കൊച്ചിയുടെ മുഖച്ഛായ വലിയ തോതില്‍ മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
കൊച്ചി: മട്ടാഞ്ചേരിയിലേക്ക് കൂടി വാട്ടര്‍ മെട്രോ എത്തുന്നത് പശ്ചിമ കൊച്ചിയുടെ മുഖച്ഛായ വലിയ തോതില്‍ മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മട്ടാഞ്ചേരി, വെല്ലിങ്ടണ്‍ ഐലന്റ് വാട്ടര്‍ മെട്രോ ടെര്‍മിനലുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് ഒരു നിര്‍ണ്ണായക ചുവടുവെപ്പാണ് വാട്ടര്‍ മെട്രോ. യാത്രാ സംവിധാനങ്ങള്‍ ഒരുക്കുക എന്നതിനൊപ്പം ഫോര്‍ട്ട് കൊച്ചിയും മട്ടാഞ്ചേരിയും അടങ്ങുന്ന വൈവിധ്യപൂര്‍ണമായ പ്രദേശങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന കണ്ണിയായി വാട്ടര്‍ മെട്രോ മാറുകയാണ്. കൊച്ചി നഗരത്തിനും പശ്ചിമ കൊച്ചിയിലെ പ്രദേശങ്ങള്‍ക്കും ഇടയിലുള്ള ഗതാഗതം കൂടുതല്‍ സുഗമമാക്കാന്‍ ഉപകരിക്കും. നഗരത്തിന്റെയും ഇവിടുത്തെ ജനങ്ങളുടെയും ജീവിത നിലവാരം കാര്യമായി ഉയര്‍ത്താനും കഴിയും.
മേഖലയുടെ പ്രാദേശിക വികസനത്തില്‍ കൊച്ചി വാട്ടര്‍ മെട്രോ നല്കാന് പോകുന്നത് വലിയ സംഭാവനകളാണ്. ഇത് വിനോദ സഞ്ചാര മേഖലക്കും വലിയ ഉണര്‍വ് നല്‍കും. നഗരത്തിലെ ജനങ്ങള്‍ക്കും നഗരത്തിനു ചുറ്റുമുള്ള ദ്വീപ് നിവാസികള്‍ക്കും ഇവിടേക്ക് വരുന്ന വിനോദ സഞ്ചാരികള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന സംവിധാനമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.മട്ടാഞ്ചേരി വാട്ടര്‍ മെട്രോ സ്റ്റേഷനില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷനായി. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ലോകനാഥ് ബഹ്റ, കൊച്ചി മേയര്‍ അഡ്വ. എം അനില്‍കുമാര്‍, കെ.ജെ മാക്സി എം.എല്‍.എ, ടി.ജെ വിനോദ് എം.എല്‍.എ, സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസ്, ഡെപ്യൂട്ടി മേയര്‍ കെ.എ അന്‍സിയ, കോര്പ്പറേഷന് കൗണ്‍സിലര്‍ ടി. പത്മകുമാരി, കൊച്ചി മെട്രോ ഡയറക്ടര്‍ (പ്രോജക്ട്) ഡോ. എം.പി രാം നവാസ്, തുടങ്ങിയവര്‍ പങ്കെടുത്തു. ഉദ്ഘാടനത്തിനു ശേഷം മുഖ്യമന്ത്രിയും മന്ത്രിയും എം എല്‍ എ മാരും വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്ത് വില്ലിംഗ്ടണ്‍ ഐലന്റ് ടെര്‍മിനല്‍ സന്ദര്‍ശിച്ചു


