സെലിബ്രേറ്റിംഗ് എന്റര്‍പ്രണര്‍ഷിപ്പ്’ എന്ന പ്രമേയത്തില്‍ രാജ്യത്തെ നിരവധി പ്രമുഖ വ്യവസായികള്‍, മാനേജ്മന്റ് വിദഗ്ധര്‍, നിക്ഷേപകര്‍, മെന്റര്‍മാര്‍, ഇന്നൊവേറ്റര്‍മാര്‍, സര്‍ക്കാര്‍ പ്രതിനിധികള്‍ എന്നിവര്‍ സമ്മേളനത്തില്‍ ഒത്തുകൂടും.
കൊച്ചി: സംസ്ഥാനത്തെ ഏറ്റവും വലിയ സംരംഭക സമ്മേളനമായ ടൈകോണ്‍ കേരള 2025 നവംബര്‍ 21, 22 തീയതികളില്‍ കുമരകം ദി സൂരിയില്‍ നടക്കും. പുതിയ ബിസിനസ് ആശയങ്ങള്‍, അവസരങ്ങള്‍, നെറ്റ്‌വര്‍ക്കിങ്ങ്, ഫണ്ടിങ്ങ് എന്നിവക്ക് സമ്മേളനം വേദിയൊരുക്കുമെന്ന് ടൈ കേരള പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ്, മുന്‍ പ്രസിഡന്റ് ജേക്കബ് ജോയ്, ടൈ യൂണിവേഴ്‌സിറ്റി ചെയര്‍ പേഴ്‌സണും, ടൈ യങ്ങ് എന്റര്‍പ്രണേഴ്‌സ് ഗ്ലോബല്‍ ബോര്‍ഡ് മെമ്പറുമായ വിനോദിനി സുകുമാര്‍; എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ദിവ്യ തലക്കലാട്ട് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.സെലിബ്രേറ്റിംഗ് എന്റര്‍പ്രണര്‍ഷിപ്പ്’ എന്ന പ്രമേയത്തില്‍ രാജ്യത്തെ നിരവധി പ്രമുഖ വ്യവസായികള്‍, മാനേജ്മന്റ് വിദഗ്ധര്‍, നിക്ഷേപകര്‍, മെന്റര്‍മാര്‍, ഇന്നൊവേറ്റര്‍മാര്‍, സര്‍ക്കാര്‍ പ്രതിനിധികള്‍ എന്നിവര്‍ സമ്മേളനത്തില്‍ ഒത്തുകൂടും. സംരംഭകര്‍, സ്റ്റാര്‍ട്ടപ്പുകള്‍, യുവ പ്രൊഫഷനലുകള്‍, സാങ്കേതിക, മാനേജ്മന്റ് വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പ്രതിനിധികളായെത്തും. വനിതാ സംരംഭകരെയും സാമൂഹിക സംരംഭങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിലും, ഉത്തരവാദിത്തമുള്ള സംരംഭങ്ങളുടെ കേന്ദ്രമെന്ന നിലയില്‍ കേരളത്തിന്റെ പ്രശസ്തി ശക്തിപ്പെടുത്തുന്നതിലും ടൈക്കോണ്‍ സമ്മേളനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്.
നവംബര്‍ 21 ഉച്ചക്ക് 2 മണിക്ക് സമ്മേളനം ആരംഭിക്കും. ഉദ്ഘാടന സെഷനില്‍ ഇന്ത്യയിലെ മുന്‍നിര എഫ്എംസിജി ബ്രാന്‍ഡായ കാവിന്‍കെയറിന്റെ സ്ഥാപകനും ചെയര്‍മാനുമായ സി.കെ. രംഗനാഥന്‍ മുഖ്യപ്രഭാഷണം നടത്തും.അടുത്ത തലമുറയിലെ സംരംഭകരെ വളര്‍ത്തിയെടുക്കുക എന്ന സംഘടനയുടെ കാഴ്ചപ്പാടാണ് ടൈകോണ്‍ കേരള 2025 മുന്നോട്ട് വെക്കുന്നതന്ന് ടൈ കേരള പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ് പറഞ്ഞു. സാങ്കേതികവിദ്യയും നിര്‍മ്മിത ബുദ്ധിയും ബിസിനസ് രീതികള്‍ പൊളി ച്ചെഴുതുന്ന കാലമാണിത്. ടൈകോണ്‍ വഴി, സംസ്ഥാനത്തെ യുവസംരംഭകരെ അതിനൂതന ഡിജിറ്റല്‍ അവസരങ്ങള്‍ പ്രയോജനപ്പെടുത്താനും ആഗോളതലത്തില്‍ അവസരങ്ങള്‍ ഉപയോഗപ്പെടുത്താനും, ശരിയായ നെറ്റ്‌വര്‍ക്കുകള്‍ കണ്ടെത്തുവാനും ടൈക്കോണ്‍ അവസരമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷത്തെ സമ്മേളനം സുസ്ഥിരത വികസന ലക്ഷ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ടൈ കേരള വൈസ് പ്രസിഡന്റും ടൈകോണ്‍ കേരള 2025 ചെയര്‍മാനുമായ ഡോ. ജീമോന്‍ കോര പറഞ്ഞു. എ.ഐ, കാലാവസ്ഥാ സാങ്കേതികവിദ്യ, ആരോഗ്യ സംരക്ഷണം, നിര്‍മ്മാണം, മൊബിലിറ്റി തുടങ്ങിയ മേഖലകളിലെ വിദഗ്ധര്‍ പ്രത്യേക സെഷനുകള്‍ നയിക്കും. പുതിയ സംരംഭകര്‍ക്കും പ്രാരംഭ ഘട്ടത്തിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കും ജൂറിക്ക് മുന്നില്‍ അവരുടെ നൂതന ആശയങ്ങള്‍ അവതരിപ്പിക്കുന്നതിനും ഓണ്‍ദിസ്‌പോട്ട് ഫണ്ടിംഗ് അവസരങ്ങള്‍ നേടാനുമുള്ള തത്സമയ വേദിയായ പിച്ച് ബേ ഈ വര്‍ഷത്തെ ടൈക്കോണ്‍ കേരളയുടെ പ്രധാന ആകര്‍ഷണമാവും.നിക്ഷേപകരും, വ്യവസായ പ്രമുഖരുമടങ്ങുന്ന സംഘമാണ് നവംബര്‍ 21, 22 തിയ്യതികളിലായി നടക്കുന്ന സംരംഭക സമ്മേളനത്തില്‍ പിച്ച് ബേ സെഷന് നേതൃത്വം നല്‍കുന്നത്. സമ്മേളനത്തിന്റെ ഭാഗമായി ടൈ കേരള അവാര്‍ഡ് ദാന ചടങ്ങും നടക്കും. സംസ്ഥാനത്തെ സംരംഭകത്വ മേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് ഏഴ് വിഭാഗങ്ങളിലായാണ് അവാര്‍ഡ്. രണ്ട് ദിവസത്തെ സമ്മേളനത്തില്‍, മുഖ്യപ്രഭാഷണങ്ങള്‍, പാനല്‍ ചര്‍ച്ചകള്‍,ഫയര്‍സൈഡ് ചാറ്റുകള്‍, റൗണ്ട് ടേബിള്‍ മീറ്റിങ്ങുകള്‍, നിക്ഷേപക സെഷനുകള്‍, മൈ സ്‌റ്റോറി, ക്യാപിറ്റല്‍ കഫേ, സ്റ്റാര്‍ട്ടപ്പ് പിച്ച് ഫെസ്റ്റ് ഇവന്റ് എന്നിവ ഉള്‍പ്പെടും.

