180 നഗരങ്ങളിലായി 320ലധികം കസ്റ്റമര്‍ ടച്ച്‌പോയിന്റുകള്‍ വിപുലീകരിക്കാന്‍ ഒരുങ്ങുകയാണ് സ്‌കോഡ.
കൊച്ചി: ഇന്ത്യയില്‍ അഞ്ച് ലക്ഷം കാറുകള്‍ വിറ്റഴിച്ച് സ്‌കോഡ ഓട്ടോ ഇന്ത്യ. ഇന്ത്യയില്‍ 25ാം വാര്‍ഷികത്തിലെത്തി നില്‍ക്കുന്ന കമ്പനി, നവംബര്‍ മാസം മാത്രം 5,491 വാഹനങ്ങള്‍ വിറ്റുകൊണ്ട്, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 90 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് കമ്പനി രേഖപ്പെടുത്തിയിരിക്കുന്നത്. 180 നഗരങ്ങളിലായി 320ലധികം കസ്റ്റമര്‍ ടച്ച്‌പോയിന്റുകള്‍ വിപുലീകരിക്കാന്‍ ഒരുങ്ങുകയാണ് സ്‌കോഡ. കൂടാതെ, വിപുലമായ പ്രോഡക്റ്റ് പോര്‍ട്ട്‌ഫോളിയോ, ഉപഭോക്തൃ കേന്ദ്രീകൃത ഓഫറുകള്‍, പാക്കേജുകള്‍ തുടങ്ങിയവയിലൂടെ ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും വലിയ വാര്‍ഷിക വളര്‍ച്ചയിലേക്കുള്ള കുതിപ്പ് നിലനിര്‍ത്താന്‍ ഒരുങ്ങുകയാണ് സ്‌കോഡ ഓട്ടോ ഇന്ത്യ. ഇന്ത്യയില്‍ 25 വര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ ബ്രാന്‍ഡ് കീഴടക്കിയ നിരവധി നാഴികക്കല്ലുകളില്‍ ഒന്നാണ് പണ്ടുമുതലേ വാഹനപ്രേമികളുടെ ഇഷ്ട മോഡലായ ഒക്‌ടേവിയ ആര്‍എസിന്റെ തിരിച്ചുവരവ്. ബുക്കിംഗ് ആരംഭിച്ച് 20 മിനിറ്റിനുള്ളില്‍ തന്നെ എല്ലാ കാറുകളും വിറ്റുതീര്‍ന്നിരുന്നു. 1.0 ടിഎസ്‌ഐ, 1.5 ടിഎസ്‌ഐ മോഡലുകളിലുള്ള സ്ലാവിയയിലൂടെ ഇന്ത്യയില്‍ സെഡാന്‍ പാരമ്പര്യം തുടരുകയാണ് സ്‌കോഡ ഓട്ടോ ഇന്ത്യ.

