ടാക്സ് വെട്ടിച്ചുവെന്നും, നിരവധി നിയമ ലംഘനങ്ങള്‍ നടത്തിയതായി നിരന്തരം വ്യാജ വാര്‍ത്തകള്‍ പ്രക്ഷേപണം നടത്തിയതിനെതിരെയാണ് നഷ്ട പരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചതെന്ന് കിറ്റെക്സ് ഗാര്‍മെന്റ്സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ സാബു എം. ജേക്കബ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കൊച്ചി:വ്യാജ വാര്‍ത്ത പ്രക്ഷേപണം ചെയ്തതിനെതിരെ റിപ്പോര്‍ട്ടര്‍ ചാനലിനും നടത്തിപ്പുകാര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ 250 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചതായി കിറ്റെക്സ് ഗാര്‍മെന്റ്സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ സാബു എം. ജേക്കബ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തുടര്‍ച്ചയായ ദിവസങ്ങളില്‍ ടാക്സ് വെട്ടിച്ചുവെന്നും, നിരവധി നിയമ ലംഘനങ്ങള്‍ നടത്തിയതായി നിരന്തരം വ്യാജ വാര്‍ത്തകള്‍ പ്രക്ഷേപണം നടത്തിയതിനെതിരെയാണ് നഷ്ട പരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്. റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് എഡിറ്റര്‍ ആന്‍ോ അഗസ്റ്റ്യന്‍, മാനേജിംഗ് ഡയറക്ടര്‍ കെ.ജെ.ജോസ്, ഡയറക്ടര്‍ മെല്‍ബി ജോസ്, ചെയര്മാന് റോജി അഗസ്റ്റ്യന്‍, വൈസ് ചെയര്മാന് ജോസ്കുട്ടി അഗസ്റ്റ്യന്‍,ജീവനക്കാരും ചാനലിലെ റിപ്പര്ട്ടര്മാരുമായ അരുണ്‍ കുമാര്‍,സ്മൃതി പരിത്തിക്കാട്, ടി.വി.സുനില്‍, ജിമ്മി ജെയിംസ്, ടി.വി.പ്രസാദ്, എസ്.എസ്.സരന്‍, വിനീത വേണു, അര്ജുന് മട്ടന്നൂര്‍ എന്നിവര്‍ക്കും ഇന്‍ഡോ ഏഷ്യന്‍ ന്യൂസ് ചാനല്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കും, അതിന്റെ മാനേജിംഗ് ഡയറക്ടര്‍ നികേഷ് കുമാര്‍, ഡയറക്ടര്‍ റാണി വര്‍ഗീസ് എന്നിങ്ങനെ 16 പേര്‍ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഇവര്‍ക്കെതിരെ സിവിലായും, ക്രിമിനലായും, കേസുകള്‍ ഫയല്‍ ചെയ്യുന്നതിനൊപ്പം പ്രതികളുടെ വസ്തുവകകള്‍ അറ്റാച്ച് ചെയ്യുന്നതടക്കമുളള നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് സാബു ജേക്കബ് അറിയിച്ചു. അനേകം കേസുകളില്‍ പ്രതികളായ ഇവര്‍ക്ക് ചാനല്‍ നടത്തിപ്പിനുള്ള ലൈസന്‍സ് മിനിസ്ട്രി ഓഫ് ഇന്‍ഫോര്‍മേഷന്‍ ബ്രോഡ്കാസ്റ്റിന്റെയോ, മിനിസ്ട്രി ഓഫ് ഹോം അഫേഴ്സില്‍ നിന്നോ ലഭിച്ചതായി അറിവില്ല. മാത്രവുമല്ല ചാനല്‍ ലൈസന്‍സിനായുള്ള ഇവരുടെ അപേക്ഷ ദേശീയ സുരക്ഷ പ്രശ്നം ചൂണ്ടിക്കാണിച്ച് മന്ത്രാലയങ്ങള്‍ നിരസിച്ചിട്ടുള്ളതായാണ് കാണുന്നത്. രാജ്യത്തെ പല നിയമ വ്യവസ്ഥയും കാറ്റില്‍ പറത്തിയാണ് ഇവര്‍ ചാനല്‍ നടത്തുന്നത്. ഇതിനെതിരെ ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നല്‍കുമെന്നും സാബു ജേക്കബ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.സാബു എം. ജേക്കബ് പ്രസിഡന്റായി പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ പ്രബല രാഷ്ടീയ പാര്‍ട്ടിയായ ട്വന്റി20 കഴിഞ്ഞ ദിവസം ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) നേതൃത്വം നല്കുന്ന നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സിന്റെ (എന്‍ഡിഎ) ഘടക കക്ഷിയായിരുന്നു. എന്നാല്‍ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റ് ഭയന്നാണ് ട്വന്റി20 പാര്‍ട്ടി എന്‍ഡിഎയുടെ ഘടക കക്ഷിയായതെന്നായിരുന്നു റിപ്പോര്‍ട്ടര്‍ ടിവി സംപ്രേഷണം ചെയ്തതെന്നും സാബു എം. ജേക്കബ്ബ് പറഞ്ഞു.

