കോഴിക്കോട് : പാരമ്പര്യത്തിന്റെയും ഒരുമയുടെയും സഹജീവി സ്‌നേഹത്തിന്റെയും സന്ദേശം നല്‍കികൊണ്ട് ദി വൈറ്റ് സ്‌കൂള്‍ ഇന്റര്‍നാഷണലില്‍ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. ആഘോഷങ്ങള്‍ക്കൊപ്പം സാമൂഹിക പ്രതിബദ്ധതയും ഉയര്‍ത്തിപ്പിടിച്ചാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് ഇത്തവണത്തെ ഓണം അവിസ്മരണീയമാക്കിയത്. പ്രധാന ആകര്‍ഷണമായി സ്‌കൂളിലെ ടെന്നിസ് കോര്‍ട്ടില്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ പൂക്കള്‍ക്ക് പകരം വിവിധ നിറങ്ങളിലും ആകൃതിയിലുമുള്ള പച്ചക്കറികള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച 10 മീറ്റര്‍ വ്യാസമുള്ള കൂറ്റന്‍ ‘പച്ചക്കറി പൂക്കളം’ ശ്രദ്ധേയമായി. ഓണാഘോഷത്തിന് തുടക്കം കുറിച്ച കാലം മുതല്‍ പൂക്കള്‍ക്ക് പകരം പച്ചക്കറികള്‍ ഉപയോഗിച്ച് കളമൊരുക്കുന്ന മാതൃകാപരമായ രീതിയാണ് ദി വൈറ്റ് സ്‌കൂള്‍ പിന്തുടരുന്നത്.
വിദ്യാര്‍ത്ഥികള്‍ വീടുകളില്‍ നിന്ന് കൊണ്ടുവന്ന പച്ചക്കറികളാണ് മെഗാ പൂക്കളത്തിനായി ഉപയോഗിച്ചത്. ഭക്ഷ്യവസ്തുക്കള്‍ പാഴാക്കാതെ ആവശ്യക്കാരിലേക്ക് എത്തിക്കുക എന്ന ആശയമാണ് ഇതിലൂടെ മുന്‍പോട്ടുവെക്കുന്നത്. പൂക്കളത്തിന് ശേഷം ഈ പച്ചക്കറികള്‍ സ്‌കൂളിലെ സ്റ്റാഫ് അംഗങ്ങള്‍ക്കും പ്രദേശവാസികള്‍ക്കും വിതരണം ചെയ്യും. ആഘോഷത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളുടെ വിവിധ കലാ-സാംസ്‌കാരിക പരിപാടികളും അരങ്ങേറി. കേവലം പഠനത്തിനപ്പുറം മാനവിക മൂല്യങ്ങളും സാമൂഹിക ഉത്തരവാദിത്തവും വിദ്യാര്‍ത്ഥികളില്‍ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വേറിട്ട ആഘോഷം സംഘടിപ്പിച്ചതെന്ന് ഹൈലൈറ്റ് എഡ്യൂക്കേഷണല്‍ ഇനിഷ്യേറ്റീവ്‌സ് ഡയറക്ടറും സ്‌കൂള്‍ മേധാവിയുമായ ഡോ. പത്മ ഹരിഹരന്‍ പറഞ്ഞു.

