സിക്‌സ് പാക്ക് മാവേലിയുമായി ഐടിസി ആശീർവാദിന്റെ വൈറൽ ഓണം പരസ്യം

കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട ഓണാഘോഷത്തോടനുബന്ധിച്ച് വേറിട്ടതും ചിന്തോദ്ദീപകവുമായ പരസ്യ ചിത്രവുമായി പ്രമുഖ ഭക്ഷ്യോൽപ്പന്ന നിർമ്മാതാക്കളായ ഐടിസി ലിമിറ്റഡ്. ആഘോഷവേളകളിൽ സമീകൃതാഹാരത്തിന്റെയും ആരോഗ്യകരമായ ജീവിതശീലങ്ങളുടെയും പ്രാധാന്യം ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി ഈ പുതിയ ക്യാമ്പയിന് തുടക്കമിട്ടിരിക്കുന്നത്. പരമ്പരാഗതമായി മലയാളി മനസ്സുകളിലുള്ള കുടവയറുള്ള മാവേലി തമ്പുരാന് പകരം, ‘സിക്‌സ് പാക്ക്’ ശരീരസൗന്ദര്യമുള്ള ‘മിസ്റ്റർ ഇന്ത്യ’ ലുക്കിലുള്ള മാവേലിയാണ് ഈ പരസ്യത്തിലെ പ്രധാന ആകർഷണം.

ആഘോഷ തിമിർപ്പിലുള്ള നാട്ടുകാരുടെയും വീട്ടുകാരുടെയും ഇടയിലേക്ക് കുട്ടികൾ ഓടിവന്ന് വ്യത്യസ്തനായ മാവേലി വന്നിട്ടുണ്ടെന്ന് അറിയിക്കുന്നതിലൂടെയാണ് പരസ്യം ആരംഭിക്കുന്നത്. കുട്ടികളുടെ വിവരണം കേട്ട് ആകാംക്ഷയോടെ കാത്തുനിൽക്കുന്നവർക്ക് മുന്നിലേക്ക് ഫിറ്റ്നസ് തികഞ്ഞ പുതിയ മാവേലി അവതരിക്കുമ്പോൾ എല്ലാവരും ആശ്ചര്യപ്പെടുന്നു. മാവേലിയുടെ കുടവയറിന് എന്തുപറ്റിയെന്ന കുട്ടികളുടെ ചോദ്യത്തിന്, ദൈനംദിന ജീവിതത്തിൽ സമീകൃതാഹാരത്തിന്റെയും പതിവ് വ്യായാമത്തിന്റെയും പ്രാധാന്യം വെളിപ്പെടുത്തിക്കൊണ്ടാണ് മാവേലി മറുപടി നൽകുന്നത്. ഓണാഘോഷത്തിന്റെ തനിമയും തനിമയാർന്ന തമാശകളും ചോർന്നുപോകാതെ വളരെ തന്മയത്വത്തോടെയാണ് അണിയറപ്രവർത്തകർ ഈ സന്ദേശം പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുന്നത്.

ഓണസദ്യയുടെ രുചിയും ആഘോഷങ്ങളും ആസ്വദിക്കുന്നതിനൊപ്പം തന്നെ, ദിനചര്യയിൽ ആരോഗ്യകരമായ ശീലങ്ങൾ നിലനിർത്താമെന്ന സന്ദേശം നൽകാൻ ഈ പരസ്യത്തിന് സാധിച്ചിട്ടുണ്ടെന്ന് ഐടിസി ലിമിറ്റഡ് ഫുഡ്‌സ് ഡിവിഷൻ സ്റ്റേപ്പിൾസ് ബിസിനസ് യൂണിറ്റ് ചീഫ് എക്സിക്യൂട്ടീവ് അനൂജ് റുസ്തഗി പറഞ്ഞു. കേരളീയരുടെ ഭക്ഷണക്രമത്തിൽ ആട്ടയും ചപ്പാത്തിയും പ്രധാന ഭാഗമായി മാറുന്ന സാഹചര്യത്തിൽ, പോഷകസമൃദ്ധമായ ഭക്ഷണവും ശാരീരിക വ്യായാമവും ജീവിതത്തിന്റെ ഭാഗമാക്കണമെന്ന ആശയ പ്രചാരണത്തിനാണ് പ്രശസ്ത ആട്ട ബ്രാൻഡായ ‘ആശീർവാദി’ന്റെ നിർമ്മാതാക്കളായ ഐടിസി ഈ പരസ്യത്തിലൂടെ ശ്രമിച്ചിട്ടുള്ളത്.

ആഘോഷവേളകളിലെ ഭക്ഷണത്തിനൊപ്പം പതിവായ ശാരീരിക വ്യായാമം, ആവശ്യത്തിന് വെള്ളം കുടിക്കൽ, ഭക്ഷണത്തിന്റെ അളവ് നിയന്ത്രിക്കൽ എന്നിവ വളരെ പ്രധാനമാണെന്ന് അപ്പോളോ അഡ്‌ലക്സ് ആശുപത്രിയിലെ പോഷകാഹാര വിദഗ്ധ സ്വീറ്റി ഗോപി അഭിപ്രായപ്പെട്ടു. ദിനംപ്രതിയുള്ള ഭക്ഷണത്തിൽ അരിഭക്ഷണത്തോടൊപ്പം ആട്ടയും ചപ്പാത്തിയും ഉൾപ്പെടുത്തുന്നത് ശരീരത്തിന് ആവശ്യമായ ഫൈബറും മറ്റ് പോഷകങ്ങളും നൽകാൻ സഹായിക്കുമെന്നും, പരമ്പരാഗത വിഭവങ്ങൾ ആസ്വദിക്കുന്നതോടൊപ്പം തന്നെ എല്ലാവരും ഇത്തരത്തിലുള്ള ആരോഗ്യകരമായ ശീലങ്ങൾ പിന്തുടരണമെന്നും അവർ കൂട്ടിച്ചേർത്തു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു