ലൂമുട്ടി: ഇന്ത്യൻ നാവികസേനയുടെ പ്രവർത്തന വിന്യാസത്തിന്റെ ഭാഗമായി, ഇന്ത്യൻ നാവികസേനയും റോയൽ മലേഷ്യൻ നേവിയും തമ്മിൽ നടത്തുന്ന ‘സമുദ്ര ലക്ഷ്മണ’ ഉഭയകക്ഷി സമുദ്ര അഭ്യാസത്തിന്റെ നാലാം പതിപ്പിൽ പങ്കെടുക്കുന്നതിനായി ഐഎൻഎസ് മൈസൂർ 2026 സെപ്റ്റംബർ 09-ന് മലേഷ്യയിലെ ലൂമുട്ടിലെത്തി.
കപ്പലിനും അതിലെ നാവികർക്കും റോയൽ മലേഷ്യൻ നേവി ഉദ്യോഗസ്ഥരും മലേഷ്യയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ പ്രതിനിധികളും ചേർന്ന് ഊഷ്മളമായ സ്വീകരണം നൽകി.
തുറമുഖത്തും കടലിലുമായി നടക്കുന്ന പ്രൊഫഷണൽ ഇടപെടലുകൾ, പരസ്പര കപ്പൽ സന്ദർശനങ്ങൾ, പ്രവർത്തനപരമായ ആശയവിനിമയങ്ങൾ, കായിക മത്സരങ്ങൾ എന്നിവ ‘സമുദ്ര ലക്ഷ്മണ’ അഭ്യാസത്തിൽ ഉൾപ്പെടുന്നു. ഇരു നാവികസേനകളിലെയും ഉദ്യോഗസ്ഥർക്ക് പ്രൊഫഷണൽ അനുഭവങ്ങൾ പങ്കുവെക്കാനും പരസ്പര പ്രവർത്തനക്ഷമത (interoperability) വർദ്ധിപ്പിക്കാനും കൂടുതൽ സഹകരണം ഉറപ്പാക്കാനും ഈ പ്രവർത്തനങ്ങൾ അവസരമൊരുക്കും.
2026 ജൂലൈ 01-ന് നടന്ന 12-ാമത് ഇന്ത്യ-മലേഷ്യ സബ്‌കമ്മിറ്റി യോഗം ഉൾപ്പെടെയുള്ള സമീപകാല ഉഭയകക്ഷി ഇടപെടലുകളുടെ തുടർച്ചയായിട്ടാണ് ഈ സന്ദർശനം. ഇന്ത്യയും മലേഷ്യയും തമ്മിലുള്ള ശക്തമായ സമുദ്ര പങ്കാളിത്തത്തെ അടിവരയിടുന്നതാണ് ഈ നീക്കം. സമുദ്ര സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിനും ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രൊഫഷണൽ കൈമാറ്റങ്ങൾ ശക്തിപ്പെടുത്തുന്നതിനുമുള്ള പ്രധാനപ്പെട്ട മറ്റൊരു ചുവടുവെപ്പാണ് ഈ സന്ദർശനം.
ഇന്ത്യാ ഗവൺമെന്റിന്റെ ‘മഹാസാഗർ’ കാഴ്ചപ്പാടിനും ‘ആസിയാൻ-ഇന്ത്യ സമുദ്ര സഹകരണ വർഷം 2026’ നയങ്ങൾക്കും അനുസൃതമായാണ് ഈ പങ്കാളിത്തം സംഘടിപ്പിച്ചിരിക്കുന്നത്.

