കൊച്ചി: ജനത്തിരക്കുള്ള കേന്ദ്രങ്ങളില്‍ സപ്ലൈകോ പുതിയ കണ്‍വീനിയന്‍സ് സ്റ്റോറുകള്‍ ‘സപ്ലൈകോ ഗോ’ എന്ന പേരില്‍ തുറക്കുന്നു. ആദ്യ സ്റ്റോര്‍ വൈറ്റില മൊബിലിറ്റി ഹബില്‍ ഒക്ടോബര്‍ ഏഴിന് വൈകിട്ട് മൂന്നിന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം നിര്‍വഹിക്കും. ഉമാ തോമസ് എംഎല്‍എ അധ്യക്ഷത വഹിക്കും. രാവിലെ 7 മുതല്‍ വൈകിട്ട് 9 വരെ പ്രവര്‍ത്തിക്കുന്ന സ്റ്റോറില്‍ യാത്രക്കാര്‍ക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍, പാനീയങ്ങള്‍, ബേക്കറി ഉല്‍പ്പന്നങ്ങള്‍, ഐസ്ക്രീം, വ്യക്തിഗത ആവശ്യങ്ങള്‍ക്കുള്ള ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവ ലഭ്യമാകും.
സര്‍ക്കാര്‍ പ്രഖ്യാപിച്ച നൂറു ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി വൈറ്റില മൊബിലിറ്റി ഹബ്ബിലെ ബസ് ബേയ്ക്ക് സമീപം 200 ചതുരശ്ര അടി സ്ഥലത്താണ് സപ്ലൈകോ ഗോ സജ്ജീകരിച്ചിരിക്കുന്നത്. ചടങ്ങില്‍ ഹൈബി ഈഡന് എംപി, ടി.ജെ. വിനോദ് എംഎല്‍എ, മുഹമ്മദ് ഷിയാസ് എംഎല്‍എ, കൊച്ചി നഗരസഭ മേയര്‍ വി.കെ. മിനിമോള്‍ എന്നിവര്‍ സംസാരിക്കും. സപ്ലൈകോ എംഡി വി.എം. ജയകൃഷ്ണന്, വൈറ്റില മൊബിലിറ്റി ഹബ്ബ് എംഡി ഗ്രന്ഥേ സായി കൃഷ്ണ തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും

