മുതിർന്ന പൗരന്മാർക്ക് 8.15% വരെ പലിശ ലഭിക്കും
കൊച്ചി: രാജ്യത്തെ പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ ബജാജ് ഫിനാൻസ് ലിമിറ്റഡ്, 12 മുതൽ 60 മാസം വരെയുള്ള കാലാവധികളിലെ സ്ഥിര നിക്ഷേപങ്ങളുടെ (Fixed Deposits) പലിശ നിരക്കിൽ 15 മുതൽ 40 ബേസിസ് പോയിന്റ് വരെ വർദ്ധനവ് വരുത്തി. 2026 ഒക്ടോബർ 7 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ നിരക്കുകൾ പുതിയ നിക്ഷേപങ്ങൾക്കും നിലവിലുള്ളവ പുതുക്കുന്നതിനും ബാധകമാണ്. ദീർഘകാല നിക്ഷേപങ്ങളിലാണ് ഏറ്റവും വലിയ വർദ്ധനവ് വരുത്തിയിരിക്കുന്നത്. 31 മുതൽ 60 മാസം വരെയുള്ള കാലാവധിയിൽ, സാധാരണ നിക്ഷേപകർക്ക് 35 ബേസിസ് പോയിന്റും മുതിർന്ന പൗരന്മാർക്ക് 40 ബേസിസ് പോയിന്റുമാണ് പലിശ ഉയർത്തിയത്. ഇതിലൂടെ സാധാരണ നിക്ഷേപകർക്ക് പ്രതിവർഷം 7.75% വരെയും മുതിർന്ന പൗരന്മാർക്ക് പ്രതിവർഷം 8.15% വരെയും പലിശ നേടാം.
കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾ പുതുക്കുന്നവർക്ക് പ്രതിവർഷം 0.10% അധിക പലിശയും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഇതോടെ നിക്ഷേപം പുതുക്കുമ്പോൾ പൊതു നിക്ഷേപകർക്കുള്ള ഏറ്റവും ഉയർന്ന പലിശനിരക്ക് പ്രതിവർഷം 7.85% ആയും മുതിർന്ന പൗരന്മാർക്കുള്ളത് പ്രതിവർഷം 8.25% ആയും ഉയരും. നിക്ഷേപകർക്ക് ക്യുമുലേറ്റീവ് രീതിയോ പ്രതിമാസ/ത്രൈമാസ പേ-ഔട്ടുള്ള നോൺ-ക്യുമുലേറ്റീവ് രീതിയോ തിരഞ്ഞെടുക്കാവുന്നതാണ്. കൃത്യമായ വരുമാനവും നിക്ഷേപ സുരക്ഷിതത്വവും ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് ദീർഘകാല സ്ഥിര നിക്ഷേപങ്ങൾ മികച്ച ആദായം ഉറപ്പാക്കുമെന്ന് ബജാജ് ഫിനാൻസ് ഡെപ്പോസിറ്റ്സ് & വെൽത്ത് മാനേജ്മെന്റ് സീനിയർ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സച്ചിൻ സിക്ക പറഞ്ഞു. CRISIL, ICRA എന്നിവയുടെ ‘AAA/Stable’ റേറ്റിംഗുള്ള ബജാജ് ഫിനാൻസ് എഫ്.ഡികൾ 15,000 രൂപ മുതൽ ഓൺലൈനായും ശാഖകൾ വഴിയും നിക്ഷേപിക്കാം.

