കൊച്ചി : പ്രീമിയം ഇരുചക്ര വാഹന നിർമ്മാതാക്കളായ ഏപ്രിലിയ ഇന്ത്യ തങ്ങളുടെ പുതിയ അർബൻ ടൂറിംഗ് സ്‌കൂട്ടർ ശ്രേണിയായ എസ്എക്‌സ്ആർ ജിടി 125 (Aprilia SXR GT 125), എസ്എക്‌സ്ആർ ജിടി 175 (Aprilia SXR GT 175) എന്നിവ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. വേറിട്ട ഡിസൈനും മികച്ച പെർഫോമൻസും ദീർഘദൂര റൈഡിംഗ് കംഫർട്ടും നൽകുന്ന പ്രീമിയം ഇറ്റാലിയൻ ശൈലിയിലാണ് രണ്ട് മോഡലുകളും രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഏപ്രിലിയ ജിടി 125 മാറ്റ് ബ്ലാക്ക്, ഗ്ലോസ്സി അസ്സൂറോ, ഗ്ലോസ്സി വൈറ്റ് എന്നീ നിറങ്ങളിലും ഗ്രാഫിക്സുകളിലും ലഭ്യമാണ്. 1,09,999 രൂപയാണ് ഇതിന്റെ എക്സ്-ഷോറൂം വില. കൂടുതൽ കരുത്തുറ്റ എഞ്ചിനുമായി എത്തുന്ന ജിടി 175 മെറ്റാലിക് ബ്ലൂ, മാറ്റ് ബ്ലാക്ക്, മാറ്റ് ഗ്രീൻ എന്നീ കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. 1,29,999 രൂപയാണ് ജിടി 175-ന്റെ വില. രണ്ട് മോഡലുകളിലും റോഡ് ഗ്രിപ്പ് വർദ്ധിപ്പിക്കുന്ന 14 ഇഞ്ച് വലിയ വീലുകളും ഏപ്രിലിയയുടെ സിഗ്നേച്ചർ ട്രൈപോഡ് എൽ.ഇ.ഡി (LED) ഹെഡ്‌ലാമ്പുകളും സജ്ജീകരിച്ചിരിക്കുന്നു.

