അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റലിൽ അത്യാധുനിക റോബോട്ടിക് കിഡ്നി ട്രാൻസ്പ്ലാന്റ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചു

ആദ്യ റോബോട്ടിക് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരം

അങ്കമാലി:  അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റലിൽ ആദ്യത്തെ റോബോട്ടിക് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. റീനൽ സയൻസസ് വിഭാഗത്തിലെ ഈ ചരിത്ര നേട്ടത്തോടൊപ്പം രോഗികൾക്ക് അത്യാധുനിക മിനിമലി ഇൻവേസീവ് (Minimally Invasive) ചികിത്സ ഉറപ്പാക്കുന്നതിനായി ‘റോബോട്ടിക് കിഡ്നി ട്രാൻസ്പ്ലാന്റ് യൂണിറ്റും’ ആശുപത്രിയിൽ പ്രവർത്തനമാരംഭിച്ചു. യൂറോളജി ആൻഡ് കിഡ്നി ട്രാൻസ്പ്ലാന്റ് വിഭാഗം സീനിയർ കൺസൾട്ടന്റും മേധാവിയുമായ ഡോ. റോയ് പി. ജോണിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ മെഡിക്കൽ സംഘമാണ് ശസ്ത്രക്രിയ നിർവ്വഹിച്ചത്. നെഫ്രോളജി സീനിയർ കൺസൾട്ടന്റുമാരായ ഡോ. ജോജോ പുള്ളോക്കര, ഡോ. മഞ്ജു കമൽ, കൺസൾട്ടന്റ് ജീന ജെ. സത്യൻ, യൂറോളജി സീനിയർ കൺസൾട്ടന്റ് ഡോ. ബിജു സുകുമാരൻ പിള്ള, അനസ്തേഷ്യ വിഭാഗത്തിലെ സീനിയർ കൺസൾട്ടന്റുമാരായ ഡോ. ദിനിത് ജോയ്, ഡോ. പ്രശാന്ത് എന്നിവർ അടങ്ങുന്നതായിരുന്നു ടീം. ശസ്ത്രക്രിയയ്ക്ക് വിധേയരായ ദാതാവും സ്വീകർത്താവും സുഖം പ്രാപിച്ചുവരുന്നു.

വലിയ മുറിവുകൾ ആവശ്യമുള്ള പരമ്പരാഗത ഓപ്പൺ ശസ്ത്രക്രിയകളിൽ നിന്ന് വ്യത്യസ്തമായി, ഹൈ-ഡെഫനിഷൻ 3ഡി ദൃശ്യമികവും റോബോട്ടിക് ഉപകരണങ്ങളും പ്രയോജനപ്പെടുത്തി കീഹോളിലൂടെയാണ് ശസ്ത്രക്രിയ നടത്തിയത്. മനുഷ്യകരങ്ങളുടെ സ്വാഭാവിക വിറയലുകൾ ഒഴിവാക്കി രക്തക്കുഴലുകളും അതീവ സൂക്ഷ്മമായ മൂത്രനാളികളും കൃത്യതയോടെ കൈകാര്യം ചെയ്യാൻ ഇതിലൂടെ സാധിച്ചു. ചെറിയ മുറിവുകളിലൂടെ നിർവ്വഹിക്കുന്നതിനാൽ രക്തസ്രാവവും അണുബാധയ്ക്കുള്ള സാധ്യതയും കുറവാണെന്നും, ശസ്ത്രക്രിയാനന്തര വേദന കുറച്ച് വേഗത്തിൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ രോഗികളെ ഇത് സഹായിക്കുമെന്നും ഡോ. റോയ് പി. ജോൺ പറഞ്ഞു. സങ്കീർണ്ണമായ അവയവ മാറ്റിവെക്കൽ ശസ്ത്രക്രിയകൾ കൂടുതൽ ലളിതമാക്കാൻ ഈ സാങ്കേതികവിദ്യ സഹായിക്കുമെന്ന് അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റൽ സി.ഇ.ഒ ഡോ. ഏബൽ ജോർജ്ജ്, സി.ഒ.ഒ ഡോ. ദിൽഷാദ് എന്നിവർ വ്യക്തമാക്കി. വാ വാർത്താസമ്മേളനത്തിൽ മെഡിക്കൽ സർവീസസ് ഡയറക്ടർ ഡോ. ആർ.രമേഷ് കുമാർ  ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു