ചികിത്സയോളം തന്നെ പ്രധാനം തുടർന്നുള്ള പരിചരണവും പുനരധിവാസവുമെന്ന് വിദഗ്ദ്ധർ
കൊച്ചി : ക്യാൻസർ ചികിത്സയിൽ രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും നൽകുന്ന അതേ പ്രാധാന്യം തന്നെ രോഗമുക്തിക്ക് ശേഷമുള്ള തുടർച്ചയായ പരിചരണത്തിനും (Aftercare) നൽകണമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു. ആസ്റ്റർ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സംഘടിപ്പിച്ച ആക്സൺ 2026 (AQCCON 2026) ക്യാൻസർ കോൺക്ലേവിന്റെ സമാപനത്തോടനുബന്ധിച്ചാണ് പ്രമുഖ ക്യാൻസർ വിദഗ്ദ്ധർ ഈ വിഷയം മുൻനിർത്തി ചർച്ചകൾ നടത്തിയത്. രോഗമുക്തി നേടിയാലും രോഗികളുടെ പ്രതിരോധശേഷി, ഉറക്കം, മാനസികാരോഗ്യം എന്നിവയിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതുണ്ടെന്നും, ഇതിനായി കൃത്യമായി നിരീക്ഷിക്കപ്പെടുന്ന ഒരു പ്രത്യേക പരിചരണ ശൃംഖല അനിവാര്യമാണെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി.
മുതിർന്ന പൗരന്മാരിൽ വർദ്ധിച്ചുവരുന്ന ക്യാൻസർ നിരക്കും അതിനോടനുബന്ധിച്ചുള്ള ചികിത്സാ വെല്ലുവിളികളും കോൺക്ലേവിൽ പ്രധാന ചർച്ചാവിഷയമായി. പ്രായമായ രോഗികളിൽ മറ്റ് അനുബന്ധ രോഗങ്ങൾ ഉള്ളതുകൊണ്ടുതന്നെ മരുന്നുകൾക്കും ശസ്ത്രക്രിയകൾക്കും റേഡിയേഷനും അപ്പുറം കൃത്യമായ ഫിസിയോതെറാപ്പി, കൗൺസിലിംഗ്, വ്യായാമം എന്നിവ മികച്ച ഫലം നൽകും. പ്രായമായവർക്ക് ആവശ്യമായ സാമുഹിക-കുടുംബ പിന്തുണ ലഭിക്കാത്തത് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. ഇതൊഴിവാക്കാൻ ജെറിയാട്രീഷ്യൻമാർ, ഓങ്കോളജിസ്റ്റുകൾ, പ്രാഥമിക ആരോഗ്യ പ്രവർത്തകർ എന്നിവർ ചേർന്നുള്ള കൂട്ടായ ചികിത്സാ രീതിയാണ് ആവശ്യം. വെെയറബിൾ ഡിജിറ്റൽ ഉപകരണങ്ങൾ, ഡിജിറ്റൽ കൺസൾട്ടേഷൻ സംവിധാനങ്ങൾ എന്നിവ ഉപയോഗിച്ച് രോഗികൾക്ക് ഡോക്ടർമാരുമായി നിരന്തരം ബന്ധപ്പെടാനും, പാർശ്വഫലങ്ങൾ ആദ്യഘട്ടത്തിൽ തന്നെ തിരിച്ചറിഞ്ഞു കൃത്യമായ സംരക്ഷണം നൽകാനും സാധിക്കുമെന്ന് കോൺക്ലേവ് വ്യക്തമാക്കി.

