കൊച്ചി : ആരോഗ്യലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുൻപ് തന്നെ രോഗസാധ്യത തിരിച്ചറിഞ്ഞ് തടയാനും കൃത്യമായ ചികിത്സ ഉറപ്പാക്കാനും സഹായിക്കുന്ന അത്യാധുനിക ഡിഎൻഎ സ്ക്രീനിംഗ് പ്രോഗ്രാമായ ‘ആസ്റ്റർ ജനറ്റിക് സ്റ്റഡി’ക്ക് ആസ്റ്റർ മെഡ്സിറ്റി തുടക്കം കുറിച്ചു. ഷുഗർസ്ട്രിങ്സ്.എഐ (SugarStrings.ai)-യുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത ഈ ടെസ്റ്റ്, സാധാരണ ഹെൽത്ത് ചെക്കപ്പുകളിൽ നിന്ന് വ്യത്യസ്തമായി വ്യക്തികളുടെ ജനിതകഘടന വിശകലനം ചെയ്ത് ക്യാൻസർ, ഹൃദ്രോഗങ്ങൾ തുടങ്ങി ആയിരക്കണക്കിന് പാരമ്പര്യ രോഗങ്ങളുടെ സാധ്യത വർഷങ്ങൾക്ക് മുൻപേ തന്നെ മുൻകൂട്ടി കണ്ടെത്താൻ സഹായിക്കുന്നു. ഇത് വ്യക്തിഗതമാക്കിയ ആരോഗ്യപരിപാലനം, സമയബന്ധിതമായ പരിശോധനകൾ, ശരിയായ മെഡിക്കൽ തീരുമാനങ്ങൾ എന്നിവ സാധ്യമാക്കുന്നു.
ഓരോ വ്യക്തിയുടെയും സമ്പൂർണ്ണ ജനിതകാരോഗ്യം വിലയിരുത്തുന്നതാണ് ഈ പാക്കേജ്. 188 തരം പാരമ്പര്യ ക്യാൻസർ സാധ്യതകൾ, 302 ഹൃദ്രോഗാവസ്ഥകൾ, കൂടാതെ 6,952 മറ്റ് പാരമ്പര്യ ജനിതക രോഗങ്ങൾ എന്നിവ ഈ പരിശോധനയിലൂടെ കണ്ടെത്താനാകും. ഇതിനുപുറമെ, മുന്നൂറിലധികം വരുന്ന വിവിധ മരുന്നുകളോട് ഒരു വ്യക്തിയുടെ ശരീരം എങ്ങനെ പ്രതികരിക്കുന്നു എന്ന് വിലയിരുത്തുന്നതിലൂടെ ഉയർന്ന കൃത്യതയോടെ ചികിത്സ നിശ്ചയിക്കാൻ ഡോക്ടർമാർക്ക് സാധിക്കുന്നു.

രോഗികൾക്ക് അവരുടെ ആരോഗ്യ സംബന്ധമായി വ്യക്തവും കൃത്യവുമായ ഒരു ഭാവി രൂപരേഖ നൽകാനാണ് ഈ ജനറ്റിക് സ്റ്റഡി ലക്ഷ്യമിടുന്നതെന്നും വിദഗ്ധ മാർഗ്ഗനിർദ്ദേശങ്ങളുടെ പിന്തുണയോടെയുള്ള ഈ സംരംഭം പ്രതിരോധ ആരോഗ്യ പരിപാലന രംഗത്ത് വലിയൊരു മാറ്റമാണ് കൊണ്ടുവരുന്നതെന്നും ആസ്റ്റർ മെഡ്സിറ്റി സിഒഒ ഡോ. ശുഹൈബ് ഖാദർ പറഞ്ഞു. വ്യക്തതയില്ലാത്ത ആരോഗ്യപ്രശ്നങ്ങളുടെ യഥാർത്ഥ കാരണം കണ്ടെത്താനും അനുയോജ്യമായ മരുന്നുകൾ തിരിച്ചറിയാനും വരുംതലമുറയെ സംരക്ഷിക്കാനും ഈ പഠനം സഹായിക്കുമെന്ന് ഷുഗർസ്ട്രിങ്സ്.എഐ സ്ഥാപകനും സിഇഒയുമായ ടോണി ജോസ് വ്യക്തമാക്കി.
ക്രോണിക് രോഗങ്ങളുടെ കുടുംബ പാരമ്പര്യമുള്ളവർക്കും ഗർഭധാരണത്തിന് തയ്യാറെടുക്കുന്ന ദമ്പതികൾക്കും ഈ പ്രോഗ്രാം ഏറെ പ്രയോജനകരമാണ്. എറണാകുളം പ്രസ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ മെഡിക്കൽ ജനറ്റിക്സ് കൺസൾട്ടന്റ് ഡോ. ദേവി ശരണ്യ എസ്, ആസ്റ്റർ വെൽനസ് സീനിയർ കൺസൾട്ടന്റ് ഡോ. ബിജൻ ജോൺ സക്കറിയ എന്നിവരും പങ്കെടുത്തു.

