കണ്ണൂർ : കുട്ടികൾക്കായുള്ള അത്യാഹിത ചികിത്സാ രംഗത്ത് പുതിയ അധ്യായം കുറിച്ചുകൊണ്ട് വടക്കേ മലബാറിലെ ആദ്യത്തെ സമ്പൂർണ്ണ പീഡിയാട്രിക് എമർജൻസി മെഡിസിൻ (PEM) വിഭാഗവും, സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള പ്രഥമശുശ്രൂഷാ പരിശീലന പദ്ധതിയായ ‘കുട്ടി ഡോക്ടറും’ കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ (BMH) പ്രവർത്തനം ആരംഭിച്ചു. കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കുന്നതിനായി പീഡിയാട്രിക് കാർഡിയോളജി, പീഡിയാട്രിക് ഓർത്തോപീഡിക്സ്, നെഫ്രോളജി, ക്രിട്ടിക്കൽ കെയർ, എയർവേ മാനേജ്മെന്റ് തുടങ്ങിയ അത്യാധുനിക സേവനങ്ങളെല്ലാം എമർജൻസി വിഭാഗത്തിന് കീഴിൽ ഒരു കുടക്കീഴിൽ ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്.
സ്കൂളുകളിൽ ഉണ്ടാകുന്ന അടിയന്തര സാഹചര്യങ്ങളിൽ സമയോചിതമായി ഇടപെടാനും പ്രഥമശുശ്രൂഷ (First Aid) നൽകാനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന സാമൂഹിക സംരംഭമാണ് ‘കുട്ടി ഡോക്ടർ’. കണ്ണൂർ ജില്ലയിലെ സ്കൂളുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC) അംഗങ്ങളായ വിദ്യാർത്ഥികൾക്ക് ബി.എം.എച്ച് മെഡിക്കൽ സംഘം ശാസ്ത്രീയമായ അടിയന്തര ശുശ്രൂഷാ പരിശീലനം നൽകും. കുട്ടികൾക്ക് ഗുണനിലവാരമുള്ള അടിയന്തര ചികിത്സ ഉറപ്പാക്കുന്നതിനൊപ്പം അത്യാഹിത ഘട്ടങ്ങളിൽ മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ സജ്ജരായ ഒരു പുതിയ തലമുറയെ വാർത്തെടുക്കുകയാണ് ഈ പദ്ധതികളിലൂടെ ലക്ഷ്യമിടുന്നതെന്ന് ബേബി ഹോസ്പിറ്റൽ കണ്ണൂർ ക്ലസ്റ്റർ സി.ഇ.ഒ നിരൂപ് മുണ്ടയാടൻ പറഞ്ഞു.
ചടങ്ങിൽ യങ് ഇൻസ്പിറേഷൻ മാസ്റ്റർ കെവിൻ, ആംഗ്ലോ-ഇന്ത്യൻ ഇൻഫ്ലുവൻസർ ജെസ ഖാലിദ്, കണ്ണൂർ ക്ലസ്റ്റർ സി.എം.എസ് ഡോ. മുഹമ്മദ് അബ്ദുൽ നാസർ ഇ.കെ, ചീഫ് കൺസൾട്ടന്റും മെഡിക്കൽ അഡ്മിനിസ്ട്രേറ്ററുമായ ഡോ. കണ്ണൻ എ.എസ്, എമർജൻസി മെഡിസിൻ വിഭാഗം ചീഫ് ഡോ. നിതിൻ അക്കൽ, പീഡിയാട്രിക്സ് ആൻഡ് നിയോനാറ്റോളജി സീനിയർ കൺസൾട്ടന്റ് ഡോ. പ്രസാദ് കുമാർ എന്നിവർ പങ്കെടുത്തു.

