ന്യൂഡല്‍ഹി: വടക്കന്‍ വെനിസ്വേലയിലുണ്ടായ അതിശക്തമായ ഭൂകമ്പത്തെത്തുടര്‍ന്ന് ദുരിതബാധിതര്‍ക്ക് അടിയന്തര വൈദ്യസഹായവും രക്ഷാപ്രവര്‍ത്തനവും എത്തിക്കുന്നതിനായി ഇന്ത്യ ‘ഓപ്പറേഷന് അമിസ്റ്റാഡ്’ ആരംഭിച്ചു. ഈ അടിയന്തര സാഹചര്യത്തില്‍ ഇന്ത്യന്‍ വ്യോമസേനയുടെ രണ്ട് സി17 വിമാനങ്ങള്‍ ഹിന്‍ഡണ്‍ എയര്‍ഫോഴ്സ് സ്റ്റേഷനില്‍ നിന്ന് ജീവന്‍രക്ഷാ സാമഗ്രികളുമായി വെനിസ്വേലയിലേക്ക് തിരിച്ചു.
ദുരന്തബാധിത പ്രദേശങ്ങളില്‍ അടിയന്തര ചികിത്സ നല്‍കുന്നതിനായി ഇന്ത്യന്‍ സൈന്യത്തിന്റെ 60 പാരാ ഫീല്‍ഡ് ഹോസ്പിറ്റലില്‍ നിന്നുള്ള 9 സൈനിക ഡോക്ടര്‍മാരുള്‍പ്പെടെയുള്ള 41 അംഗ വിദഗ്ധ സംഘമാണ് ദൗത്യത്തിലുള്ളത്. ഫീല്‍ഡ് ആശുപത്രി യൂണിറ്റും മരുന്നുകളും ഉള്‍പ്പെടെ ഏകദേശം 35 ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ ഭാരതം ലഭ്യമാക്കുന്നുണ്ട്. ഇതിനുപുറമെ, മിനിറ്റുകള്‍ക്കുള്ളില്‍ പ്രവര്‍ത്തനസജ്ജമാക്കാനും ഒരേസമയം 200 രോഗികള്‍ക്ക് നിര്‍ണായക ചികിത്സ നല്‍കാനും കഴിയുന്ന ‘ഭീഷ്മ ക്യൂബ്സ്’ എന്ന അത്യാധുനിക മൊബൈല്‍ ആശുപത്രികളും സഹായത്തില്‍ ഉള്‍പ്പെടുന്നു.
ഈ ദുഷ്കരമായ സമയത്ത് വെനിസ്വേല സര്‍ക്കാരിനെയും ജനങ്ങളെയും പിന്തുണയ്ക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍ അറിയിച്ചു. ‘വസുധൈവ കുടുംബകം’ (ലോകം ഒരു കുടുംബമാണ്) എന്ന ഭാരതീയ ദര്‍ശനത്തിലൂന്നി നടത്തുന്ന ഈ മാനവിക ദൗത്യം, ലോകത്തെവിടെ ദുരന്തമുണ്ടായാലും ആദ്യമെത്തുന്ന രാജ്യം അഥവാ ‘ഫസ്റ്റ് റെസ്പോണ്ടര്‍’ എന്ന ഇന്ത്യയുടെ സ്ഥാനം കൂടുതല്‍ ഉറപ്പിക്കുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുകയും ചെയ്യുന്നു.
റിക്ടര്‍ സ്കെയിലില്‍ 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പങ്ങളില്‍ ഇതുവരെ 235ലധികം പേര് മരിക്കുകയും 4,300ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ഇതുവരെ പുറത്തുവന്നിട്ടുള്ള വിവരം.

