തിരുവനന്തപുരം: കാഴ്ചപരിമിതരായ വനിതകളുടെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂർണമെന്റായ എൻവെസ്റ്റ്നെറ്റ് സെനിത് ട്രോഫി 2026-ൽ ഗുജറാത്ത് ചാമ്പ്യന്മാരായി. തിരുവനന്തപുരം ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരാട്ടത്തിൽ ആതിഥേയരായ കേരളത്തെ 9 വിക്കറ്റിന് തകർത്താണ് ഗുജറാത്ത് കിരീടം ചൂടിയത്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കേരളം നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 115 റൺസെടുത്തു. 116 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്ത് വെറും 13.3 ഓവറിൽ 1 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്നു.
ഗുജറാത്തിനായി 54 റൺസ് നേടി മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത കൽപ്പന ചോരിയയാണ് ഫൈനലിലെ ‘പ്ലെയർ ഓഫ് ദി മാച്ച്’. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച അദ്വൈത സന്തോഷ് (കേരളം), ദീപ സക്സേന (ഹരിയാന), കൽപ്പന ചോരിയ (ഗുജറാത്ത്) എന്നിവരെ ‘പ്ലെയേഴ്സ് ഓഫ് ദ ടൂർണമെന്റ്’ ആയി തിരഞ്ഞെടുത്തു. വിജയികൾക്കുള്ള ട്രോഫി വി. മുരളീധരൻ വിതരണം ചെയ്തു. വേൾഡ് ബ്ലൈൻഡ് ക്രിക്കറ്റ് കൗൺസിൽ സെക്രട്ടറി രജനീഷ് ഹെൻറി, എൻവെസ്റ്റ്നെറ്റ് പ്രതിനിധി സന്തോഷ് കേശവൻ, യു.എസ്.ടി പ്രതിനിധി വിനീത് മോഹൻ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.

