‘വണ്‍-സ്റ്റോപ്പ് സെന്ററുകള്‍’ സ്ഥാപിച്ച് വിദേശകാര്യ മന്ത്രാലയം

കൊച്ചി: ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ വനിതാ തൊഴിലാളികള്‍ക്ക് സുരക്ഷിതവും ലളിതവുമായ തൊഴില്‍ അന്തരീക്ഷം ഉറപ്പാക്കുന്നതിനായി ഇന്ത്യാ സര്‍ക്കാര്‍ സുപ്രധാന നടപടികള്‍ സ്വീകരിച്ചു. പ്രതിസന്ധികള്‍ നേരിടുന്ന വനിതകള്‍ക്ക് അടിയന്തര സഹായം ലഭ്യമാക്കുന്നതിനായി മനാമ, മസ്‌കറ്റ്, ദോഹ, റിയാദ്, ദുബായ്, ജിദ്ദ, കുവൈത്ത് എന്നീ പ്രധാന നഗരങ്ങളില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ ഏഴ് ‘വണ്‍-സ്റ്റോപ്പ് സെന്ററുകള്‍’ സ്ഥാപിച്ചതായി രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിംഗ് വ്യക്തമാക്കി. ഗള്‍ഫ് രാജ്യങ്ങളില്‍ ഏകദേശം ഒരു കോടി ഇന്ത്യന്‍ പൗരന്മാര്‍ താമസിക്കുന്നുണ്ടെന്നും ഇതില്‍ യു.എ.ഇ., സൗദി അറേബ്യ, കുവൈത്ത്, ഖത്തര്‍, ഒമാന്‍, ബഹ്റൈന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ലക്ഷക്കണക്കിന് തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

വിദേശ തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് കര്‍ശനമായ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമെ നടത്താന്‍ പാടുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി. വിദേശ തൊഴിലുടമ ഒരു വനിതാ തൊഴിലാളിയെ നിയമിക്കുമ്പോള്‍ ബന്ധപ്പെട്ട ഇന്ത്യന്‍ മിഷനില്‍ രണ്ടായിരത്തി അഞ്ഞൂറ് യു.എസ്. ഡോളറിന്റെ സാമ്പത്തിക ഗ്യാരണ്ടി നിക്ഷേപിക്കേണ്ടതുണ്ട്. കൂടാതെ തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള കരാര്‍ ഇന്ത്യന്‍ മിഷന്‍ സാക്ഷ്യപ്പെടുത്തിയിരിക്കണം. ഈ വണ്‍-സ്റ്റോപ്പ് സെന്ററുകള്‍ വഴി പ്രത്യേക ഹെല്‍പ്ലൈന്‍, മെഡിക്കല്‍-പോലീസ് സഹായം, നിയമസഹായം, കൗണ്‍സിലിംഗ്, മാനസിക-സാമൂഹിക പിന്തുണ എന്നിവ ലഭ്യമാക്കുന്നുണ്ട്. ദുബായ്, ജിദ്ദ, റിയാദ് എന്നിവിടങ്ങളില്‍ പ്രവാസി ഭാരതീയ സഹായതാ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്.

തൊഴിലാളികള്‍ക്ക് ആവശ്യമായ സഹായം ലഭിക്കുന്നതിനായി വാക്ക്-ഇന്‍ അപ്പോയിന്റ്മെന്റുകള്‍, ഇ-മെയില്‍, വിവിധ ഭാഷകളിലുള്ള ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന എമര്‍ജന്‍സി നമ്പറുകള്‍, വാട്ട്‌സ്ആപ്പ് നമ്പറുകള്‍, മദാദ്, സി.പി.ജി.ആര്‍.എ.എം.എസ്, ഇ-മൈഗ്രേറ്റ് പോലുള്ള പരാതി പരിഹാര പോര്‍ട്ടലുകള്‍, സോഷ്യല്‍ മീഡിയ ചാനലുകള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. ലഭിച്ച പരാതികളില്‍ ഭൂരിഭാഗവും തല്‍ക്ഷണം പരിഹരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും, വിദേശത്തേക്ക് പോകുന്ന തൊഴിലാളികള്‍ക്ക് പ്രവാസി ഭാരതീയ ബീമാ യോജനയുടെ ആനുകൂല്യം ഗണ്യമായി ലഭിക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു