കൽപ്പറ്റ: സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി കേരള റെസ്പോൺസിബിൾ ടൂറിസം മിഷൻ സൊസൈറ്റി നടപ്പിലാക്കുന്ന ‘ലൈഫ് എക്സ്പീരിയൻസ് ട്രെയിൽസ് കേരള’ പദ്ധതിയുടെ ഭാഗമായി വയനാട്ടിലെ തിരുനെല്ലി, ചേകാടി ട്രെയിലുകൾക്ക് തുടക്കമായി. സർക്കാരിന്റെ ‘ബ്രാൻഡ് വയനാട്’ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനത്തോടൊപ്പം ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥാണ് ട്രെയിലുകൾ ഉദ്ഘാടനം ചെയ്തത്. വയനാട്ടിലെ ഗ്രാമീണ ജീവിതവും തനത് സംസ്കാരവും സഞ്ചാരികൾക്ക് നേരിട്ട് അനുഭവവേദ്യമാക്കുക എന്ന കാഴ്ചപ്പാടോടെയാണ് ഈ പദ്ധതി നടപ്പിലാക്കിയിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. പ്രാദേശിക ജനജീവിതത്തെയും സംസ്കാരത്തെയും അലോസരപ്പെടുത്താതെ ഉത്തരവാദിത്വമുള്ള ഒരു വിനോദസഞ്ചാര സംസ്കാരം സൃഷ്ടിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

വയനാട്-തിരുനെല്ലി ട്രെയിൽ പ്രകൃതിയും സംസ്കാരവും ഗോത്രപാരമ്പര്യവും കോർത്തിണക്കിയുള്ള അനുഭവമാണ് നൽകുന്നത്. തിരുനെല്ലി ക്ഷേത്രദർശനം, നെട്ടറ ഗ്രാമത്തിലെ ആഴം കുറഞ്ഞ പുഴയിലിറങ്ങിയുള്ള പ്രകൃതി ആസ്വാദനം, വയലോര നടത്തം, 150 വർഷം പഴക്കമുള്ള പരമ്പരാഗത വയനാടൻ ഗൃഹ സന്ദർശനം, ഉണ്ണിയേട്ടന്റെ കടയിലെ ഉണ്ണിയപ്പ രുചി, കാപ്പിത്തോട്ടം സന്ദർശനം എന്നിവ ഉൾക്കൊള്ളിച്ചാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. പച്ചപ്പുനിറഞ്ഞ നെൽവയലുകളാൽ സമ്പന്നമായ ചേകാടി പാക്കേജ് വയനാടൻ കാപ്പിയുടെ സുഗന്ധവും കാർഷിക പാരമ്പര്യവും തൊട്ടറിയാൻ സഹായിക്കുന്നു. കാപ്പി കൃഷി മുതൽ ഗ്രൈൻഡ് ചെയ്ത് കാപ്പിയാകുന്നത് വരെയുള്ള കാര്യങ്ങൾ കണ്ടറിയാനും, ജീരകശാല-ഗന്ധകശാല പാടശേഖരങ്ങൾ സന്ദർശിക്കാനും, തനത് ഗോത്ര കലാപരിപാടികൾ ആസ്വദിക്കാനും ഈ പാക്കേജിലൂടെ സാധിക്കും. പ്രശസ്തമായ ‘ബാലൻ’ സിനിമയിലെ ബസ് സ്റ്റോപ്പ്, പത്മശ്രീ ചെറുവയൽ രാമന്റെ ജൈവവൈവിധ്യ സംരക്ഷണ രീതികൾ എന്നിവ അടുത്തറിയാനുള്ള അവസരവും ഇതിൽ ഒരുക്കിയിട്ടുണ്ട്.

ഉത്തരവാദിത്ത വിനോദസഞ്ചാരത്തിൽ ഊന്നി തദ്ദേശീയ സമൂഹത്തിന്റെ ജീവിതവും തൊഴിലും പരമ്പരാഗത കലാരൂപങ്ങളും സഞ്ചാരികൾക്ക് നേരിട്ട് അനുഭവവേദ്യമാക്കാൻ ലക്ഷ്യമിട്ടാണ് ‘ലൈഫ് എക്സ്പീരിയൻസ് ട്രയൽസ്’ ആരംഭിച്ചതെന്ന് കേരള ആർ.ടി. മിഷൻ സി.ഇ.ഓ കെ. രൂപേഷ് കുമാർ വ്യക്തമാക്കി. ഭക്ഷണ വൈവിധ്യവും പാരമ്പര്യ തൊഴിലുകളും സമന്വയിപ്പിച്ചുകൊണ്ടുള്ള വിപുലമായ അനുഭവങ്ങളാണ് വയനാട്ടിൽ കാത്തിരിക്കുന്നത്. സഞ്ചാരികൾക്കും ടൂർ ഓപ്പറേറ്റർമാർക്കും ഈ ട്രെയിലുകൾ ബുക്ക് ചെയ്യുന്നതിനായി ഉത്തരവാദിത്ത ടൂറിസം മിഷന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (www.keralatourism.org/rt) സൗകര്യം ലഭ്യമാണ്.

