സിൽവർ ജൂബിലി മികവിൽ ഐ.എസ്.ബി;  ‘ഇന്ത്യ റിസർച്ച് കോമൺസ്’ പ്ലാറ്റ്‌ഫോമും പ്രഖ്യാപിച്ചു

കൊച്ചി:  രാജ്യത്തെ മുൻനിര ബിസിനസ് സ്കൂളായ ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസ് (ISB) തങ്ങളുടെ കാൽനൂറ്റാണ്ട് പിന്നിട്ട സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ‘ഐഎസ്ബി@25’ (ISB@25) കർമ്മപദ്ധതി പ്രഖ്യാപിച്ചു. ഫിനാൻഷ്യൽ ടൈംസ് ആഗോള എം.ബി.എ റാങ്കിംഗ്സ് 2026-ൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്തും ആഗോളതലത്തിൽ 12-ാം സ്ഥാനത്തുമുള്ള ഐ.എസ്.ബി, ലോകോത്തര മാനേജ്‌മെന്റ് വിദ്യാഭ്യാസം കൂടുതൽ വിദ്യാർത്ഥികളിലേക്ക് എത്തിക്കുന്നതിനും രാജ്യത്തെ ഗവേഷണ-അധ്യാപന അടിത്തറ ദൃഢമാക്കുന്നതിനുമാണ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ‘ഐഎസ്ബി25 സ്കോളേഴ്സ് പ്രോഗ്രാമി’ലൂടെ പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം ഇൻ മാനേജ്‌മെന്റ്, യുവ സാരഥികൾക്കായുള്ള പ്രോഗ്രാം എന്നിവയിൽ പ്രവേശനം നേടുന്നവർക്ക് പ്രതിവർഷം 250 സ്കോളർഷിപ്പുകൾ അനുവദിക്കും. മെറിറ്റും സാമ്പത്തിക പശ്ചാത്തലവും മുൻനിർത്തി 25% മുതൽ 100% വരെ ട്യൂഷൻ ഫീസ് ഇളവോടെയാണ് ഇത് നൽകുക.

ഇതോടൊപ്പം രാജ്യത്തെ ഗവേഷകർക്ക് സഹായകരമാകുന്ന വിവരശേഖരങ്ങളും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ടൂളുകളും ഒരുക്കുന്ന ‘ഇന്ത്യ റിസർച്ച് കോമൺസ്’ എന്ന ദേശീയ പ്ലാറ്റ്‌ഫോമിനും ഐ.എസ്.ബി രൂപം നൽകും. സ്വന്തം നൂതന ബോധന സമ്പ്രദായങ്ങൾ മറ്റ് മാനേജ്‌മെന്റ് സ്ഥാപനങ്ങളിലെ അധ്യാപകരിലേക്ക് വ്യാപിപ്പിക്കുന്നതിനായി ദേശീയ അധ്യാപക ശാക്തീകരണ പദ്ധതിയും നടപ്പിലാക്കും. വിദ്യാഭ്യാസ മികവ് കൂടുതൽ വ്യക്തികളിലേക്ക് എത്തിക്കുക, വിജ്ഞാന വിനിമയം കാര്യക്ഷമമാക്കുക, രാജ്യത്തെ അക്കാദമിക് സമൂഹത്തിന് കരുത്തേകുക എന്നിവയാണ് ഈ സംരംഭങ്ങളുടെ ലക്ഷ്യമെന്ന് ഐ.എസ്.ബി ഡീൻ പ്രൊഫസർ മദൻ പില്ലുട്‌‌ല വ്യക്തമാക്കി. 2001-ൽ പ്രവർത്തനം ആരംഭിച്ച ഐ.എസ്.ബിക്ക് നിലവിൽ 65-ലധികം രാജ്യങ്ങളിലായി 20,000-ത്തിലേറെ പൂർവ്വ വിദ്യാർത്ഥികളുണ്ട്.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു