കൊച്ചി : ലഹരിക്കെതിരായ പോരാട്ടം കൂടുതൽ ശാസ്ത്രീയവും സമഗ്രവുമാക്കുന്നതിന്റെ ഭാഗമായി കേരള പൊലീസ് ഉദ്യോഗസ്ഥർക്കായി അമൃത ആശുപത്രിയിൽ ‘ഓപ്പറേഷൻ തൂഫാൻ’ രണ്ടാം ഘട്ട പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിച്ചു. സംസ്ഥാനത്തെ 473 പൊലീസ് സ്റ്റേഷനുകളിൽ നിന്നായി 650-ഓളം പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുത്ത പരിശീലനം കേരള ആഭ്യന്തര – വിജിലൻസ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. മാതാ അമൃതാനന്ദമയി മഠം വൈസ് ചെയർമാൻ സ്വാമി അമൃതസ്വരൂപാനന്ദപുരി, സംസ്ഥാന പോലീസ് മേധാവി രവാഡ എ. ചന്ദ്രശേഖർ ഐ.പി.എസ്. എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.
കേരളത്തിലെ സാമൂഹിക ജീവിതം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ലഹരി ഉപയോഗമെന്നും ഇതിനെതിരെ പൊലീസും സർക്കാരും നടത്തുന്ന പോരാട്ടങ്ങൾ തുടരുമെന്നും മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. സർക്കാരിനും പൊലീസിനുമൊപ്പം സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളും 35-ഓളം സ്വകാര്യ ആശുപത്രികളും പദ്ധതിയുമായി സഹകരിക്കുന്നുണ്ടെന്നും, ഇതിൽ ഏറ്റവും ആദ്യം പങ്കാളിയായത് അമൃത ആശുപത്രിയാണെന്നും അദ്ദേഹം വ്യക്തമാക്കി. ലഹരി മാഫിയകൾ കുട്ടികളിലേക്ക് എത്തുന്നതിന് മുമ്പ് ഓരോ പൊലീസ് ഉദ്യോഗസ്ഥനും കൊടുങ്കാറ്റായി മാറി പ്രതിരോധം സൃഷ്ടിക്കണമെന്ന് സ്വാമി അമൃതസ്വരൂപാനന്ദപുരി ആഹ്വാനം ചെയ്തു.
ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കേസ്സുകളിൽ നിയമനടപടികൾക്കൊപ്പം കൃത്യമായ വൈദഗ്ധ്യത്തോടെയുള്ള ചികിൽസയും പുനരധിവാസവും ഉറപ്പാക്കുന്നതിനാണ് പരിശീലനത്തിലൂടെ പ്രാധാന്യം നൽകിയത്. അമൃത ടെക്നോളജീസ് വികസിപ്പിച്ച ‘തൂഫാൻ വൺ’ സോഫ്റ്റ്വെയർ, സ്കൂൾ തലത്തിലെ പരാതി പരിഹാരത്തിനുള്ള ‘കുട്ടിപ്പെട്ടി’, ‘പോലീസ് ബ്രോ’, വനവാസി മേഖലകളിലെ ലഹരി നിർമ്മാർജ്ജനത്തിനായുള്ള ‘തൂഫാൻ-തമ്പി’, ‘തൂഫാൻ കെയർ’ ടെലിമെഡിസിൻ പുനരധിവാസ ശൃംഖല എന്നിവ ചടങ്ങിൽ പരിചയപ്പെടുത്തി. എ.ഡി.ജി.പി. പി. വിജയൻ ഐ.പി.എസ്., എറണാകുളം എം.എൽ.എ. ടി. ജെ. വിനോദ്, കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എസ്. കാളിരാജ് മഹേഷ് കുമാർ ഐ.പി.എസ്., പുട്ട വിമലാദിത്യ ഐ.പി.എസ്., അമൃത ഹോസ്പിറ്റൽസ് ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

