കൊച്ചി : രാജ്യത്തെ പ്രമുഖ നഗരങ്ങളിൽ നടത്തിയ പോഷകാഹാര സർവേയിൽ പ്രോട്ടീന്റെയും ഫൈബറിന്റെയും ഉപഭോഗത്തിൽ ഏറ്റവും കുറവ് കൊച്ചിയിൽ കണ്ടെത്തി. പെപ്സികോ ഇന്ത്യ, യൂറോമോണിറ്റർ ഇന്റർനാഷണൽ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ് റിസർച്ച് (IIMR) എന്നിവർ സംയുക്തമായി നടപ്പാക്കിയ ‘ദി സ്റ്റേറ്റ് ഓഫ് പ്രോട്ടീൻ & ഫൈബർ ഇൻ അർബൻ ഇന്ത്യ’ എന്ന പഠന റിപ്പോർട്ടിലാണ് ആശങ്കാജനകമായ ഈ വിവരങ്ങളുള്ളത്. ഡൽഹി, മുംബൈ, ബെംഗളൂരു, കൊൽക്കത്ത, കൊച്ചി എന്നീ അഞ്ച് മെട്രോ നഗരങ്ങളെ കേന്ദ്രീകരിച്ചാണ് സർവേ സംഘടിപ്പിച്ചത്. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ (CII) പിന്തുണയോടെ സംഘടിപ്പിച്ച പോഷകാഹാര സമ്മേളനത്തിലാണ് റിപ്പോർട്ട് ഔദ്യോഗികമായി പുറത്തുവിട്ടത്.
കൊച്ചിയിലെ 73 ശതമാനം ആളുകളും പ്രതിദിനം 41 ഗ്രാമിൽ താഴെ മാത്രം പ്രോട്ടീൻ കഴിക്കുന്നവരാണെന്നും 64 ശതമാനം പേർക്ക് ആവശ്യമായ ഫൈബർ ലഭിക്കുന്നില്ലെന്നും സർവേ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഉയർന്ന വില, തനത് ഭക്ഷണരീതിയിലെ മാറ്റങ്ങൾ, പോഷകസമ്പുഷ്ടമായ ഭക്ഷണങ്ങളുടെ ലഭ്യതക്കുറവ് എന്നിവയാണ് ഈ കുറവിന് പ്രധാന കാരണങ്ങളായി വിലയിരുത്തപ്പെടുന്നത്. ദൈനംദിന ഭക്ഷണത്തിൽ പ്രോട്ടീനും ഫൈബറും ഉറപ്പാക്കാൻ നഗരവാസികൾക്കിടയിൽ കൃത്യമായ ബോധവൽക്കരണം ആവശ്യമാണെന്നും, ഈ പോഷകക്കുറവ് പരിഹരിക്കാൻ സർക്കാരും ഭക്ഷ്യമേഖലയിലെ പ്രമുഖരും ചേർന്ന് സഹകരിച്ച് പ്രവർത്തിക്കണമെന്നും ചടങ്ങിൽ പങ്കെടുത്ത ആരോഗ്യ വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു.

