‘ബ്രാന്‍ഡ് വയനാട്’ പദ്ധതിക്ക് തുടക്കം

കല്‍പ്പറ്റ : സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടികളുടെ ഭാഗമായി ആവിഷ്‌കരിച്ച ‘ബ്രാന്‍ഡ് വയനാട്’ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനവും കര്‍ട്ടന്‍ റൈസര്‍ പരിപാടിയും 2026 ഒക്ടോബര്‍ 6-ന് വൈത്തിരി വില്ലേജ് റിസോര്‍ട്ടില്‍. പ്രകൃതിദുരന്തങ്ങള്‍ക്ക് ശേഷമുള്ള വയനാടിന്റെ സാമ്പത്തിക വീണ്ടെടുപ്പും പ്രദേശവാസികളുടെ ഉപജീവന സുരക്ഷയും ഉറപ്പാക്കാന്‍ സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച ഈ പദ്ധതി, വയനാടിന്റെ പ്രകൃതി, കൃഷി, ഗോത്രപൈതൃകം എന്നിവയെ ലോകോത്തര ടൂറിസം ബ്രാന്‍ഡായി മാറ്റാനാണ് ലക്ഷ്യമിടുന്നത്. കൃഷി മന്ത്രി ടി. സിദ്ദിഖ് അധ്യക്ഷനായ ചടങ്ങില്‍ ടൂറിസം, സാംസ്‌കാരിക, സിനിമ വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം നിര്‍വഹിക്കും. എം.എല്‍.എമാരായ ഐ.സി. ബാലകൃഷ്ണന്‍, ഉഷ വിജയന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, കേരള ടൂറിസം ഡയറക്ടര്‍ എം. അഞ്ജന, ജില്ലാ കളക്ടര്‍ ചെല്‍സ സിനി, സുബി കളക്ടര്‍ അതുല്‍ സാഗര്‍ തുടങ്ങി സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.

ഭൗമസൂചികാ പദവിയുള്ള ‘വയനാട് റോബസ്റ്റ കാപ്പി’യെ ‘ഫാം ടു കപ്പ്’ മാതൃകയില്‍ അന്താരാഷ്ട്ര തലത്തില്‍ പ്രീമിയം ബ്രാന്‍ഡായി ഉയര്‍ത്തുന്നതിനൊപ്പം വയനാടന്‍ സുഗന്ധവ്യഞ്ജനങ്ങള്‍, തനത് നെല്ലിനങ്ങള്‍, ഗോത്രഭക്ഷണങ്ങള്‍ എന്നിവയ്ക്ക് പദ്ധതി ആഗോള വിപണി ഉറപ്പാക്കും. ഗോത്രപൈതൃക സംരക്ഷണത്തിനായി ‘എന്‍ ഊര്’ പൈതൃക ഗ്രാമം വിപുലീകരിക്കുന്നതിനൊപ്പം 50 കോടി രൂപ ചെലവില്‍ ട്രൈബല്‍ സര്‍വകലാശാലയും പൈതൃക വിജ്ഞാന മേഖലയും സ്ഥാപിക്കും. ഇതോടൊപ്പം കോര്‍പ്പറേറ്റ് പങ്കാളിത്തം ഉറപ്പാക്കുന്ന ‘വയനാട് സി.എസ്.ആര്‍ എക്‌സ്‌ചേഞ്ച്’ (ഭൂമി പോര്‍ട്ടല്‍), ഇ-മാലിന്യ മുക്ത ഡ്രൈവ്, ഉത്തരവാദിത്ത ഹോംസ്റ്റേ നവീകരണം എന്നിവയും നടപ്പിലാക്കും. ചടങ്ങിന്റെ ഭാഗമായി എം.എസ്. സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ ബയോഡൈവേഴ്‌സിറ്റി ലീഡ് സനീഷ് സി.എസ്, സാഹിത്യ അക്കാദമി പ്രസിഡന്റ് കല്‍പ്പറ്റ നാരായണന്‍, ഉറവ് പ്രതിനിധി ടി. ശിവരാജ് എന്നിവര്‍ വിദഗ്ദ്ധ പ്രഭാഷണങ്ങള്‍ നടത്തും. ‘്‌സ്പീരിയന്‍സ് വയനാട്’ എന്ന ആശയം വഴി ടൂറിസത്തിന്റെ സാമ്പത്തിക നേട്ടങ്ങള്‍ പ്രാദേശിക യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും ആദിവാസി സമൂഹങ്ങള്‍ക്കും നേരിട്ട് എത്തിക്കുകയാണ് ലക്ഷ്യം.

 

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു