കൊച്ചി: സ്കൂൾ വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിനും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി കേരള പോലീസും അമൃത വിശ്വവിദ്യാപീഠവും സംയുക്തമായി ‘കുട്ടിപ്പെട്ടി’, ‘പോലീസ്-ബ്രോ’ എന്നീ പദ്ധതികൾ അവതരിപ്പിച്ചു. കൊച്ചി അമൃത ആശുപത്രിയിൽ നടന്ന ‘ഓപ്പറേഷൻ തൂഫാൻ’ പരിശീലന പരിപാടിയിൽ അമൃത സ്കൂൾ ഓഫ് മെഡിസിൻ പ്രിൻസിപ്പൽ ഡോ. കെ.പി. ഗിരീഷ് കുമാർ, സംസ്ഥാന പോലീസ് മേധാവി രവാഡ എ. ചന്ദ്രശേഖർ ഐ.പി.എസ്.-ന് ‘കുട്ടിപ്പെട്ടി’ കൈമാറിക്കൊണ്ട് ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. സംസ്ഥാനത്തെ പ്രൈമറി തലം മുതൽ പന്ത്രണ്ടാം തരം വരെയുള്ള എല്ലാ വിദ്യാലയങ്ങളിലും കേരള പോലീസിന്റെ മേൽനോട്ടത്തിലും അമൃത വിദഗ്ധരുടെ സഹായത്തോടെയും ഈ പെട്ടികൾ സ്ഥാപിക്കും.
കുട്ടികൾക്ക് തങ്ങളുടെ പരാതികൾ കുട്ടിപ്പെട്ടിയിൽ എഴുതി നിക്ഷേപിക്കുകയോ, പെട്ടിയിൽ രേഖപ്പെടുത്തിയിട്ടുള്ള ‘പോലീസ്-ബ്രോ’ എന്ന ഹെൽപ്പ് ലൈൻ നമ്പറിലേക്ക് വിളിച്ചോ ക്യു.ആർ കോഡ് (QR Code) വഴിയോ പരാതികൾ അറിയിക്കാവുന്നതാണ്. മയക്കുമരുന്ന് വിതരണവും ഉപയോഗവും സംബന്ധിച്ച വിവരങ്ങൾക്ക് പുറമെ, ലഹരി ഉപയോഗിക്കുന്ന കുടുംബാംഗങ്ങൾ കാരണം നേരിടുന്ന ബുദ്ധിമുട്ടുകൾ, ലഹരി-ശരീര പീഡനങ്ങൾ, പരിസ്ഥിതി ശുചിത്വ പ്രശ്നങ്ങൾ എന്നിവയും വിദ്യാർത്ഥികൾക്ക് ഇതിലൂടെ രഹസ്യമായി അറിയിക്കാം. ആഴ്ചയിലൊരിക്കൽ പ്രാദേശിക പോലീസും, 15 ദിവസത്തിലൊരിക്കൽ ജില്ലാ പോലീസ് മേധാവികളും പരാതികൾ പരിശോധിക്കും. അടിയന്തിര ഘട്ടങ്ങളിൽ സംസ്ഥാന പോലീസ് മേധാവി (DGP) നേരിട്ട് ഇടപെട്ട് പരാതികളിൽ പരിഹാരം കാണും.

