കൊച്ചി: ഇന്ത്യയിലെ മുന്‍നിര ഉപഭോക്തൃ ഇലക്ട്രിക്കല്‍ കമ്പനിയായ ക്രോംപ്ടണ്‍ ഗ്രീവ്സ് കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍സ് ലിമിറ്റഡ് തങ്ങളുടെ പുതിയ മാസ്റ്റര്‍ ബ്രാന്‍ഡ് ഐഡന്റിറ്റി അനാച്ഛാദനം ചെയ്തു. നൂതനാശയങ്ങളും പ്രീമിയംവല്ക്കരണവും ലക്ഷ്യമിട്ടുള്ള കമ്പനിയുടെ തന്ത്രപരമായ പരിവര്‍ത്തനമായ ‘ക്രോംപ്ടണ്‍ 2.0’-ന്റെ ഭാഗമായാണ് ഈ മാറ്റം. പുതിയ വിഷ്വല്‍ ഐഡന്റിറ്റിയുടെ ഭാഗമായി ‘സാഫയര്‍’ എന്ന പുതിയ ചിഹ്നവും, ‘അത്ഭുതകരം, എല്ലാ ദിവസവും’ എന്ന പുതിയ ടാഗ്ലൈനും, ഒപ്പം ഒരു വ്യതിരിക്തമായ സോണിക് (ഓഡിയോ) ഐഡന്റിറ്റിയും കമ്പനി അവതരിപ്പിച്ചു.
ഉപഭോക്താക്കളുടെ മാറുന്ന ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി ബ്രാന്‍ഡഡ് പ്ലാറ്റ്ഫോമുകള് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ‘എനര്‍ജിയന്‍’ വിപുലീകരിക്കുകയും ‘ക്രോംപ്ടണ്‍ റിയോണ്‍’ എന്ന സൂപ്പര്‍-പ്രീമിയം ബ്രാന്‍ഡ് പുതുതായി പുറത്തിറക്കുകയും ചെയ്തു. സംയോജിത എനര്‍ജി ആവാസവ്യവസ്ഥയെ ലക്ഷ്യമിട്ടുള്ളതാണ് എനര്‍ജിയന്‍ പ്ലാറ്റ്ഫോം. ഉയര്‍ന്ന നിലവാരമുള്ള ആധുനിക ജീവിതം ആഗ്രഹിക്കുന്നവര്‍ക്കായി നൂതന സാങ്കേതികവിദ്യയും ഗംഭീര രൂപകല്‍പ്പനയും സമന്വയിപ്പിച്ചാണ് റിയോണ്‍ അവതരിപ്പിച്ചിരിക്കുന്നത്.
‘പ്രൊവസ് ഇന്‍സൈഡ്, പോയ്സ് ഔട്ട്സൈഡ്’ എന്ന തത്ത്വചിന്തയില്‍ അധിഷ്ഠിതമായ ക്രോംപ്ടണ്‍ റിയോണിന്റെ ആദ്യ ഉല്‍പ്പന്നമായി ‘റിയോണ്‍ വാട്ടര്‍ ബയോഫയര്‍’ വാട്ടര്‍ പ്യൂരിഫയര്‍ വിപണിയിലെത്തിച്ചു. ഏകദേശം 5,565 കോടി രൂപ മൂല്യമുള്ളതും ഗാര്‍ഹിക വ്യാപനം 6% മാത്രമുള്ളതുമായ ഇന്ത്യന്‍ ഇലക്ട്രിക് വാട്ടര്‍ പ്യൂരിഫയര്‍ വിപണിയിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
85 വര്‍ഷത്തിലേറെയുള്ള വിശ്വാസ്യത നിലനിര്‍ത്തിക്കൊണ്ടുതന്നെ ഉപഭോക്താക്കളുടെ ജീവിതം കൂടുതല്‍ ലളിതമാക്കാനും ദീര്‍ഘകാല മൂല്യം സൃഷ്ടിക്കാനുമാണ് ഈ മാറ്റങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് ക്രോംപ്ടണ്‍ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പ്രമീത് ഘോഷ് വ്യക്തമാക്കി. വരുംദിവസങ്ങളില്‍ പാക്കേജിംഗ്, ഉല്‍പ്പന്നങ്ങള്‍, റീട്ടെയില്‍, ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള് എന്നിവയിലുടനീളം പുതിയ ബ്രാന്‍ഡ് ഐഡന്റിറ്റി നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

