സംസ്ഥാനത്തെ മുഴുവന്‍ ആശുപത്രികളിലും ജെറിയാട്രിക് ഓങ്കോളജി വിഭാഗം ആരംഭിക്കണം

എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് സംഘടിപ്പിച്ച ആഗോള കാന്‍സര്‍ സമ്മേളനം  സമാപിച്ചു
കൊച്ചി: കേരളത്തില്‍ പ്രായമായവരില്‍ കാന്‍സര്‍ രോഗം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മുതിര്‍ന്നവര്‍ക്ക് മാത്രമായി മുഴുവന്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലും അടിയന്തരമായി ജെറിയാട്രിക് ഓങ്കോളജി ഡിപ്പാര്‍ട്ട് മെന്റ് ആരംഭിക്കണമെന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ രണ്ടു ദിവസമായി നടന്നുവന്ന ആഗോള കാന്‍സര്‍ രോഗ വിദഗ്ദരുടെ സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍  കാന്‍സര്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംസ്ഥാനമായി കേരളം മാറിക്കൊണ്ടിരിക്കുകയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ കാന്‍സര്‍ ചികില്‍സ സംവിധാനം  വിദേശനിലവാരത്തിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. കാന്‍സര്‍ ചികില്‍സ ഏകീകരിക്കേണ്ടത് അനിവാര്യമായിരിക്കുകയാണ്. നഗര, ഗ്രാമപ്രദേശങ്ങള്‍ എന്ന വ്യത്യസമില്ലാതെ കാന്‍സര്‍ ബാധിതരായവര്‍ക്ക് ഒരേ പോലെ ചികില്‍സ ലഭ്യമാക്കണമെന്നും സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

കേരളത്തില്‍ കാന്‍സര്‍ ചികില്‍സാ രംഗം കൂടുതല്‍ ഫലപ്രദമായി മാറ്റുന്നതിനായി സമ്മേളനത്തില്‍  ഉരുത്തിരിഞ്ഞുവന്ന അഭിപ്രായങ്ങളും ആശയങ്ങളും ക്രോഡീകരിച്ച് റിപ്പോര്‍ട്ടാക്കി സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് മെഡിക്കല്‍ ട്രസ്റ്റ് മാനേജിംഗ് ഡയറക്ടര്‍ ഡോ. പി.വി ലൂയിസ് പറഞ്ഞു. കാന്‍സര്‍ ചികില്‍സാ രംഗത്തെ ലോകോത്തര വിദഗ്ധരായ മയോ ക്ലിനിക്, ക്ലേവ് ലാന്റ് ക്ലിനിക്,  നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസ് യു.കെ എന്നിവടങ്ങളില്‍ നിന്നുള്‍പ്പെടെ മിഡില്‍ ഈസ്റ്റ്, ഒമാന്‍,  യുഎഇ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നായി 150 ഓളം കാന്‍സര്‍ ചികില്‍സാ വിദഗ്ധരും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 200 ഓളം പ്രതിനിധികളും ക്രൗണ്‍ പ്ലാസയില്‍ രണ്ടു ദിവസമായി നടന്ന സമ്മേളനത്തില്‍ പങ്കെടുത്തു. ട്രാന്‍സ്പ്ലാന്റ് ഓങ്കോളജി എന്ന പ്രത്യേക സെക്ഷനും  സമ്മേളനത്തില്‍ ഉണ്ടായിരുന്നു. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ കാന്‍സര്‍ ചികില്‍സയിലെ  വിവിധ  മേഖലകള്‍ സംബന്ധിച്ച് വിദഗ്ദര്‍ നയിച്ച സെമിനാറുകള്‍, മാധ്യമ പ്രവര്‍ത്തകന്‍ ജോണി ലൂക്കോസ്, ഹൈബി ഈ ഡന്‍ എം.പി, ചലച്ചിത്രതാരം അമല പോള്‍, മലബാര്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ.സതീശന്‍ ബാലസുബ്രമഹ്ണ്യന്‍,  തിരുവനന്തപുരം റീജ്യണല്‍ കാന്‍സര്‍ സെന്റര്‍  ഡയറക്ടര്‍ ഡോ. രജനിഷ് കുമാര്‍, കോഴിക്കോട് എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ മെഡിക്കല്‍ ഡയറക്ടര്‍  ഡോ. നാരായണന്‍ കുട്ടി വാര്യര്‍, മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ കാന്‍സര്‍ രോഗ വിദഗ്ദന്‍ ഡോ. വരുണ്‍ രാജന്‍ എന്നിവര്‍ പങ്കെടുത്ത പ്രത്യേക  സംവാദവും നടന്നു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു