ആഗോള കാന്‍സര്‍ സമ്മേളനത്തിന് തുടക്കമായി

എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ആഗോള കാന്‍സര്‍ രോഗ വിദഗ്ദരുടെ സമ്മേളനം കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു. ഡോ. പി.വി തോമസ്, ഡോ. ജെയിം അബ്രാഹം, ഡോ.പി. വി ലൂയിസ്, ഡോ. വരുണ്‍ രാജന്‍, ഡോ. ശ്യാം വിക്രം തുടങ്ങിയവര്‍ സമീപം

ഡോക്ടര്‍മാര്‍ സമൂഹത്തിന്റെ ആരോഗ്യ സംരക്ഷകര്‍: ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍

കൊച്ചി:  വര്‍ധിച്ചു വരുന്ന കാന്‍സര്‍ രോഗത്തിനെതിരെ അവബോധം വളര്‍ത്തുന്നതിനും അത്യാധുനിക കാന്‍സര്‍ ചികില്‍സാരീതികള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ആഗോള കാന്‍സര്‍ രോഗ വിദഗ്ദരുടെ സമ്മേളനത്തിന് കൊച്ചിയില്‍ തുടക്കമായി. മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഡോ. പി. വി ലൂയിസിന്റെ അധ്യക്ഷതയില്‍ എറണാകുളം ക്രൗണ്‍പ്ലാസയില്‍ ചേര്‍ന്ന സമ്മേളനം കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. രോഗീ കേന്ദ്രീകൃതമായ സമീപനമായിരിക്കണം തന്നെ സമീപിക്കുന്ന രോഗികളോട് ഡോക്ടര്‍മാര്‍ സ്വീകരിക്കേണ്ടതെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. രോഗികള്‍ ദൈവത്തെ പോലെയാണ് ഡോക്ടര്‍മാരെ കാണുന്നത്. ഡോക്ടര്‍മാര്‍ സമൂഹത്തിന്റെ ആരോഗ്യ സംരക്ഷകരാണ്. എല്ലാവരുടെയും ജീവന്‍ ഒരു പോലെയാണ്. നീതി പൂര്‍വ്വമായ ചികില്‍സ രോഗികളുടെ അവകാശമാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. അമേരിക്കയിലെ ക്ലെവ്‌ലാന്റ് ക്ലിനിക്കിലെ കാന്‍സര്‍ രോഗ വിദഗ്ധന്‍ ഡോ. ജെയിം അബ്രാഹം മുഖ്യപ്രഭാഷണം നടത്തി.

മെഡിക്കല്‍ ട്രസ്റ്റ് മെഡിക്കല്‍ ആന്റ് കൊമേഴ്‌സ്യല്‍ ഡയറക്ടര്‍ ഡോ. പി.വി തോമസ്, ഡോ. ശ്യാം വിക്രം, ഡോ. വരുണ്‍ രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കാന്‍സറിനെതിരെ ആധുനിക ചികില്‍സാ രംഗം നേരിടുന്ന വെല്ലുവിളികളെ മറികടക്കല്‍ എന്ന പ്രമേയത്തെ ആസ്പദമാക്കി വിദഗ്ധ ഡോക്ടര്‍മാര്‍ പങ്കെടുത്ത സെമിനാറോടെയാണ് രണ്ടു ദിവസമായി നടക്കുന്ന സമ്മേളനത്തിന് തുടക്കമായത്. തുടര്‍ന്ന് ക്രോസ് റോഡ്‌സ് എന്ന പേരില്‍ മാധ്യമ പ്രവര്‍ത്തകന്‍ ജോണി ലൂക്കോസ്, ഹൈബി ഈഡന്‍ എം.പി, ചലച്ചിത്രതാരം അമല പോള്‍, മലബാര്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ.സതീശന്‍ ബാലസുബ്രമഹ്ണ്യന്‍, തിരുവനന്തപുരം റീജ്യണല്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. രജനിഷ് കുമാര്‍, കോഴിക്കോട് എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. നാരായണന്‍ കുട്ടി വാര്യര്‍, മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ കാന്‍സര്‍ രോഗ വിദഗ്ദന്‍ ഡോ. വരുണ്‍ രാജന്‍ എന്നിവര്‍ പങ്കെടുത്ത സംവാദവും നടന്നു. കാന്‍സര്‍ ചികില്‍സയില്‍ ലോകോത്തര വിദഗ്ധരായ മയോ ക്ലിനിക്, ക്ലേവ് ലാന്റ് ക്ലിനിക്, നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസ് യു.കെ എന്നിവടങ്ങളില്‍ നിന്നുള്‍പ്പെടെ മിഡില്‍ ഈസ്റ്റ്, ഒമാന്‍, യുഎഇ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നായി 150 ഓളം കാന്‍സര്‍ ചികില്‍സാ വിദഗ്ധരും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 200 ഓളം പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

 

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു