കൊച്ചി: ഇന്ത്യയിലെ യുവതലമുറയ്ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) രംഗത്ത് പ്രായോഗിക പരിശീലനം നല്‍കുന്നതിനായി സാംസങ് ഇന്ത്യ തങ്ങളുടെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയായ ‘സാംസങ് ഇന്നൊവേഷന് ക്യാമ്പസ്’ 2026 പതിപ്പ് പ്രഖ്യാപിച്ചു. ഇലക്ട്രോണിക്സ് സെക്ടര്‍ സ്കില്‍സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ, ടെലികോം സെക്ടര്‍ സ്കില്‍ കൗണ്‍സില്‍ എന്നിവയുമായി സഹകരിച്ച് നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ 10 സംസ്ഥാനങ്ങളിലായി 20,000 യുവാക്കള്‍ക്കാണ് സൗജന്യ പരിശീലനം നല്‍കുന്നത്. സാങ്കേതിക വിദ്യയിലെ അത്യാധുനിക മാറ്റങ്ങള്‍ക്ക് അനുസൃതമായി ഭാവിയുടെ തൊഴില്‍സേനയെ സജ്ജമാക്കാനും ആഗോള എ.ഐ കേന്ദ്രമായി ഇന്ത്യയെ വളര്‍ത്താനുമാണ് ഇതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.
18-നും 25-നും ഇടയില്‍ പ്രായമുള്ള യുവാക്കള്‍ക്ക് പ്രായോഗിക എ.ഐ പരിശീലനം, പ്രോജക്ട് അടിസ്ഥാനമാക്കിയുള്ള പഠനം, വിദഗ്ധരുടെ മേല്‍നോട്ടം എന്നിവ ലഭ്യമാക്കുന്ന രീതിയിലാണ് ഈ പ്രോഗ്രാം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സാങ്കേതിക പഠനത്തിന് പുറമെ പ്രശ്നപരിഹാര ശേഷി, വിമര്‍ശനാത്മക ചിന്ത എന്നിവ വളര്‍ത്താനും ഇത് സഹായിക്കും. സാങ്സങ് ഇന്ത്യയില്‍ 30 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഈ വേളയില്‍, അടുത്ത തലമുറ എ.ഐ പ്രതിഭകളില്‍ നിക്ഷേപം നടത്തുന്നത് വഴി രാജ്യത്തിന്റെ വികസന യാത്രയില്‍ പങ്കാളികളാകുന്നതില്‍ അഭിമാനമുണ്ടെന്ന് സാംസങ് സൗത്ത് വെസ്റ്റ് ഏഷ്യ പ്രസിഡന്റും സി.ഇ.ഒയുമായ ജെബി പാര്‍ക്ക് വ്യക്തമാക്കി.
ഇതുവരെ 26,500-ലധികം യുവാക്കള്‍ക്ക് സാംസങ് ഇന്നൊവേഷന് ക്യാമ്പസിലൂടെ പരിശീലനം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ബാച്ചില്‍ 48 ശതമാനത്തോളം സ്ത്രീ പങ്കാളിത്തം ഉണ്ടായിരുന്നു എന്നത് ഈ പദ്ധതിയുടെ വൈവിധ്യത്തെയും വ്യാപകമായ സ്വീകാര്യതയെയും സൂചിപ്പിക്കുന്നു. ‘സോള്‍വ് ഫോര്‍ ടുമാറോ’, ‘സാംസങ് ദോസ്ത്’ തുടങ്ങിയ മറ്റ് നൈപുണ്യ വികസന സംരംഭങ്ങള്‍ക്കൊപ്പം, സാംസങ് ഇന്നൊവേഷന് ക്യാമ്പസിലൂടെ രാജ്യത്തെ ഡിജിറ്റല്‍ മേഖലയ്ക്ക് പുതിയ കരുത്ത് പകരണമാണ് സാംസങ് ലക്ഷ്യമിടുന്നതെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു

