ന്യൂഡല്‍ഹി: പ്രശസ്ത നര്‍ത്തകനും കൊറിയോഗ്രാഫറുമായ ശശിധരന്‍ നായര്‍ക്ക് 2024-ലെ ക്രിയേറ്റീവ് ആന്‍ഡ് എക്‌സ്‌പെരിമെന്റല്‍ ഡാന്‍സ് വിഭാഗത്തില്‍ സംഗീത നാടക അക്കാദമി പുരസ്‌കാരം ലഭിച്ചു. ന്യൂഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടന്ന പ്രത്യേക ചടങ്ങില്‍ ഇന്ത്യന്‍ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുര്‍മു അദ്ദേഹത്തിന് പുരസ്‌കാരം സമ്മാനിച്ചു. ഇന്ത്യന്‍ നൃത്തം, കൊറിയോഗ്രഫി, സാംസ്‌കാരിക ആവിഷ്‌കാരം എന്നീ മേഖലകളില്‍ ആറ് പതിറ്റാണ്ടായി അദ്ദേഹം നല്‍കിയ സമഗ്ര സംഭാവനകള്‍ക്കുള്ള അംഗീകാരമാണിത്.
കഥകളി, മയൂര്‍ഭഞ്ജ് ഛൗ, ഉദയശങ്കറിന്റെ ക്രിയേറ്റീവ് ഡാന്‍സ് പാരമ്പര്യം, കളരിപ്പയറ്റ് എന്നിവയില്‍ വിപുലമായ പരിശീലനം നേടിയിട്ടുള്ള ശശിധരന്‍ നായര്‍, നാലു പതിറ്റാണ്ടിലേറെയായി ശ്രീറാം ഭാരതീയ കലാ കേന്ദ്രയുമായി ചേര്‍ന്ന് നിരവധി ശ്രദ്ധേയമായ കലാസൃഷ്ടികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. ദസറ ആഘോഷങ്ങളുടെ ഭാഗമായി അവതരിപ്പിക്കുന്ന ‘സമ്പൂര്‍ണ രാമായണം’ ഉള്‍പ്പെടെയുള്ള മെഗാ പ്രൊഡക്ഷനുകളുടെ കൊറിയോഗ്രാഫിയും സംവിധാനവും നിര്‍വഹിച്ചത് അദ്ദേഹമാണ്.
ആറ് പതിറ്റാണ്ടിലെ നൃത്തജീവിതം തന്റെ പഠനത്തിന്റെയും അന്വേഷണത്തിന്റെയും യാത്രയാണെന്ന് പുരസ്‌കാര സ്വീകരണ വേളയില്‍ അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ പ്രമുഖ ഗുരുക്കന്മാരില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും പഠിക്കാന്‍ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്നും, ഇന്ത്യന്‍ നൃത്തത്തിന് തുടര്‍ന്നും സംഭാവനകള്‍ നല്‍കാനും പുതിയ തലമുറയെ കലാരംഗത്തേക്ക് പ്രചോദിപ്പിക്കാനും താന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാംസ്‌കാരിക മന്ത്രാലയത്തിന്റെയും യുവജനകാര്യ-കായിക മന്ത്രാലയത്തിന്റെയും വിദഗ്ധ സമിതികളില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള ശശിധരന്‍ നായര്‍, തന്റെ കൊറിയോഗ്രാഫിയിലൂടെയും അധ്യാപനത്തിലൂടെയും ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന നൃത്തരൂപങ്ങളുടെ സംരക്ഷണത്തിനും പരിണാമത്തിനും വിലപ്പെട്ട സംഭാവനകളാണ് നല്‍കിക്കൊണ്ടിരിക്കുന്നത്.

