കൊച്ചി: ഐസിഎൽ ഫിൻകോർപിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ നടക്കുന്ന ഓണാഘോഷത്തിന് (ഒന്നിച്ചോണം പൊന്നോണം 2026) വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. സംസ്ഥാനതലത്തിൽ ശ്രദ്ധയാകർഷിക്കുന്ന തരത്തിലുള്ള പരിപാടികളാണ് ആസൂത്രണം ചെയ്യുന്നതെന്നു സംഘാടക സമിതി യോഗത്തിൽ അധ്യക്ഷത വഹിച്ച ഐസിഎൽ ഫിൻകോർപ് ചെയർമാൻ അഡ്വ. കെ.ജി. അനിൽകുമാർ അറിയിച്ചു. പുലികളി, കുമ്മാട്ടി, തെയ്യം, തിറ, തിരുവാതിര, കഥകളി തുടങ്ങിയ കേരളീയ കലാരൂപങ്ങൾ അണിനിരത്തി വിപുലമായ ഘോഷയാത്ര ഒരുക്കും. ഗിന്നസ് വേൾഡ് റിക്കാർഡ് കരസ്ഥമാക്കുന്നതിനുള്ള സാധ്യതകളും പരിശോധിക്കുന്നുണ്ട്. സ്കൂളുകൾ, കോളജുകൾ എന്നിവ കേന്ദ്രീകരിച്ച് മത്സരങ്ങളും സംഘടിപ്പിക്കും.
എംഎൽഎമാരായ അഡ്വ. തോമസ് ഉണ്ണിയാടൻ, സനീഷ് കുമാർ ജോസഫ്, ഇരിങ്ങാലക്കുട നഗരസഭാ ചെയർമാൻ എം.പി. ജാക്സൺ, തൃശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.കെ. സുധീഷ് എന്നിവർ യോഗത്തിൽ പങ്കെടുത്തു. എം.പി. ജാക്സൺ ചെയർമാനായി 2000 ൽ പരം പേരുള്ള സംഘാടക സമിതിക്കാണു രൂപം നൽകിയത്.

